നേരിട്ടുള്ള വിദേശനിക്ഷേപം എക്കാലത്തെയും മികച്ച രീതിയിലെത്തിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മേക്ക് ഇൻ ഇന്ത്യ' വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് റേറ്റിങ് ഏജൻസിയായ മൂഡി. 2004-നുശേഷം ആദ്യമായി നേരിട്ടുള്ള വിദേശ നിക്ഷേപം കറന്റ് അക്കൗണ്ട് കമ്മിയെക്കാൾ മുകളിലെത്തി.

ഇന്ത്യയിൽ നിക്ഷേപിക്കാൻ വീണ്ടും നിക്ഷേപകർക്ക് താത്പര്യം ജനിപ്പിക്കുന്നതിൽ സർക്കാർ വൻ വിജയമാണ് കൈവരിച്ചതെന്ന് മൂഡിയുടെ റേറ്റിങ്ങിൽ പറയുന്നു. സാമ്പത്തിക വളർച്ചയുടെ പാതയിലാണ് ഇന്ത്യ വീണ്ടും. വിദേശ നിക്ഷേപത്തിന്റെ പരിധികളിൽ അയവുവരുത്തിയതും മേക്ക് ഇൻ ഇന്ത്യ പോലുള്ള ആകർഷകമായ പദ്ധതികൾ ആവിഷ്‌കരിച്ചതുമാണ് എഫ്.ഡി.ഐ ഇത്രത്തോളം വർധിക്കാൻ ഇടയാക്കിയത്.

2016 ജനുവരിയിലെ കണക്കനുസരിച്ച് ഒരുവർഷക്കാലയളവിൽ ഇന്ത്യയിലെത്തിയ എഫ്ഡിഐ മൂന്ന് ബില്യൺ ഡോളറാണ്. കറണ്ട് അക്കൗണ്ട് കമ്മിയെ മറികടക്കാൻ പര്യാപ്തമായ വിദേശ നിക്ഷേപമാണ് ഇക്കാലയളവിൽ ഉണ്ടായത്.

പശ്ചിമേഷ്യയിലുണ്ടായ സംഘർഷമാണ് ഇക്കാലയളവിനിടെ ഇന്ത്യയെ പ്രതികൂലമായി ബാധിച്ച ഘടകങ്ങളിലൊന്ന്. 2015 സെപ്റ്റംബർ മുതൽ ഡിസംബർവരെയുള്ള കാലയളവിൽ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിൽ 30 ശതമാനത്തോളം ഇടിവുണ്ടായി. എന്നാൽ, എഫ്ഡിഐയുടെ വർധന ഈ പ്രതിസന്ധിയെയും മറികടക്കാൻ ഇന്ത്യയെ പ്രാപ്തമാക്കിയെന്ന് മൂഡി വ്യക്തമാക്കുന്നു.

നിർമ്മാണ മേഖലയിലാണ് കൂടുതൽ എഫ്ഡിഐയും എത്തുന്നത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയോടുള്ള ആവേശകരമായ പ്രതികരണത്തെയാണ് ഇത് സൂചിപ്പിക്കുന്ത്. സ്മാർട്ട് സിറ്റികളും മാനുഫാക്ചറിങ് സോണുകളും എഫ്ഡിഐയെ കുത്തനെ ഉയർത്തി. ഈ മേഖലയിൽനിന്നുള്ള മൊത്ത ആഭ്യന്തര ഉദ്പാദനം 2022-ഓടെ 25 ശതമാനം വർധിപ്പിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്.