മലപ്പുറം: മുസ്ലിംലീഗ് ഭരിക്കുമ്പോൾ എന്തുകൊണ്ടാണ് മലപ്പുറത്ത് കൂടുതൽ റാങ്കുകൾ ലഭിക്കുന്നത്? ഈ ചോദ്യം മുമ്പ് വി എസ് അച്യുതാനന്ദൻ ഉന്നയിച്ചപ്പോൾ കടുത്ത അമർഷത്തോടെയാണ് മലബാർ മേഖല മുഴുവൻ പ്രതികരിച്ചത്. അന്ന് താൻ പറഞ്ഞ വാക്കുകൾ വി എസ് ഇപ്പോൾ തിരിച്ചെടുക്കുന്നുണ്ടാകാം, മലപ്പുറത്തിന്റെ ആഘോഷം കാണുമ്പോൾ. വിഎസിന്റെ പഴയ പ്രസ്താവന വന്നതിന് ശേഷം നിരവധി ഉന്നത റാങ്കുകളാണ് മലപ്പുറത്തുകാർ സ്വന്തമാക്കിയത്.

ഇപ്പോൾ മെഡിക്കൽ എൻജിനീയറിങ് പ്രവേശന പരക്ഷയുടെ ഫലം പുറത്തുവന്നപ്പോൾ മലപ്പുറത്ത് ആഘോഷം തീർന്നിട്ടില്ല. എന്തിനെയും ഏതിനെയും ആഘോഷമാക്കുന്ന മലപ്പുറത്തുകാർ എല്ലാം മറന്ന് ഈ മിടുക്കിയുടെ ഉന്നത വിജയം ആഘോഷിക്കുകയാണ്. ഇതിന്റെ അനുരണനങ്ങളായിരുന്നു ഇന്നലെ സോഷ്യൽ മീഡിയ മുഴുവനും. എങ്ങും ഹിബയുടെ ചിത്രങ്ങളും അഭിനന്ദന പോസ്റ്റുകളും മാത്രം. മന്ത്രിമാർ മുതൽ മലപ്പുറത്തിന്റെ സ്പന്ദനം അറിയുന്ന ഓരോരുത്തരും അഭിനന്ദിക്കാൻ മെനക്കെട്ടു നിന്നു.

സോഷ്യൽ മീഡിയയാണ് ഹിബയുടെ വിജയം ഏറ്റവും കൂടുതൽ ആഘോഷിച്ചത്. വിഎസിന്റെ പഴയ പ്രസ്താവനകൾ പരാമർശിച്ചുകൊണ്ടുള്ള പോസ്റ്റുകളായിരുന്നു മിക്കയിടത്തും. മഞ്ചേരി തുറയ്ക്കലിൽ മർച്ചന്റ് നേവിയിൽ എൻജിനീയർ ആയിരുന്ന ഹൈദർമാൻകുട്ടിയുടെയും സൈനബയുടെയും മകളാണ് ഹിബ. വിജയമധുരം നുണയമ്പോഴും ഹിബയ്ക്കുള്ള ഏക സങ്കടം പിതാവിന്റെ വിയോഗമാണ്. മൂന്ന് വർഷം മുമ്പ് കാൻസർ ബാധിച്ച് മരിച്ച പിതാവിന് സമർപ്പിക്കുകയാണ് ഹിബ തന്റെയീ നേട്ടം.

954.7826 എന്ന മികച്ച സ്‌കോറോടെ ഹിബ ഒന്നാമതെത്തിയത് എൻട്രൻസ് പരീക്ഷയിലെ തന്റെ രണ്ടാം ഊഴത്തിലാണ്. കെമിസ്ട്രിയിലെ ഒരുചോദ്യം വില്ലനായില്ലായിരുന്നെങ്കിൽ 960 മാർക്കും നേടിയേനെ. കഴിഞ്ഞ വർഷം 3121 ആയിരുന്നു റാങ്ക്. രണ്ടുതവണയും മഞ്ചേരിയിലെ സ്വകാര്യസ്ഥാപനത്തിലായിരുന്നു പരിശീലനം. ചേച്ചി ആദിലയെയും ഡോക്ടറാക്കാനായിരുന്നു ഉപ്പയ്ക്ക് താത്പര്യം. സയൻസിനോട് താത്പര്യമില്ലാതെ ചേച്ചി ബി.ബി.എയ്ക്ക് പോയപ്പോൾ ഉപ്പയുടെ സ്വപ്നമം സഫലമാക്കാൻ ഹിബ രംഗത്തെത്തുകയായിരുന്നു.

ഉറക്കമൊഴിച്ച് പഠിക്കാതെ ചിട്ടയായ പഠനത്തോടെയാണ് ഹിബ എൻട്രൻസിന് ഒരുങ്ങിയത്. 'പഠനത്തോട് ഇഷ്ടം തോന്നുമ്പോഴാണ് പഠിക്കേണ്ടത്. രാവിലെ എഴുന്നേറ്റ് പഠിക്കുന്ന ശീലമില്ല. എൻട്രൻസ് ബാലികേറാമലയൊന്നുമല്ല. സർക്കാർ സ്‌കൂളിലെ സിലബസിനെ ആശ്രയിച്ചാൽ മതി. രക്ഷിതാക്കൾ കുട്ടികളെ പേടിപ്പിക്കരുത്. ടെൻഷനില്ലാതെ കൂളായി എൻട്രൻസിനെ സമീപിക്കൂ'. വിജയത്തിന് ഹിബയുടെ ഉറപ്പാണിത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചേരാനാണ് ഹിബയുടെ തീരുമാനം. ജൂൺ ഒന്നിന് നടക്കുന്ന എയിംസ് എൻട്രൻസ് പരീക്ഷയിലാണ് ഇപ്പോൾ ശ്രദ്ധ. ഇതിനുള്ള പ്രത്യേക ക്‌ളാസിൽ പങ്കെടുക്കുമ്പോഴാണ് അദ്ധ്യാപകർ ഒന്നിച്ചെത്തി ഒന്നാംറാങ്കിന്റെ ലഡു പൊട്ടിച്ചത്. അഭിനന്ദനപ്രവാഹങ്ങൾക്കും കൂട്ടുകാരുടെ കെട്ടിപ്പിടിക്കലിനും ഇടയിൽ മന്ത്രി പി.കെ.അബ്ദുറബ്ബിന്റെ അഭിനന്ദന ഫോൺവിളിയും വന്നു. മഞ്ചേരി ജി.ബി.എച്ച്.എസ്.എസിൽ നിന്ന് +2വിന് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയാണ് ഹിബ വിജയിച്ചു കയറിയത്.

ഹിബയുടെ വിജയവാർത്ത അറിഞ്ഞതോടെ മഞ്ചേരിയിലെ വീട്ടിലേക്ക് നേതാക്കളുടെ ഒഴുക്കായിരുന്നു ഇന്നലെ. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും മറ്റ് മലപ്പുറത്തെ നേതാക്കൾ എല്ലാവരും ഫേസ്‌ബുക്കിലൂടെ അഭിനന്ദനം നേർന്ന് പോസ്റ്റുകൾ ഇട്ടു. എസ്എഫ്‌ഐയും കെഎസ്‌യുവും അടക്കം രാഷ്ട്രീയ വ്യത്യാസം കൂടാതെ വിദ്യാർത്ഥി സംഘടനാ പ്രതിനിധികളും വീട്ടിലെത്തി അഭിനന്ദിച്ചു. പി കെ അബ്ദുൾ വഹാബ് എംപിയും ബഷീറലി ശിഹാബ് തങ്ങളും വീട്ടിലെത്തിയാണ് ഹിബയെ അഭിനന്ദിച്ചത്.

ആദ്യ പത്ത് റാങ്കുകാരിൽ മൂന്നുപേർ മലപ്പുറത്തുനിന്നാണ്. എസ്.സി വിഭാഗത്തിലെ ഒന്നാം റാങ്കും ജില്ലക്കുതന്നെ. മലപ്പുറം വള്ളിക്കാപ്പറ്റ കുമ്മിൽ ഹൗസിൽ ഐശ്വര്യ രവീന്ദ്രൻ അഞ്ചാം റാങ്കും വാലില്ലാപ്പുഴ പുതിയേടത്ത് വീട്ടിൽ മെൽവിൻ ഷാജി പത്താം റാങ്കും നേടി. അതുകൊണ്ട് തന്നെ ആഘോഷത്തിന് ഒരു അവസരം കാത്തുനിന്ന മലപ്പുറം ജില്ലയിൽ ആഘോഷം ഇനിയും അടങ്ങിയിട്ടില്ല.