മലപ്പുറം: നിലമ്പൂർ പൂക്കോട്ടുംപാടത്ത് രണ്ടാനമ്മയുടെ ക്രൂരപീഡനത്തിനിരയായ ഏഴുവയസുകാരിയെ ഏറ്റെടുക്കാൻ വിസമ്മതിച്ച സ്വന്തം അമ്മയായ സജ്‌നക്ക് ശിശുക്ഷേമസമിതിയുടെ നോട്ടീസ്.

പൂക്കോട്ടുപാടം കവളമുക്കട്ടയിൽ മറ്റൊരു വിവാഹം കഴിച്ച് താമസിക്കുന്ന കുട്ടിയുടെ മാതാവ് സജ്‌നക്ക് ഇന്നു രാവിലെയാണ് ശിശുക്ഷേമ സമിതി ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് സമൻസ് അയച്ചത്. കുഞ്ഞിനെ ഏറ്റെടുക്കാതിരിക്കുന്നതിന്റെ കാരണവും മാതാവിൽ നിന്നും ലഭിക്കേണ്ട സംരക്ഷണവും കുട്ടിക്ക് നിഷേധിച്ചതെന്തുകൊണ്ടെന്നും വിശദീകരിക്കാൻ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. യാതൊരു എഗ്രിമെന്റുമില്ലാതെ പിതാവിന് കുഞ്ഞിനെ വിട്ടുകൊടുത്തതും അതിനു ശേഷം ഒരു തവണപോലും കാണാനെത്താതിരുന്നതും സമിതിക്കു മുമ്പിൽ മാതാവ് വിശദമാക്കേണ്ടി വരും. തൃപ്തികരമായ മറുപടിയില്ലെങ്കിൽ ക്രൂരപീഡനത്തിന് വഴിയൊരുക്കിയ മാതാവ് സജ്‌നക്കെതിരെയും കേസെടുക്കുമെന്ന് ശിശുക്ഷേമ സമിതി അധികൃതർ പറഞ്ഞു. രണ്ടാനമ്മയുടെ പീഡനവാർത്ത പുറത്തു വന്നതിനു ശേഷം ജന്മം നൽകിയ മാതാവിന്റെ കൈകളിലേക്ക് കുട്ടിയെ ഏൽപ്പിക്കാൻ നാട്ടുകാരും പൊലീസും ശിശുക്ഷേമ സമിതിയും ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ കുട്ടിയെ ഏറ്റെടുക്കാനാവില്ലെന്നും താൻ ഭർത്താവിനെയും കുഞ്ഞിനെയും വർഷങ്ങൾക്കു മുമ്പ് ഉപേക്ഷിച്ചതാണെന്നും സജ്‌ന പറയുകയായിരുന്നുവത്രെ.

കേട്ടുകേൾവിപോലുമില്ലാത്ത ക്രൂര കൃത്യങ്ങളുടെയും മാതൃത്വം മരവിച്ച പെറ്റമ്മയുടെയും പോറ്റമ്മയുടെയും ലജ്ജിപ്പിക്കുന്ന കഥകളാണ് പൂക്കോട്ടുപാടത്ത് നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മലദ്വാരത്തിലൂടെ പലതവണ കമ്പു കയറ്റി മുറിവേൽപ്പിച്ചതിനാൽ മലദ്വാരവും മൂത്രനാളവും ഒന്നായ അവസ്ഥയിലാണ് കുട്ടി. സ്‌നേഹത്തിന്റെയും കരുണയുടെയും സ്പർശങ്ങൾ കുട്ടിക്ക് ഇന്നേവരെ ലഭിച്ചിട്ടില്ല. മാതാവിന്റെ സംരക്ഷണമില്ലാതെ രണ്ടാനമ്മയുടെ ക്രൂരപീഡനങ്ങൾക്കിരയായി വളർന്ന ഈ ഏഴുവയസുകാരി ഇന്ന് ഹൈപ്പർ ആക്ടിവിറ്റി എന്ന മാനസികാസ്വാസ്ഥ്യത്തിനും അടിമയാണ്. പേടിയും മർദനവും നിരന്തരമായി ഏൽക്കേണ്ടി വന്നതാണ് എല്ലാത്തിനോടും വിരക്തിയും വികൃതിയും പ്രകടിപ്പിക്കാൻ ഇടയാക്കിയിരിക്കുന്നത്. എന്നാൽ മാതൃതുല്യമായ സ്‌നേഹം കുട്ടിക്ക് ലഭിക്കുന്നതോടെ ഈ സാഹചര്യത്തിൽ നിന്നും മാറാനാകുമെന്ന് ഡോക്ടർമാർ പറഞ്ഞു.

അതേസമയം കുട്ടിയുടെ മാതാവ് സജ്‌ന ഏറ്റെടുക്കാൻ തയ്യാറാകാതിരുന്നതോടെ കൂറ്റമ്പാറ ചെറായിയിലെ ജ്യേഷ്ഠ സഹോദരി സാജിതയെയാണ് താൽക്കാലിക സംരക്ഷണം ഏൽപ്പിച്ചിരിക്കുന്നത്. രണ്ടാനമ്മ സെറീന ക്രൂരപീഡനങ്ങൾ നടത്തിയ ശേഷം മുക്കത്തെ യതീംഖാനയിൽ പെൺകുട്ടിയെ ചേർക്കുകയായിരുന്നു. കുട്ടിയുടെ മാനസികാസ്വസ്ഥ്യവും ശരീരത്തെ മുറിപ്പാടുകളും ശ്രദ്ധയിൽപ്പെട്ട യതീംഖാന അധികൃതർ മാതൃസഹോദരി സാജിതയെ തിരിച്ചേൽപ്പിക്കുകയായിരുന്നു. ഇതിനു ശേഷം ചികിത്സക്കായി കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

എന്നാൽ കുട്ടിക്ക് പീഡനമേറ്റെന്ന വിവരം അറിഞ്ഞിട്ടും ജന്മം നൽകിയ മാതാവ് തിരിഞ്ഞുനോക്കുക പോലും ചെയ്തില്ല. മകൾക്ക് മൂന്നു വയസുള്ളപ്പോഴാണ് മാതാവ് സജ്‌ന കാമുകനോടൊപ്പം പോയി വിവാഹം കഴിച്ചത്. ഇതോടെ കുട്ടിയുടെ സംരക്ഷണം മുജീബുറഹ്മാന്റെ ആദ്യഭാര്യയായ സെറീനയെ ഏൽപിച്ച് ഇയാൾ ഗൾഫിലേക്കു പോയി. പിന്നീട് കഴിഞ്ഞ നാലു വർഷമായി രണ്ടാനമ്മയുടെ ക്രൂരപീഡനത്തിനിരയായി കുട്ടി കഴിയേണ്ടി വരികയായിരുന്നു. കോഴിക്കോട് സ്വദേശിനിയായ സെറീനയെ ആശുപത്രിയിൽ വച്ചുണ്ടായ പരിചയത്തിലായിരുന്നു മുജീബ് വിവാഹം കഴിച്ചത്. സെറീനയിൽ മുജീബുറഹ്മാന് അഞ്ച് മക്കളുണ്ട്. പിന്നീട് സജ്‌നയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു.

സെറീനയും വീട്ടുകാരും എതിർത്തെങ്കിലും എല്ലാവരെയും ധിക്കരിച്ച് ഈ വിവാഹം പെട്ടെന്നൊരു നാളിൽ നടക്കുകയായിരുന്നു. പിന്നീട് സജ്‌ന മറ്റൊരു കാമുകനോടൊപ്പം ജീവിക്കാൻ തയ്യാറാവുകയും മൂന്നു വയസുകാരിയായ പെൺകുട്ടിയെ ഉപേക്ഷിച്ചു പോകുകയുമാണുണ്ടായത്. സജ്‌നക്ക് ഇപ്പോഴത്തെ ഭർത്താവിൽ രണ്ടുമക്കളുണ്ട്. മൂന്നാമത് ഗർഭിണിയുമാണ്. മുജീബും കുടുംബവും വാടക ക്വാർട്ടേഴ്‌സിലാണ് കഴിഞ്ഞിരുന്നത്. ഇവിടെ നിന്നും നാല് കിലോമീറ്റർ അകലെ മാത്രമായിരുന്നു സജ്‌ന മറ്റൊരു വിവാഹം കഴിച്ച് ഭർത്താവിനോടൊപ്പം ജീവിച്ചിരുന്നത്. എന്നാൽ ആദ്യ ഭർത്താവിലുണ്ടായ മകളെ കാണാനോ വിശേഷം തിരക്കാനോ ഇവർ ഇതുവരെയും എത്തിയിരുന്നില്ല.

പീഡനത്തിനിരയായ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാത്ത മാതാവിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ശിശുക്ഷേമ സമിതിക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഇതിലെ നിയമവശങ്ങൾ പരിശോധിക്കുന്നതിനായി മാതാവ് സജ്‌നക്ക് സമൻസ് അയച്ചതായി ശിശുക്ഷേമസമിതി അംഗം അഡ്വ. നജ്മൽ ബാബു കൊരമ്പയിൽ മറുനാടൻ മലയാളിയോടു പറഞ്ഞു. കുട്ടിയുടെ മലദ്വാരത്തിന് ക്ഷതമേറ്റതിനാൽ രണ്ടു ശസ്ത്രക്രിയകൂടി വേണ്ടി വരും. കഴിഞ്ഞ ദിവസം താൽക്കാലിക സംരക്ഷണത്തിനായി മാതൃ സഹോദരി സാജിതയുടെ കൂറ്റമ്പാറയിലെ വീട്ടിലേക്കെത്തിച്ച കുട്ടിയെ ഓപ്പറേഷനായി വീണ്ടും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

മനഃശ്ശാസ്ത്രചികിത്സയ്ക്കായി അടുത്ത ദിവസം കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. കുട്ടിയുടെ സൗജന്യ ചികിത്സക്കായി ഡി.എം.ഒയുടെ നേതൃത്വത്തിൽ ഒരു ശിശുരോഗ വിദഗ്ധനെയും സംരക്ഷണത്തിനായി ഒരു സ്റ്റാഫിനെയും ഏർപ്പെടുത്തിയതായി ശിശുക്ഷേമ സമിതി അറിയിച്ചു. കുട്ടിയുടെ ചികിത്സാ, പഠന ചെലവുകൾ നിലമ്പൂർ കോ ഓപ്പറേറ്റീവ് അർബൻബാങ്ക് ഏറ്റെടുത്തതായി ബാങ്ക് ചെയർമാൻ ആര്യാടൻ ഷൗക്കത്ത് അറിയിച്ചു. പ്രാഥമികാവശ്യങ്ങൾക്കായി പതിനായിരം രൂപയും ഷൗക്കത്ത് കുട്ടിയെ സന്ദർശിച്ച ശേഷം കൈമാറി.

അതേസമയം ക്രൂരപീഡനം നടത്തി അറസ്റ്റിലായ രണ്ടാനമ്മ സെറീന(31)യെ മഞ്ചേരി സെഷൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. സെറീനയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുത്തെങ്കിലും പ്രതി കുറ്റം സമ്മതിക്കാൻ തയ്യാറായില്ല. എന്നാൽ സെറീനയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന വാദം തെറ്റാണെന്നും മാനസിക തകരാറുകളൊന്നും കണ്ടിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. വൈദ്യപരിശോധനയിലും മാനസികാസ്വാസ്ഥ്യം രേഖപ്പെടുത്തിയിട്ടില്ല. ആദ്യ ഭാര്യയായ സെറീന ഉണ്ടായിരിക്കെ മുജീബ് മറ്റൊരു ഭാര്യയെ സ്വീകരിച്ചതും സജ്‌ന പിന്നീട് കുട്ടിയെ ഉപേക്ഷിച്ച് കാമുകനോടൊപ്പം കടന്നുകളഞ്ഞതുമാണ് സെറീനയ്ക്ക് രണ്ടാം ഭാര്യ സജ്‌നയോടും കുട്ടിയോടും കടുത്ത പക ഉണ്ടാക്കിയത്. ഇത് കുട്ടിക്കെതിരേയുള്ള നിരന്തര പീഡനത്തിലേക്കെത്തുകയായിരുന്നുവത്രെ. വണ്ടൂർ സി.ഐ സി.കെ ബാബുവിനാണ് അന്വേഷണ ചുമതല.