കോഴിക്കോട്: കോഴിക്കോട് ഉള്ള്യരേിക്കടുത്ത് മൊടക്കല്ലൂരിൽ പ്രവർത്തിക്കുന്ന മലബാർ മെഡിക്കൽ കോളേജിൽ അരങ്ങറേുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ. മാനേജ്‌മെന്റിന്റെ മനുഷ്യത്വ വിരുദ്ധമായ സമീപനങ്ങൾക്കെതിരെ പ്രതികരിച്ച നഴ്‌സുമാരോട് ക്രൂരതയാണ് ആശുപത്രി മാനേജ്‌മെന്റ് കാട്ടുന്നത്. വലിയ ലാഭം കൊയ്തുകൂട്ടുന്ന ആശുപത്രിയിൽ കടുത്ത ജോലി ഭാരമാണ് നഴ്‌സുമാർ അനുഭവിക്കുന്നത്. എന്നാൽ കൃത്യമായി ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നൽകാൻ ആശുപത്രി അധികൃതർ ശ്രദ്ധിക്കാറില്ല. പി എഫ്, ഇ എസ് ഐ തുടങ്ങിയ സൗകര്യങ്ങളൊന്നും ഇവിടുത്തെ ജീവനക്കാർ ഇനിയും ലഭ്യമായിട്ടില്ല.

ശമ്പളം ലഭിക്കാതെ വന്നതോടെയാണ് ആശുപത്രിയിലെ നഴ്‌സുമാർ സമരം ആരംഭിച്ചത്. അതിന് മുമ്പ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ഒരു അവകാശ പത്രിക മാനേജ്‌മെന്റിനും ലേബർ ഡിപ്പാർട്ട്‌മെന്റിനും നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 2015 നവംബർ 28 ന് റീജ്യണൽ ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ ഒരു കരാർ ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു. ഇത് പ്രകാരം സ്ഥാപനത്തിലെ തൊഴിലാളികളുടെ ഉത്സവബത്ത 3500 രൂപയായി നിജപ്പെടുത്തി. ഈ തുക എല്ലാ തൊഴിലാളിക്കും 2015 ഡിസംബർ അഞ്ചിനുള്ളിൽ വിതരണം ചെയ്യമെന്നും പ്രഖ്യാപിച്ചു. തൊഴിലാളികൾക്ക് നിയമപ്രകാരമുള്ള മിനിമം വേതനം, ഓവർടൈം അലവൻസ് എന്നിവ നൽകുന്നതിനും ശമ്പളം എല്ലാ മാസവും അഞ്ചാം തിയ്യിക്ക് മുമ്പ് നൽകാനും തീരുമാനിച്ചു. നഴ്‌സിങ് തൊഴിലാളികൾക്ക് 1500 രൂപ യൂണിഫോം അലവൻസ് നൽകാനും പ്രതിമാസം ആറ് നൈറ്റ് ഡ്യൂട്ടി നടപ്പാക്കാനും തീരുമാനിച്ചു. സ്ഥാപനത്തിൽ ഇ എസ് ഐ നടപ്പാക്കുമെന്നും അതുവരെ തൊഴിലാളികൾക്ക് ഈ അശുപത്രിയിലെ ചികിത്സയ്ക്ക് അമ്പത് ശതമാനം ഇളവ് നൽകുമെന്നും ജീവനക്കാർക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാവില്ലന്നെും ഉടമ്പടി പ്രകാരം തീരുമാനിച്ചു.

എന്നാൽ ഈ കരാർ വ്യവസ്ഥകൾ ആകെ തെറ്റിച്ചുകൊണ്ടുള്ള നടപടികളാണ് ആശുപത്രി മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് പിന്നീടുണ്ടായത്. ഇതോടെ ജീവനക്കാർക്ക് ഹോസ്പിറ്റലിനുള്ളിൽ നിസ്സഹരണ സമരം തുടരേണ്ടിവന്നു. ജീവനക്കാർ ശമ്പളത്തിനും ബോണസിനുമെല്ലാം അവധി നീട്ടി നൽകി.എന്നാൽ മാനേജ്‌മെന്റ് തുടർന്ന് നഴ്‌സുമാരിൽ ചിലരെ പുറത്താക്കാനുള്ള നടപടിയുമായാണ് മുന്നോട്ട് പോയത്. ഇക്കാര്യത്തെക്കുറിച്ച് ചർച്ച ചെയ്യൻ പോയ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ഭാരവാഹികളെ അധിക്ഷേപിച്ച് ഇറക്കിവിടുകയും യൂണിറ്റ് പ്രസിഡന്റ് ശ്രീമേഷിനെ കള്ളക്കേസ് കൊടുക്കുകയും ചെയ്തു. ഇതോടെയാണ് ശക്തമായ സമരവുമായി രംഗത്ത് വരാൻ നഴ്‌സുമാരെ പ്രേരിപ്പിച്ചത്. എന്നാൽ രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ കാഷ്വാലിറ്റി, ഐ സി യു, മറ്റ് എമർജൻസി കെയർ വേണ്ട ഡിപ്പാർട്ട്‌മെന്റുകൾ എന്നിവടങ്ങളിൽ നഴ്‌സുമാരെ നിർത്തിയാണ് സമരം ആരംഭിച്ചത്.

എന്നാൽ ഡ്യൂട്ടിയിൽ നിർത്തിയ നഴ്‌സുമാരെ നിങ്ങളുടെ സേവനം ആവശ്യമില്ല എന്ന് പറഞ്ഞ് പറഞ്ഞ് വിട്ട മാനേജ്‌മെന്റ് നഴ്‌സുമാർക്കെതെര കള്ളപ്രചരണങ്ങൾ നടത്തുകയായിരുന്നു. സമരം ചെയ്തതിന്റെ പേരിൽ ഒരു വനിതാ നഴ്‌സിനെ ഹോസ്റ്റൽ മുറിയിലിട്ട് അടച്ചു പൂട്ടി. രാത്രി ഹോസ്റ്റലുകൾ അടച്ച് പൂട്ടി നഴ്‌സുമാരെ റോഡിലേക്ക് ഇറക്കിവിട്ടു. നഴ്‌സുമാർക്ക് പ്രാഥമിക കർമ്മങ്ങൾ പോലും തടസ്സപ്പെടുത്തിക്കോണ്ട് ടോയ്‌ലറ്റുകൾ അടച്ചിട്ടു. ഹോസ്പിറ്റൽ കാന്റീനിൽ ഭക്ഷണം നൽകാതെ ഗുണ്ടകളെ വച്ച് ഭീഷണിപ്പെടുത്തി പറഞ്ഞു വിട്ടു. മറ്റൊരു സ്ഥാപനത്തിലും ഇല്ലാത്ത തരത്തിലുള്ള ക്രൂരതകൾ അരങ്ങറേിയിട്ടും രാഷ്ട്രീയ നേതാക്കളും തൊഴിലാളി നേതാക്കളുമൊന്നും പാവപ്പെട്ട നഴ്‌സുമാരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ പോലും തയ്യറായില്ല. ഹോസ്പിറ്റൽ എം ഡിയുടെ ഭാഗത്ത് നിന്നു കൊണ്ട് സമരത്തെ അടിച്ചമർത്താൻ ചില രാഷ്ട്രീയ നേതാക്കളും ശ്രമങ്ങൾ ആരംഭിച്ചു. തൊഴിൽ മന്ത്രി വിളിച്ചു ചേർത്ത ഒത്തുതീർപ്പ് ചർച്ചയിൽ പങ്കടെുക്കാതെ മാനേജ്മന്റ് ഭരണകൂടത്തെ പോലും വെല്ലുവിളിക്കുകയാണെന്ന് ജീവനക്കാർ പറയുന്നു. ഈ സാഹചര്യത്തിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് നഴ്‌സുമാരുടെ തീരുമാനം.

നേരത്തെ നിരവധി പരാതികൾ മലബാർ മെഡിക്കൽ കോളെജിനെതിരെ ഉയർന്നിരുന്നു. സർക്കാറിന്റെ ഇൻഷൂറൻസ് കാർഡ് സ്വീകരിക്കുന്ന ആശുപത്രിയായതുകൊണ്ട് പാവപ്പെട്ട രോഗികളാണ് കൂടുതലും ഈ ആശുപത്രിയെ ആശ്രയിക്കുന്നത്. ഇത്തരം രോഗികളെ അനാവശ്യമായി ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്ത് ഇൻഷൂറൻസ് തുക തട്ടിയെടുക്കുന്നതിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. മെഡിക്കൽ കോളെജ് എന്നൊക്കെ പേരുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാർ പോലുമില്ലാത്ത ഈ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട നിരവധി രോഗികൾ പ്രയാസത്തിലായിരുന്നു.