കോട്ടയം: മലങ്കര അസോസിയേഷൻ ട്രസ്റ്റിസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കെ സ്ഥാനാർത്ഥികൾക്കെതിരെ ആരോപണങ്ങളുടെ വ്യാജരേഖകളുമായി ഒരു വിഭാഗം രംഗത്തെത്തി. വ്യാജരേഖ ചമച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും തപാലിലൂടെയും മലങ്കര അസോസിയേഷൻ അംഗങ്ങൾക്ക് അയച്ച് അപകീർത്തിപ്പെടുത്തുന്നതിനെതിരെ അൽമായ ട്രസ്റ്റി സ്ഥാനത്തേക്കു മത്സരിക്കുന്ന ജോർജ് പോൾ ഹൈക്കോടതിയിൽ എൽജോവ് സി. ചുമ്മാറിനെതിരെ കൊടുത്ത കേസ് ഫയലിൽ സ്വീകരിച്ചു. പൊലീസ് ഒരാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവായി. വ്യാജരേഖകളുമായി ആരോപണങ്ങളുന്നയിക്കുന്നതിനെതിരേ പരാതി നല്കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ജോർജ് പോൾ വിഭാഗം നീതിക്കായി ഹൈക്കോടതിയെ സമീപിച്ചത്.

മലങ്കര അസോസിയേഷൻ അല്മായ ട്രസ്റ്റി സ്ഥാനത്തേക്ക് മത്സരിക്കുന്ന കൊച്ചി സ്വദേശി ജോർജ് പോളിനെതിരെയാണ് വ്യാജരേഖകൾ പുറത്തുവിട്ട് പരാജയപ്പെടുത്തുന്നതിനു നീക്കം വ്യാപകമായിരിക്കുന്നത്. കോലഞ്ചേരി മെഡിക്കൽ കോളജ് ഡയറക്ടർ ബോർഡംഗമാണ് ജോർജ് പോൾ. ഇദ്ദേഹത്തിനെതിരേയുള്ള പ്രചാരണത്തിന് എൽജോവ് സി ചുമ്മാറാണ് നേത്യത്വം നല്കുന്നതെന്ന് ആരോപിക്കപ്പെടുന്നു.

ജോർജ് പോൾ കുറുപ്പുംപടി യാക്കോബായ പള്ളിക്ക് പണം നൽകിയെന്നും അദ്ദേഹം ഓർത്തഡോക്സ് സഭാവിശ്വാസി അല്ലെന്നുമുള്ള ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. ഇത് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ഇതിനെതിരെ തന്നെ അപകീർത്തിപ്പെടുത്താൻ എൽജോവ് നീക്കം നടത്തുന്നതായും അദ്ദേഹം പുറത്തുവിട്ട രസീത് അടക്കമുള്ള രേഖകൾ വ്യാജമാണെന്നും കാട്ടി ഐ.ജിക്ക് പരാതി നല്കിയിരുന്നു. ഇതിന് നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

ജോർജ് പോൾ എറണാകുളം കത്തീഡ്രൽ അംഗമല്ലെന്ന തരത്തിലുള്ള പ്രസ്താവനകൾ നട്തതിയതിനെ തുടർന്ന് അവിടത്തെ വികാരിക്ക് കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് പ്രസ്താവന ഇറക്കേണ്ടിവരികയും അത് മാദ്ധ്യമങ്ങളിൽ കൂടി പരസ്യമാക്കേണ്ടി വരികയും ചെയ്തു. ജോർജ് പോൾ സഭയുടെ ഒരു ട്രസ്റ്റിന് വേണ്ടി വാങ്ങിയ സ്ഥലത്തിൽ തട്ടിപ്പ് നടത്തിയെന്ന ആരോപണവും കഴിഞ്ഞ ദിവസം മുതൽ ഉന്നയിക്കുന്നുണ്ട്. നാളുകളായി നിരവധി പരാതികൾ ഉയർന്നിട്ടുള്ള ആളാണ് എൽജോവ്. ഒന്നിന് പുറകെ ഒന്നായി ആരോപണങ്ങൾ ഒരേ കേന്ദ്രത്തിൽ നിന്ന് തന്നെ പുറത്തു വരുന്നതോടെ സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്നും മനഃപൂർവ്വം വ്യക്തിഹത്യ നടത്തുന്നതാണെന്നും പരാതിയുണ്ട്.

വ്യാജരേഖ ചമച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നതിനെതിരെ ജോർജ് പോൾ എറണാകുളം റേഞ്ച് ഐ.ജി. ക്ക് പരാതി നൽകിയതിൻപ്രകാരം പൊലീസ് ചോദ്യം ചെയ്യാനായി എൽജോവ് സി ചുമ്മാറിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. പ്രതിയുടെ ഫോൺ വിളിയുടെ വിശദാംശങ്ങൾപ്രകാരം സുഹൃത്തുക്കളിലേയ്ക്കും അന്വേഷണം നീളുമെന്നാണ് അറിയുന്നത്. വ്യാജ ആധാരം നിർമ്മിച്ച് സ്ഥലം വിറ്റതുൾപ്പെടെ ഒട്ടേറെ തട്ടിപ്പു കേസുകളിൽ പ്രതിയാണ് ഇദ്ദേഹം.