ഹോങ് കോങ്: കോവിഡ് വ്യാപനം തീർത്ത പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോഴും ലോകജനത. ലോക്ക്ഡൗണും നിയന്ത്രണങ്ങളുമൊക്കെയായി ആദ്യം വൈറസ് വ്യാപനത്തെ ചെറുത്ത വിവിധ രാജ്യങ്ങൾ കോവിഡ് പ്രതിരോധ വാക്‌സിൻ എത്തിയതോടെ കൂടുതൽ പ്രതീക്ഷയിലാണ്. എന്നാൽ വാക്‌സിനുകൾ എല്ലാവരിലുമെത്താൻ ഇനിയുമേറെ സമയം എടുത്തേക്കാം.

കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധി ഉടനെയൊന്നും തീരുന്ന ലക്ഷണമില്ല, മറികടന്നാലും കോവിഡ് അവശേഷിപ്പിച്ച ആരോഗ്യ പ്രശ്‌നങ്ങൾ അപ്പോഴും ബാക്കിയാകും. ഇതിനേക്കാളൊക്കെ വലിയൊരു പ്രതിസന്ധി ലോക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങളാൽ ഒറ്റപ്പെട്ട് പോയ കുറെ ജീവിതങ്ങളാണ്. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം പുറത്തിറങ്ങാൻ വഴിയില്ലാതെ വീടിനുള്ളിൽ ഒറ്റപ്പെട്ടു പോയവർ.

സമൂഹത്തിൽ ഒറ്റപ്പെട്ട് പോയവർക്ക് ഏകാന്തതയെ മറികടക്കാൻ പുതിയ വഴിയൊരുക്കുകയാണ് ഹോങ് കോങിലെ റോബട്ട് നിർമ്മാണ കമ്പനിയായ ഹാൻസൺ റോബോട്ടിക്സ്. മനുഷ്യനോട് സാദൃശ്യമുള്ള മുഖവും അസാധാരണമായ നർമ്മബോധവും ഉള്ള സോഫിയ റോബോട്ടിനെ ഇവർക്കായി എത്തിച്ചുനൽകാനാണ് കമ്പനിയുടെ നീക്കം. ഹോങ്കോംഗ് കമ്പനിയായ ഹാൻസൺ റോബോട്ടിക്‌സ് സൃഷ്ടിച്ച ഹ്യൂമനോയിഡ് റോബട്ടിന് ചാറ്റുചെയ്യാനും പുഞ്ചിരിക്കാനും തമാശകൾ പറയാനും കഴിയും.

2016ൽ പുറത്തിറക്കിയ ആൻഡ്രോയിഡ് ഹ്യൂമനോയിഡ് റോബോട്ടായ സോഫിയ അടക്കം നാല് മോഡലുകൾ വൻതോതിൽ വിപണിയിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വർഷാവസാനത്തോടെ ആയിരക്കണക്കിന് ഹ്യൂമനോയിഡ് റോബോട്ടുകൾ വൻതോതിൽ നിർമ്മാണ ഘട്ടത്തിലാണ്.

ഒട്ടേറെ സവിശേഷതകളുള്ള ഹാൻസൺ റോബോട്ടുകളായ സോഫിയ ആർക്കും ചങ്ങാതിമാരാക്കാൻ എളുപ്പമാണെന്ന് ഹാൻസൺ റോബോട്ടിക്‌സിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ഡേവിഡ് ഹാൻസൺ പറയുന്നു. സാമൂഹികമായി ഒറ്റപ്പെട്ടവർക്ക് തുണയാകുവാൻ ഇവയ്ക്ക് സാധിക്കും. 2021 ൽ വലുതും ചെറുതുമായ ആയിരക്കണക്കിന് റോബോട്ടുകൾ വിൽക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഹാൻസൺ പറയുന്നു.

സാങ്കേതികവിദ്യ ഇപ്പോഴും ശൈശവാവസ്ഥയിലാണെങ്കിലും, മനുഷ്യരും റോബോട്ടുകളും തമ്മിലുള്ള ബന്ധത്തെ കരുത്തുറ്റതാക്കാൻ ഈ പകർച്ചവ്യാധിക്ക് കഴിഞ്ഞുവെന്ന് ഗവേഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പഠനങ്ങൾ വ്യക്തമാക്കുന്നുവെന്ന് പ്രൊഫസർ ജോഹാൻ ഹൂർൻ പറഞ്ഞു. ആരോഗ്യ സംരക്ഷണ മേഖലയ്ക്കായി വികസിപ്പിച്ചെടുത്ത ഗ്രേസ് എന്ന പേരിലുള്ള റോബോട്ട് ഈ വർഷം ഹാൻസൺ റോബോട്ടിക്‌സ് അവതരിപ്പിക്കുന്നുണ്ട്.

മാസ്‌ക് ധരിക്കാത്ത ആളുകളെ കണ്ടെത്തുന്നതിന് സോഫ്റ്റ്ബാങ്ക് റോബോട്ടിക്‌സിന്റെ പെപ്പർ റോബോട്ട് നേരത്തെ വിന്യസിക്കപ്പെട്ടിരുന്നു. ചൈനയിൽ, വുഹാനിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്ന സമയത്ത് റോബോട്ടിന്റെ സഹായം ഉപയോഗപ്പെടുത്തിയിരുന്നു.

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റോബോട്ടിക്‌സിന്റെ റിപ്പോർട്ട് അനുസരിച്ച്, പ്രൊഫഷണൽ-സർവീസ് റോബോട്ടുകളുടെ ലോകമെമ്പാടുമുള്ള വിൽപ്പന ഇതിനകം 32 ശതമാനം ഉയർന്ന് 11.2 ബില്യൺ ഡോളറിലെത്തിയിട്ടുണ്ട്. 2045 ഓടെ മനുഷ്യർ ലൈഫ് ലൈക്ക് റോബോട്ടുകളെ വിവാഹം കഴിക്കുമെന്ന് അഭിപ്രായപ്പെട്ട ഡോ. ഹാൻസൺ 2018 ൽ പ്രധാനവാർത്തകളിൽ ഇടം നേടിയിരുന്നു.

എൻട്രോയിങ് ദി ഏജ് ഓഫ് ലിവിങ് ഇന്റലിജന്റ് സിസ്റ്റംസ്, ആൻഡ്രോയിഡ് സൊസൈറ്റി എന്ന തലക്കെട്ടിലുള്ള തന്റെ പ്രബന്ധത്തിൽ, റോബോട്ടിക് വികസനം മനുഷ്യ സമൂഹത്തിന് ഒരു പുതിയ യുഗം പ്രദാനം ചെയ്യുമെന്നാണ് അദ്ദേഹം നിർദ്ദേശിച്ചിരുന്നു.

ആൻഡ്രോയിഡുകൾക്ക് വിവാഹം കഴിക്കാനും തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനും സ്വന്തമായി ഭൂമി സ്വന്തമാക്കാനും അവകാശമുണ്ട്. ആൻഡ്രോയിഡുകളെ രണ്ടാം ക്ലാസ് പൗരന്മാരായി മനുഷ്യർ ഒരു കാലത്തേക്ക് പരിഗണിക്കുമെന്നും ഡോ. ഹാൻസൺ പറയുന്നു.