കോഴിക്കോട്: മലബാർ ദേവസ്വത്തിന് കീഴിലെ സാധാരണ ജീവനക്കാർക്ക് അന്നന്ന് കഴിഞ്ഞു പോകാനുള്ള ശമ്പളം പോലും ലഭിക്കാത്ത അവസ്ഥയെന്ന് ആക്ഷേപം. എല്ലാമാസവും ഇപ്പോൾ മിക്ക ജീവനക്കാർക്കും യഥാക്രമം ശമ്പളം പോലും ലഭിക്കുന്നില്ല. മറ്റ് എല്ലാ ദേവസ്വത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കും കൃത്യമായി ശമ്പളം ലഭിക്കുമ്പോഴാണ് മലബാർ ദേവസ്വം കീഴിൽ ഈ അവസ്ഥ. ഇപ്പോഴും മദ്രാസി നിയമമാണ് ദേവസ്വത്തിനു കീഴിൽ തുടർന്നുകൊണ്ടിരിക്കുന്നത്. കാലങ്ങളായി എന്താണ് തുടർന്നത് അത് ഇപ്പോഴും മുറതെറ്റാതെ നടന്നുകൊണ്ടിരിക്കുന്നു എന്ന് മാത്രം.

1600 ഓളം ക്ഷേത്രങ്ങളാണ് മലബാർ ദേവസ്വത്തിനു കീഴിൽ വരുന്നത്. ഇതിൽ ആയിരത്തി നാനൂറോളം ക്ഷേത്രങ്ങളിലെ ജീവനക്കാർക്കാണ് ഈ ദുരവസ്ഥ. ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന വരുമാന അടിസ്ഥാനത്തിൽ മലബാർ ദേവസ്വം കീഴിൽ വരുന്ന ക്ഷേത്രങ്ങളെ അഞ്ചായി തരം തിരിച്ച് ശേഷമാണ് വേതനം ഇപ്പോൾ നൽകുന്നത്. സൂപ്പർ ഗ്രേഡ്, എ ഗ്രേഡ്, ബി ഗ്രേഡ്, സി ഗ്രേഡ്, ഡി ഗ്രേഡ് എന്നിങ്ങനെ അഞ്ച് വിഭാഗമായി തിരിച്ചാണ് ഇപ്പോഴും വേതനം നൽകി വരുന്നത്. എന്നാൽ മിക്ക ക്ഷേത്രങ്ങളിലും ഉള്ള എക്‌സിക്യൂട്ടീവ് ഓഫീസർമാർ മുതൽ മുകളിലൂടെ പോസ്റ്റുകൾ ഉള്ള ആളുകൾ കൃത്യമായി ശമ്പളം ലഭിക്കുന്നുമുണ്ട്. താഴെക്കിടയിൽ എത്തുമ്പോൾ ശമ്പളം പോയിട്ട് ഒന്നും കിട്ടാത്ത അവസ്ഥയുമാണ്.

സാധാരണ ഗതിയിൽ രോഗബാധിതർ ആയാൽ പോലും ഇവർക്ക് അവധി നൽകുന്നില്ല. ഒരു അവധി വേണമെങ്കിൽ പകരം ആളെ ഇവർ തന്നെ കണ്ടെത്തി അവധി എടുക്കുന്ന ദിവസം അവരെ കാര്യങ്ങൾ എൽപ്പിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. പകരം ആളെ കണ്ടെത്തി ആസ്ഥാനത്ത് ജോലിചെയ്യാൻ ഏൽപ്പിച്ചാൽ മാത്രമേ ഇവർക്ക് ഒരു ദിവസം പോലും അവധി ലഭിക്കുകയുള്ളൂ. സാധാരണഗതിയിൽ മിക്ക ജോലികൾക്കും ആഴ്ചയിൽ ഒരു അവധി എങ്കിലും ഉണ്ടെന്നിരിക്കെയാണ് ഇവർക്ക് അവധി പോലും നിഷേധിക്കപ്പെടുകയാണിവിടെ.

തൃശ്ശൂരിലെ കുറച്ചു ഭാഗങ്ങൾ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് എന്നീ ഭാഗങ്ങളിലെ ക്ഷേത്രങ്ങളാണ് മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്നത്. ഈ ദുരവസ്ഥ തൊഴിലാളികൾ അനുഭവിക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. 20 വർഷത്തിനു മുകളിലായി ഇവർ ഇത് അനുഭവിച്ചു വരുന്നു. ഇന്നും ഇവരുടെ ഗതിയിൽ യാതൊരു മാറ്റവുമില്ല.

ഈ ക്ഷേത്രങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ട് എട്ടായിരം ജീവനക്കാരും അവരുടെ കുടുംബങ്ങളും ആണ് കഴിഞ്ഞു വരുന്നത്. അന്നന്നുള്ള ജീവിതം പോലും മുന്നോട്ടു നയിക്കാൻ ഇതിൽ മിക്ക ആളുകളും കഷ്ടപ്പെടുകയാണ്. മറ്റൊരു ജോലിക്ക് പോവാൻ മിക്ക ആളുകൾക്കും അവസരമുണ്ടായിട്ടും കാലങ്ങളായി കുടുംബക്കാർ ചെയ്തു വരുന്ന തൊഴിൽ എന്ന രീതിയിലും ദൈവികമായ തൊഴിൽ എന്ന രീതിയിലാണ് മിക്ക ആളുകളും ഇന്നു ഈയൊരു തൊഴിൽ തുടർന്നു വരുന്നത്. കേരളത്തിൽ പല ഗവൺമെന്റ് കളും വന്നുവെങ്കിലും മലബാർ ദേവസ്വം ബോർഡിന് കീഴിൽ തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് മാത്രം ആർക്കും പരിഹാരം കാണാനായില്ല.

സർക്കാരിന്റെയും കോടതിയുടെയും ഇടപെടൽ

1994 ഇൽ ടൈംസ് ഓഫ് ഇന്ത്യയിൽ 'എക്‌സിക്യൂട്ടീവ് ഓഫീസർമാർക്ക് 2000 രൂപയും സാധാരണ ജീവനക്കാർക്ക് ആയിരം രൂപയും ശമ്പളം' എന്ന വാർത്ത കണ്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് മലബാർ ദേവസ്വത്തിലെ സാധാരണ തൊഴിലാളികൾക്ക് അനുകൂലമായി വിധി വന്നതാണ്. എന്നിട്ടും ഇവരുടെ ജീവിതംഒട്ടും മുന്നോട്ടേക്ക് നീങ്ങിയില്ല. അന്ന് ഇവർക്ക് കൃത്യമായ വേതനം നൽകണമെന്ന് കോടതി പറഞ്ഞിരുന്നുവെങ്കിലും പല സർക്കാറുകളും മാറി മാറി ഈ കാലയളവിൽ വന്നതെല്ലാതെ പ്രശ്‌നപരിഹാരം മാത്രം നടന്നില്ല.

2017ൽ പിണറായി സർക്കാറിൽ കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രി ആയിരിക്കെ ഒരു സ്‌പെഷ്യൽ റിപ്പോർട്ട് മലബാർ ദേവസ്വത്തിലെ തൊഴിലാളികളുടെ ഈ ശമ്പള പ്രശ്‌നങ്ങൾക്ക് അനുകൂലമായി വന്നുവെങ്കിലും പിന്നീടും കാര്യങ്ങളൊന്നും മുന്നോട്ടേക്ക് നീങ്ങിയില്ല. മാസശമ്പളം എന്നത് ഇവർക്ക് ഇപ്പോഴും ഒരു കിട്ടാക്കനിയാണ്. ഒരു വർഷം മുമ്പ് ഹൈക്കോടതി എല്ലാ മാസവും ഇവർക്ക് ആവശ്യമുള്ള വേതനം നൽകണമെന്ന് വിധി പറഞ്ഞു എങ്കിലും സർക്കാരിന്റെ കാര്യമായ ഇടപെടൽ ഒന്നും നടക്കാത്തത് കാരണം ഇതും എവിടെയുമെത്താതെ സ്ഥിതിയിലാണ്.

ഇവർക്ക് അനുകൂലമായി 13 ഇന നിർദ്ദേശങ്ങൾ ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട് എങ്കിലും അതൊക്കെ നിർദ്ദേശങ്ങൾ മാത്രമായി പാലിക്കപ്പെടാതെ നിൽക്കുകയാണ്. കോടതി പത്തു രൂപ കൂട്ടി കൊടുക്കണം എന്ന് പറഞ്ഞാൽ സർക്കാർ ഒരു രൂപ കൂട്ടി കൊടുക്കും എന്നുള്ള സമീപനമാണ് ഇപ്പോൾ നടക്കുന്നത്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഈ പ്രശ്‌നം ഇപ്പോൾ മനസ്സിലാക്കിയിട്ടുണ്ട് എങ്കിലും തൊഴിലാളികൾക്ക് ഈ പ്രശ്‌നത്തിന് പരിഹാരമാകുമോ എന്നുള്ള കാര്യത്തിൽ മിക്ക തൊഴിലാളികൾക്കും ഇപ്പോഴും ആശങ്കയുണ്ട്.

എല്ലാ മാസവും കൃത്യമായി ചെയ്യുന്ന തൊഴിലിനുള്ള ശമ്പളം എന്നത് എല്ലാ തൊഴിലാളികളെയും പോലെ ഇവരുടെയും അവകാശമാണ്. അത് കോടതിവിധി പ്രകാരം നടപ്പിലാക്കണം എന്നുള്ള ചെറിയ ആഗ്രഹം മാത്രമേ ഇവരിൽ മിക്ക ആളുകൾക്കും ഉള്ളൂ. അത് നടപ്പിലാക്കണം എന്നുള്ള കാര്യം ആണ് ഇവർ സർക്കാറിന് മുന്നിൽ വെക്കുന്നതും. എന്നാൽ കാലവും സർക്കാറും മാറുന്നത് അല്ലാതെ ഇവരുടെ പ്രശ്‌നതിന് പോംവഴി ഉണ്ടാവുന്നില്ല.

അതുപോലെതന്നെയാണ് അവധിയുടെ കാര്യവും. മാസത്തിൽ മറ്റ് എല്ലാ തൊഴിലാളികൾക്കും കൃത്യമായ അവധി കൊണ്ടുവന്നിരിക്കുകയാണ് രോഗം വന്നാൽ പോലും അവധി ലഭിക്കാത്ത ഇവരുടെ ദയനീയാവസ്ഥ. ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാവണം എന്നാണ് ഇവരുടെ ആഗ്രഹവും ആവശ്യവും. കാലങ്ങളായുള്ള ആവശ്യത്തിന് ഓരോ വർഷം കഴിയുന്നതിനനുസരിച്ച് ഇപ്പോഴും പ്രതിവിധി കാണാതെ തുടർന്നു കൊണ്ടിരിക്കുകയാണ്. മിക്ക ആളുകളും അമ്പലവാസികൾ ആയതിനാലും അമ്പലത്തിൽ ഉള്ള തൊഴിലിനുള്ള സ്‌നേഹം കാരണമാണ് ഈ തൊഴിൽ തുടർന്നു വരുന്നത്. ഇവരുടെ ആവശ്യം ന്യായവുമാണ്. മറ്റുള്ള എല്ലാ ദേവസ്വത്തിനു കീഴിലും കാര്യങ്ങൾ കൃത്യമായി നടക്കുന്നുണ്ട് എന്നിരിക്കെയാണ് മലബാർ ദേവസ്വത്തിന് കീഴിലെ ഈ വിവേചനം.