മലപ്പുറം: പെരിന്തൽമണ്ണ ബൈപ്പാസ്, തറയിൽ ബസ്സ് സ്റ്റാന്റ്, അങ്ങാടിപുറം റയിൽവേ മേൽപ്പാലത്തിന് താഴ്ഭാഗം എന്നിവിടങ്ങളിൽ രാത്രികാലങ്ങളിൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കായി തമ്പടിക്കുന്ന ട്രാൻസ്ജെന്ററുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്ന പൊലീസിന്റെ മനോവീര്യം തകർക്കാൻ ശ്രമങ്ങൾ നടക്കുന്നതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെ ട്രാഫിക് പൊലീസുകാരൻ തങ്ങളെ പൊതുസമൂഹത്തിന്റെ മുന്നിൽ അശ്ലീലം പറയുകയും മർദ്ദിക്കുകയും ചെയ്യുന്നതായി ആരോപിച്ച് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ പരാതിക്കാരിക്ക് ഹാജരാകാൻ നോട്ടീസയച്ചെങ്കിലും ഹാജരാകാത്തതിനാൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പരാതി തീർപ്പാക്കി.

പരാതിയിലെ ആരോപണം ജില്ലാ പൊലീസ് മേധാവി നിഷേധിച്ചു. എന്നാൽ ട്രാൻസ്ജെന്റർ വിഭാഗത്തിലുള്ള ചിലർ രാത്രികാലങ്ങളിൽ പൊതു ജനങ്ങളുടെ സ്വൈര്യവിഹാരത്തിന് തടസ്സം നിൽക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇവർ വില പിടിപ്പുള്ള വസ്തുക്കൾ അപഹരിക്കാറുള്ളതായി പെരിന്തൽ മണ്ണ സ്റ്റേഷനിൽ പരാതികൾ ലഭിച്ചിട്ടുണ്ട്. പൊലീസെത്തുമ്പോൾ ഇവർ ഓടി രക്ഷപ്പെടും.

ട്രാൻസ്ജെൻഡറുകളുമായി പ്രകൃതി വിരുദ്ധ ലൈംഗിക പ്രവൃത്തികൾക്ക് എത്തുന്നവരെ പൊലീസ് ചോദ്യം ചെയ്യുമ്പോൾ ഭിന്നലിംഗക്കാർ പൊലീസിനെ ചോദ്യം ചെയ്യുന്നത് പതിവാണ്. ട്രാൻസ്ജെന്റർ വിഭാഗത്തോട് പൊലീസ് അപമര്യാദയായി പെരുമാറാറില്ല. നിയമലംഘനം നടത്തുന്ന ഇത്തരം ആളുകൾ നിയമ നടപടി ഭയന്ന് പൊലീസിനെതിരെ വ്യാജപരാതികൾ അയയ്ക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് കമമീഷൻ സ്വീകരിച്ചു.