ഷൊർണൂർ: മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റായി സിപിഎം നേതാവ് എം. ആർ മുരളിയെത്തും. ഇത് സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനമായി. തദ്ദേശ തെരഞ്ഞെടുപ്പിൽ മുരളി സ്ഥാനാർത്ഥിയായേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നങ്കിലും പാർട്ടി സീറ്റ് നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് മുരളിക്ക് പുതിയ ചുമതല നൽകിയത്.

ഷൊർണൂർ നഗരസഭ മുൻ അധ്യക്ഷനും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗവുമാണ് മുരളി. സിപിഎമ്മിലെ വിഭാഗീയതയെത്തുടർന്നു പാർട്ടിയിൽ കലാപക്കൊടിയുയർത്തി പുറത്തായതോടെയാണു മുരളി ശ്രദ്ധിക്കപ്പെട്ടത്. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പുറത്തായ ശേഷം വിമതരുടെ ഇടതുപക്ഷ ഏകോപനസമിതിയുടെ സംസ്ഥാന അധ്യക്ഷനാവുകയും ജനകീയ വികസനസമിതി രൂപീകരിക്കുകയും ചെയ്തു. അന്നു സിപിഎം ഭരണസമിതിയിൽ നഗരസഭാ ഉപാധ്യക്ഷനായിരുന്ന മുരളി ഉൾപ്പെടെ 9 കൗൺസിലർമാർ അംഗത്വം രാജിവച്ചു. ഉപതിരഞ്ഞെടുപ്പിൽ ഇവരിൽ 8 പേർ വിജയിച്ചു. 2010ലെ തിരഞ്ഞെടുപ്പിൽ മുരളി നഗരസഭാധ്യക്ഷനായി.

രണ്ട് വർഷത്തിനു ശേഷം വികസനസമിതി പിരിച്ചുവിട്ടു മുരളിയും ഒപ്പമുള്ളവരും സിപിഎമ്മിലേക്കു മടങ്ങി. അധ്യക്ഷസ്ഥാനം സിപിഎമ്മിനു ലഭിക്കുകയും ചെയ്തു. പാർട്ടി വിടുമ്പോഴുണ്ടായിരുന്ന ജില്ലാ കമ്മിറ്റിയിൽ ഒരു മാസം കൊണ്ടു മുരളി തിരിച്ചെത്തുകയും ചെയ്തു.

കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരൻ ചെയർമാനും എം.ആർ. മുരളി സെക്രട്ടറിയുമായാണ് ഒരു കാലത്ത് സംസ്ഥാനത്തെ സിപിഐ.എം വിമതരുടെ പൊതുവേദിയായ ഇടതുപക്ഷ ഏകോപനസമിതിക്ക് രൂപം നൽകിയത്. 2009ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ഏകോപന സമിതി സ്ഥാനാർത്ഥിയായി പാലക്കാട്ട് മുരളി കളത്തിലിറങ്ങുകയും ചെയ്തിരുന്നു. അന്ന് ഇരുപതിനായിരത്തിലധികം വോട്ട് മുരളി നേടിയപ്പോൾ ആയിരത്തിലധികം വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് എം.ബി. രാജേഷ് ജയിച്ചത്.