- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് മതത്തെയും ദൈവത്തെയും കൂട്ടുപിടിച്ച് വാക്‌സിൻ വിരുദ്ധ പ്രചരണം; വാക്‌സിനെടുക്കാത്ത കുട്ടികൾക്ക് ഡിഫ്തീരിയയും ടെറ്റനസും മസ്തിഷ്കജ്വരവും ബാധിക്കുന്നു; ഈ രോഗങ്ങൾ മൂലം മരിച്ചത് 32 കുട്ടികൾ
തിരുവനന്തപുരം: ചില മതസംഘടനകളും പ്രകൃതി ചികിത്സകരും ഉൾപ്പെടുന്ന വാക്‌സിൻ വിരുദ്ധ സംഘത്തിന്റെ പ്രചരണഫലമായി മലപ്പുറം ജില്ലയിൽ വ്യാപകമായി കുട്ടികൾക്ക് പ്രതിരോധ വാക്‌സിനുകൾ ലഭിക്കുന്നില്ല. വാക്‌സിനേഷൻ കൊണ്ട് തടയാവുന്ന രോഗങ്ങൾമൂലം 2008 മുതൽ 2015 സെപ്റ്റംബർവരെ 32 കുട്ടികൾ മലപ്പുറത്ത് മരിച്ചു. ഡോ. ജേക്കബ് വടക്കാഞ്ചേരി എന്ന പ്രകൃതി ചികിത്സകന്റെ നേതൃത്വത്തിൽ ചില മതസംഘടനകളും പ്രകൃതി ചികിത്സകരുമാണ് കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത് അപകടമാണെന്നും വാക്‌സിൻ കൊടുക്കരുതെന്നും പ്രചരിപ്പിക്കുന്നത്. ഔദ്യോഗിക കണക്കനസുരിച്ച് 2,43,123 കുട്ടികൾക്ക് മലപ്പുറത്ത് വാക്‌സിൻ ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. വാക്‌സിനെടുക്കാത്ത വിവിധ പ്രായത്തിലുള്ള കുട്ടികളുടെ കണക്ക് : 0-5 വയസ്സിനിടെ പൂർണ്ണമായോ ഭാഗീകമായോ വാക്‌സിനെടുക്കാത്ത കുട്ടികളുടെ എണ്ണം : 49,0005- 7 വയസ്സിനിടയിൽ : 26,1237-16 വയസ്സിനിടയിൽ : 1,68,000മൊത്തം: 2,43,123 കുട്ടികൾ. മലപ്പുറത്തെ വാക്‌സിൻ വിരുദ്ധ പ്രചരണങ്ങൾ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതിന്റെ ഫലമായി സമഗ്രവ
തിരുവനന്തപുരം: ചില മതസംഘടനകളും പ്രകൃതി ചികിത്സകരും ഉൾപ്പെടുന്ന വാക്‌സിൻ വിരുദ്ധ സംഘത്തിന്റെ പ്രചരണഫലമായി മലപ്പുറം ജില്ലയിൽ വ്യാപകമായി കുട്ടികൾക്ക് പ്രതിരോധ വാക്‌സിനുകൾ ലഭിക്കുന്നില്ല. വാക്‌സിനേഷൻ കൊണ്ട് തടയാവുന്ന രോഗങ്ങൾമൂലം 2008 മുതൽ 2015 സെപ്റ്റംബർവരെ 32 കുട്ടികൾ മലപ്പുറത്ത് മരിച്ചു. ഡോ. ജേക്കബ് വടക്കാഞ്ചേരി എന്ന പ്രകൃതി ചികിത്സകന്റെ നേതൃത്വത്തിൽ ചില മതസംഘടനകളും പ്രകൃതി ചികിത്സകരുമാണ് കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത് അപകടമാണെന്നും വാക്‌സിൻ കൊടുക്കരുതെന്നും പ്രചരിപ്പിക്കുന്നത്. ഔദ്യോഗിക കണക്കനസുരിച്ച് 2,43,123 കുട്ടികൾക്ക് മലപ്പുറത്ത് വാക്‌സിൻ ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
വാക്‌സിനെടുക്കാത്ത വിവിധ പ്രായത്തിലുള്ള കുട്ടികളുടെ കണക്ക് :
0-5 വയസ്സിനിടെ പൂർണ്ണമായോ ഭാഗീകമായോ വാക്‌സിനെടുക്കാത്ത കുട്ടികളുടെ എണ്ണം : 49,000
5- 7 വയസ്സിനിടയിൽ : 26,123
7-16 വയസ്സിനിടയിൽ : 1,68,000
മൊത്തം: 2,43,123 കുട്ടികൾ.
മലപ്പുറത്തെ വാക്‌സിൻ വിരുദ്ധ പ്രചരണങ്ങൾ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതിന്റെ ഫലമായി സമഗ്രവാക്‌സിനേഷൻ പദ്ധതികളോട് മുഖം തിരിച്ചുനിൽക്കുകയാണ് പലകുടുംബങ്ങളും. വാക്‌സിനെടുത്താൽ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും അപകടം പറ്റുമെന്നാണ് അവർ വിശ്വസിക്കുന്നത്. വാക്‌സിനെടുത്ത അസംഖ്യം കുട്ടികൾ ലോകമാകമാനം മരിച്ചിട്ടുണ്ടെന്നാണ് വാക്‌സിൻ വിരുദ്ധരുടെ പ്രചരണം. വാക്‌സിനുകളുമായി സമീപിക്കുന്ന ആരോഗ്യപ്രവർത്തകരെ പലകുടുംബങ്ങളും ആട്ടിയോടിക്കുന്ന സ്ഥിതിവരെ മലപ്പുറത്തുണ്ട്.
' ഞങ്ങളുടെ കുഞ്ഞല്ലേ, നിങ്ങൾക്കെന്താ ' എന്ന മനോഭാവം. കുട്ടികളോട് സ്‌നേഹമുള്ളവർ വാക്‌സിൻ നൽകാൻ പാടില്ലായെന്ന് അവർ ധരിച്ചുവച്ചിരിക്കുന്നു . വാക്‌സിനെടുത്തില്ലെങ്കിൽ കുട്ടികൾ മരിച്ചുപോകാം എന്ന ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ് അവർ മുഖവിലയ്‌ക്കെടുക്കുന്നില്ല. വാക്‌സിൻ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനല്ല, മറിച്ച് വാക്‌സിൻ കുട്ടികളെ രോഗികളാക്കി നശിപ്പിക്കും എന്ന ധാരണ മലപ്പുറത്തെ ഭൂരിപക്ഷം ജനതയിൽ അടിച്ചേൽപ്പിക്കാൻ ഈ വാക്‌സിൻ വിരുദ്ധർക്ക് കഴിഞ്ഞിരിക്കുന്നു. ക്ഷയരോഗം, ജപ്പാൻ മസ്തിഷ്‌ക ജ്വരം, ടെറ്റനസ്, ഡിഫ്തീരിയ, ഹെപ്പറ്റൈറ്റിസ് ബി, വില്ലൻ ചുമ, റൂബെല്ല, മുണ്ടിനീര്, അഞ്ചാംപനി, പോളിയോ തുടങ്ങിയ രോഗങ്ങൾ വരാതിരിക്കാനാണ് പ്രധാനമായി കുട്ടികൾക്ക് പ്രതിരോധ വാക്‌സിനുകൾ നൽകുന്നത്. എന്നാൽ ഈ വാക്‌സിനുകളൊക്കെ വിഷമയമാണെന്നും വാക്‌സിനുകൾ എടുക്കുന്നതുകൊണ്ട് രോഗങ്ങൾ തടയാനാകില്ലെന്നുമാണ് വാക്‌സിൻ വിരുദ്ധരുടെ പ്രചരണം. ഇതിന് ഇവർ മതത്തെയും ദൈവത്തെയും ഒക്കെ കൂട്ടുപിടിക്കുന്നു.
ഒരു വാക്‌സിൻ വിരുദ്ധ പ്രചാരകന്റെ താഴെ ചേർത്തിരിക്കുന്ന പ്രസംഗം കേൾക്കുക.
കുട്ടികൾക്ക് പ്രതിരോധ മരുന്ന് നൽകുന്നത് രോഗം തടയാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നതും രണ്ടുദൈവമുണ്ടെന്ന് വിശ്വസിക്കുന്നതും ഒരുപോലെയാണെന്നാണ് ഇയാളുടെ പ്രസംഗം. ഏകദൈവത്തിൽ വിശ്വസിക്കുന്ന ചില സാധാരണക്കാരെയെങ്കിലും വഴിതെറ്റിക്കുകയാണ് ലക്ഷ്യം. രോഗാണുക്കളുമില്ല, രോഗപ്പകർച്ചയുമില്ലെന്നാണ് ഇയാൾ പറഞ്ഞുവെയ്ക്കുന്നത്. ഒരു സമൂഹത്തിന്റെ ശാസ്ത്രബോധത്തെയും യുക്തിയെ തന്നെയും ചോദ്യം ചെയ്യുകയാണ് ഈ വാക്‌സിൻ വിരുദ്ധ പ്രവർത്തകർ. വാക്‌സിനുകളെക്കുറിച്ച് ഒരു ചുക്കുമറിയാത്ത ഇവർ നിരന്തരം കള്ളപ്രചരണങ്ങൾ നടത്തുന്നു.
ഒരുവിഭാഗം മാദ്ധ്യമങ്ങളും നവമാദ്ധ്യമങ്ങളുമൊക്കെ വാക്‌സിൻ വിരുദ്ധർ പ്രചാരവേലയ്ക്കായി ഉപയോഗിക്കുന്നുണ്ട്. ചില തട്ടിക്കൂട്ട് റിപ്പോർട്ടുകളും ഇന്റർനെറ്റിൽ നിന്നും മറ്റും ലഭിക്കുന്ന ആധികാരികമല്ലാത്ത വിവരങ്ങളും ഉൾച്ചേർന്നതാണ് ഇവയുടെ സാരാംശം. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് മലപ്പുറം ജില്ലയിലെ വാക്‌സിനേഷൻ വിരുദ്ധ പ്രചരണം. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് മലപ്പുറത്തെ വാക്‌സിനേഷൻ നിരക്ക് 75 ശതമാനമാണ്. ഇത് അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ കണക്ക് മാത്രമാണ്. മുതിർന്നവരുടെ കാര്യത്തിൽ മലപ്പുറത്തെ വാക്‌സിനേഷൻ നിരക്ക് 35 ശതമാനത്തിൽ താഴെമാത്രമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.ട
2008 മുതൽ 2015 വരെ മലപ്പുറം ജില്ലയിൽ പ്രത്യക്ഷപ്പെട്ട വാക്‌സിനേഷൻകൊണ്ട് തടയാവുന്ന രോഗങ്ങളുടെ കണക്കുകളുടെ പട്ടിക ചുവടെ ചേര്ക്കുന്നു
ടെറ്റനസ്, ഡിഫ്തീരിയ, മീസിൽസ്, മസ്തിഷ്‌കജ്വരം, പോളിയോ എന്നിവയെല്ലാം വാക്‌സിനേഷൻകൊണ്ട് തടയാവുന്നതാണ്. ഇതിൽ പോളിയോ ഒഴികെ മറ്റെല്ലാ രോഗങ്ങളും മലപ്പുറത്ത് പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. 2008 മുതൽ 2015 വരെ മലപ്പുറത്ത് 13 കുട്ടികളാണ് ടെറ്റനസ് ബാധിച്ച് മരിച്ചത്. അഞ്ച് പേർ ഡിഫ്തീരിയ ബാധിച്ച് മരിച്ചു. 13 പേർ മീസിൽസ് പിടിപെട്ടും ഒരുകുഞ്ഞ് മസ്തിഷ്‌ക അണുബാധമൂലവും മരിച്ചു . ഇവരിൽ രണ്ടുപോരൊഴികെ എല്ലാവരും ആറുവയസ്സിൽ താഴെ പ്രായമുള്ളവരാണ്.
സെപ്റ്റംബർ രണ്ടാംവാരത്തിൽ മരണമടഞ്ഞ മലപ്പുറം വെട്ടത്തൂരിലെ സ്‌കൂൾ വിദ്യാർത്ഥികളായിരുന്ന രണ്ടുപേരും 12 വയസ്സുകാരാണ്. ഇതേപ്രായത്തിലുള്ള അഞ്ചുവിദ്യാർത്ഥികളിലാണ് ഇവിടെ ഡിഫ്തീരിയ ബാധ സ്ഥിരീകരിച്ചത്. 30 കിലോമീറ്റർ ദൂരെയുള്ള കാളമ്പാടിയിലെ മറ്റൊരു സ്‌കൂളിലും ഇതേ സമയം ഇതേ പ്രായത്തിലുള്ള കുട്ടികൾക്ക് ഡിഫ്തീരിയ പിടിപെട്ടു. അതിലൊരു കുട്ടിയുടെ അവസ്ഥ ഗുരുതരമായി തീർന്നു. കുട്ടികളെല്ലാവരും വാക്‌സിനേഷൻ ലഭിക്കാത്തവരാണ്. ആശങ്കാജനകമായ അവസ്ഥാണ് ഇത്.
രോഗാണുക്കളില്ലെന്നാണ് വാക്‌സിൻ വിരുദ്ധരുടെ വ്യാപക പ്രചരണം. എന്നാൽ എന്താണ് സത്യം ?
നമ്മുടെ ചുറ്റും രോഗാണുക്കളുണ്ട്. പതുങ്ങിപ്പതുങ്ങിവന്ന് എപ്പോഴാണ് അവ നമ്മ ആക്രമിക്കുക എന്ന് പറയാൻ പറ്റില്ല. വസൂരി രോഗത്തെയും പോളിയോയേയും മാത്രമേ ഇന്ത്യയിൽ നിന്ന് പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യാനായിട്ടുള്ളൂ. സമഗ്രമായ വാക്‌സിനേഷന്റെ ഫലമായാണ് ഈ രോഗങ്ങളെ നിർമ്മാർജ്ജനം ചെയ്യാൻ സാധിച്ചത്. 2015 മാർച്ച് 27 നാണ് ഇന്ത്യ പോളിയോ വിമുക്തമാണെന്ന് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോൾ മലപ്പുറത്തെ വാക്‌സിനെടുക്കാത്ത കുട്ടികൾ പോളിയോ രോഗത്തിന്റെ ഭീഷണിയിലാണ്. ഇപ്പോൾ പ്രത്യക്ഷപ്പെട്ട മറ്റ് രോഗങ്ങൾക്കൊപ്പം എപ്പോൾ വേണമെങ്കിലും മലപ്പുറത്ത് പോളിയോ പ്രത്യക്ഷപ്പെടാം.
വാക്‌സിനെടുക്കാത്ത കുട്ടികൾ മരണത്തിന് കീഴടങ്ങുന്നതും രോഗങ്ങൾ വ്യാപകമായി പടരുന്നതും വാക്‌സിൻ വിരുദ്ധരെ ഒട്ടും അലട്ടുന്നില്ല. വാക്‌സിനെടുക്കാത്തതുകൊണ്ടാണ് കുട്ടികൾ മരിക്കന്നതെന്ന് അവർ ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊടുക്കുന്നുമില്ല. പകരം വിചിത്രമായ ചില മുദ്രാവാക്യങ്ങൾ ഉയർത്തുകയാണ് അവർ ചെയ്യുന്നത്. മലപ്പുറത്തെ വാക്‌സിനേഷൻ മരണങ്ങൾ സിബിഐ അന്വേഷിക്കണമെന്നാണ് അവരുടെ ആവശ്യം. അതായത് വാക്‌സിനെടുത്തതുകൊണ്ട് മലപ്പുറത്ത് കുട്ടികൾ മരിക്കുന്നു എന്ന് പ്രചരിപ്പിക്കുകയാണ് ഇവർ.
ഭൂരിപക്ഷംപേരും വാക്‌സിനെടുത്ത ഒരു സമൂഹത്തിൽ രോഗാണുവിന് നിലനിൽപ്പില്ല. രോഗാണു ഇല്ലാതാവുകയല്ല, മറിച്ച് രോഗമുണ്ടാക്കാൻ കഴിയാത്തവിധം അവയുടെ എണ്ണം ശോഷിച്ചുപോകുകയാണ് ചെയ്യുന്നത്.എന്നാൽ ജനങ്ങൾ വൻതോതിൽ വാക്‌സിനേഷൻ എടുക്കാത്ത സാഹചര്യത്തിൽ സമൂഹത്തിന്റെ പ്രതിരോധ ശേഷി മൊത്തത്തിൽ കുറയുകയും രോഗാണുക്കൾ ശക്തിയാർജ്ജിച്ച് തിരിച്ചുവരികയും ചെയ്യും. മലപ്പുറത്ത് ഇതാണ്‌സംഭവിച്ചുകൊണ്ടിരിക്കുന്നത്. രോഗപ്പകർച്ചയും വ്യാപനവും നിയന്ത്രിക്കാനാവശ്യമായ പ്രതിരോധ മാർഗ്ഗങ്ങളെല്ലാം ലഭ്യമായിട്ടും മനപ്പൂർവ്വം അതിൽ നിന്ന് പിന്തിരിഞ്ഞ് നിൽക്കുകയാണ് മലപ്പുറത്തെ ഒരുകൂട്ടം ജനങ്ങൾ. അതിന്റെ ഭവിഷ്യത്ത് അവരെ ബോധ്യപ്പെടുത്തിക്കൊടുത്തില്ലെങ്കിൽ അതിതീവ്രമായ പ്രത്യാഘാതങ്ങളായിരിക്കും ജില്ലയ്ക്ക് നേരിടേണ്ടി വരിക.