പാലക്കാട്: പാലക്കാട് മലമ്പുഴയ്ക്ക് അടുത്ത് മരുതറോഡ് പഞ്ചായത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയത് രാഷ്ട്രീയമെന്ന സിപിഎം വാദത്തെ പൊളിച്ച് പൊലീസ് എഫ് ഐ ആർ. ഇതിനൊപ്പം എട്ട് പേരടങ്ങിയ സംഘമെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ സുരേഷ് പറയുന്നതിലും രാഷ്ട്രീമില്ല. സ്വാതന്ത്ര്യദിനാഘോഷപരിപാടികളെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അക്രമിസംഘം ഇങ്ങോട്ടേക്ക് എത്തിയത്. അക്രമികൾ പഴയ പാർട്ടി പ്രവർത്തകർ കൂടിയാണ്. സംഘത്തിലുണ്ടായിരുന്ന അനീഷ്, ശബരി എന്നിവരുണ്ടായിരുന്നു. ഇവരെ കൂടാതെ മറ്റു ആറു പേരും ചേർന്നാണ് ഷാജഹാനെ ആക്രമിച്ചത്.

മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തേ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടവരും സംഘത്തിലുണ്ട്. കൊട്ടേക്കാട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. സിപിഎം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗമാണ്. ഇന്നലെ രാത്രി 9.15ഓടെയാണ് വീട്ടിലേക്ക് പോകുംവഴി കടയുടെ മുന്നിൽ വെച്ച് ഷാജഹാനെ വെട്ടിക്കൊന്നത്. ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കേസിൽ എട്ട് പ്രതികളെന്ന് എഫ്‌ഐആറും പറയുന്നു. പ്രതികൾക്ക് ഷാജഹാനോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്. പ്രാഥമിക പരിശോധനയിൽ രാഷ്ട്രീയ കൊലയെന്നതിനു തെളിവുകളില്ല. സിപിഎമ്മിന്റെ ഭാഗമായിരുന്ന ഒരു സംഘം പ്രവർത്തകർ അടുത്തിടെ ബിജെപിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. ഈ വിഷയത്തിൽ പ്രാദേശികമായി ചില തർക്കങ്ങളുണ്ടായിരുന്നതുകൊലയ്ക്കു കാരണമായെന്നാണ് എഫ്‌ഐആറിലുള്ളത്.

ബിജെപി പ്രവർത്തകൻ ആറുചാമി കൊലക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച ആളാണ് ഷാജഹാൻ. 2008 ൽ ആയിരുന്നു ഈ കൊലപാതകം നടന്നത്. ഷാജഹാന് ആർഎസ്എസ് പ്രവർത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സി പി എം നേതാക്കൾ പറയുന്നു. എന്നാൽ ഈ കൊലക്കേസിലെ ചില പ്രതികളും ഷാജഹാനെ കൊലപ്പെടുത്താൻ എത്തിയവരുടെ കൂട്ടത്തിലുണ്ട്.

കൊലപാതകം നടത്തിയ എട്ടുപേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പാലക്കാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള ഷാജഹാന്റെ മൃതദേഹം പത്ത് മണിയോടെ പോസ്റ്റുമോർട്ടം ചെയ്യും. തുടർന്ന് വിലാപയാത്രയായി കൊട്ടേക്കാട്ടിൽ എത്തിക്കും. പൊതുദർശനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രാവിലെ തീരുമാനമെടുക്കും. അതേസമയം, കൊലപാതകത്തിൽ പ്രതിഷേധിച്ച് മരുതറോഡ് പഞ്ചായത്ത് പരിധിയിൽ സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.

ഷാജഹാന്റെ കഴുത്തിനും കാലിനും ഇവർ വെട്ടി. അക്രമം തടയാൻ ശ്രമിച്ചപ്പോൾ തനിക്ക് നേരേയും വാൾ വീശി. വെട്ടിവീഴ്‌ത്തി അക്രമിസംഘം മടങ്ങിയതിന് തൊട്ടുപിന്നാലെ സുരേഷിന്റെ നേതൃത്വത്തിലാണ് ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചത്. സ്വാതന്ത്ര്യദിനത്തിന് തലേന്ന് സി പി എം പ്രവർത്തകനെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് സി പി എം ഹർത്താൽ പ്രഖ്യാപിച്ചു. മരുതറോഡ് പഞ്ചായത്തിലാണ് സി പി എം ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 39 വയസ്സായിരുന്നു.

മലമ്പുഴ കുന്നംങ്കാട് ജംഗ്ഷനിൽ ഞായറാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്‌ത്തുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തിൽ ഷാജഹാന്റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. പ്രകോപനത്തിൽ ആരും പെടരുതെന്നും സി പി എം നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.