കോട്ടയം: യാക്കോബായസഭയുടെ മെത്രാപ്പൊലീത്താമാർക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ അടിയന്തിരമായി പരിഹാരം കാണാൻ പാത്രീയർക്കീസ് ബാവയുടെ നിർദ്ദേശം. ഇതേ തുടർന്ന് വെള്ളിയാഴ്ച മലങ്കര യാക്കോബായ സഭ സിനഡ് വിളിച്ചു.രാവിലെ 11മുതൽ പുത്തൻകുരിശിലാണ് സിനഡ് ചേരുന്നത്.ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്റെ അദ്ധ്യക്ഷതയിലാണ് സിനഡ് ചേരുന്നത്.

എന്നാൽ സിനഡിൽ നിന്ന് മലങ്കരയിലെ യാക്കോബായ സഭയുടെ ഭാഗമായ ക്നാനായ, പൗരസത്യ സുവിശേഷ സമാജം,സിംഹാസനപള്ളികളുടെ ചുമതല വഹിക്കുന്ന മെത്രാപ്പൊലീത്താമാർ എന്നിവരെ ക്ഷണിച്ചിട്ടില്ല.വൈദിക കമ്മറ്റിയോഗം,ഭദ്രാസന കൗൺസിൽ എന്നിവ മെത്രാപ്പൊലീത്താമാർക്കെതിരെ ഉന്നയിച്ച പരാതി ചർച്ചചെയ്ത് പരിഹരിക്കുന്നതിനൊപ്പം മെത്രാപ്പൊലീത്താമാരുടെ സ്ഥലമാറ്റവും സിനഡ് വിശദമായി ചർച്ചചെയ്യും.

കോട്ടയം, ഇടുക്കി, മുംബൈ ഭദ്രാസനങ്ങളിലെ മെത്രാപ്പൊലീത്താമാർക്കെതിരെ കൂടുതലും പരാതി ഉയർന്നിട്ടുള്ളത്.ഈ മൂന്ന് ഭദ്രാസനങ്ങളിലെയും വൈദികരെ സ്ഥലം മാറ്റുന്നതും സ്വത്തുകൾ സഭയ്ക്ക് വിട്ടുനൽകുന്നതും സംബന്ധിച്ചുള്ള പരാതികളുമാണ് ഉയർന്നിട്ടുള്ളത്. ഇതിന് കോടതിയിൽ പോകുകയും മറ്റും ചെയ്യുകയും പിന്നിട് പത്രീയർക്കീസ് ബാവ നേരിട്ട് ഇടപെട്ട് സ്ഥലമാറ്റം തടയുകയും ചെയ്തിരുന്നു.പിന്നിടും പരാതികൾ ഉയർന്നതിനെ തുടർന്നാണ് പ്രശ്‌നം തീർക്കുന്നതിനായി പാത്രീയർക്കീസ് ബാവ കേരളത്തിൽ സിനഡ് വിളിച്ച് ചേർക്കാൻ നിർദ്ദേശം നല്കിയത്. യാക്കോബായ സഭയുടെ 23 മെത്രാപ്പൊലീത്തമാർ സിനഡിൽ പങ്കെടുക്കും.

മെത്രാപ്പൊലീത്താമാരുടെ സ്ഥലമാറ്റം സംബന്ധിച്ച പ്രശ്നം ചർച്ചയ്ക്ക് എടുക്കുമ്പോൾ ചർച്ച സങ്കീർണമാകുമെന്നാണ് സഭാ വ്യത്തങ്ങൾ നല്കുന്ന സൂചന. ഇതിനിടയിൽ ഇടുക്കി,മുംബൈ ഭദ്രാസനങ്ങളിലെ മെത്രാന്മാരെ മാറ്റുന്നത് ഇപ്പോൾ നടപ്പാകില്ല. ഇവിടങ്ങളെ മെത്രാന്മാരെ മാറ്റുന്നത് പാത്രീയർക്കീസ് തടഞ്ഞ് കല്പന ഇറക്കിയിരുന്നു. ഇത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.ഇതിനെ മറികടക്കണമെങ്കിൽ പാത്രീയർക്കീസ് ബാവ പുതിയ കല്പന ഇറക്കേണ്ടിവരും.അത് ഉടൻ ഉണ്ടാകുമെന്ന് തോന്നുന്നില്ല.

ഇതിനിടയിൽ കോട്ടയത്തെ മെത്രാപ്പൊലീത്താ തോമസ് മാർ തീമോത്തിയോസിനെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ബിജെപി നേതാക്കൾ പുത്തൻകുരിശിലെത്തി.ശ്രേഷ്ഠ കാതോലിക്കാ ബാവയെ കാണുന്നതിന് അനുമതി നേടിയിരുന്നു.അത് അനുസരിച്ച് ചൊവ്വാഴ്ച ഏറ്റുമാനൂർ രാധാക്യഷ്ണനും ,മീനടം ബാബുവുമാണ് പുത്തൻകുരിശിൽഎത്തിയത്. എന്നാൽ ബാവ കാണാൻ വിസമ്മതിച്ചു.പിന്നിട് സഭാ സെക്രട്ടറി തമ്പു ജോർജ് തുകലനെ കണ്ടു. കോട്ടയം മെത്രാനെ മാറ്റരുതെന്ന ആവശ്യം ശക്തമായി ഇവർ അറിയിച്ചു.തോമസ് മാർ തിമോത്തിയോസിനെതിരെ മുൻപ് ഉയർന്ന ആരോപണങ്ങളിലും മീനടം ബാബുവിന്റെ പേര് ഉണ്ടായിരുന്നു.ഇവരുടെ സന്ദർശനം വരും ദിവസങ്ങളിൽ കൂടുതൽ വിവാദങ്ങൾക്ക് വഴിയെരുങ്ങും.

ഇതിനിടെ സിനഡ് നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കോട്ടയത്തെ കോടതിയിൽ കേസ് ഫയൽ ചെയ്തു. സിനഡിന്റെ വിശദീകരണം ആവശ്യപ്പെട്ട് സിനഡ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസിന് കോടതിയുടെ നോട്ടീസ് ഇന്ന് കിട്ടി.നാളെ മറുപടി നൽകണം.കോടതിയുടെ വിധിയും സിനഡിന്റെ ഭാവി നിർണ്ണയിക്കും.