വേങ്ങര: മലപ്പുറം എ.ആർ.നഗർ. സർവീസ് സഹകരണ ബാങ്കിൽ നടന്നതെല്ലാം കള്ളപ്പണം വെളുപ്പിക്കൽ തന്നെ. അക്കൗണ്ട് എടുത്തവരെല്ലാം കുടുങ്ങുന്ന അവസ്ഥയിലാണ്. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിനെ വിവാദത്തിലാക്കിയത് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ മകന്റെ നിക്ഷേപം കൊണ്ടാണ്. ഇപ്പോൾ ഞെട്ടിക്കുന്ന വസ്തുതകളാണ് പുറത്തു വരുന്നത്.

റിട്ട. അങ്കണവാടി അദ്ധ്യാപിക കണ്ണമംഗലം തോട്ടശ്ശേരിയറ പുഴംകടവത്ത് മഠത്തിൽ ദേവിക്ക് പറയാനുള്ളതും ചതിയുടെ കഥയാണ്. എ.ആർ.നഗർ. സർവീസ് സഹകരണ ബാങ്കിലുള്ള അക്കൗണ്ടിൽ നൂറു രൂപയുണ്ടെന്ന് ദേവിക്ക് അറിയാം. എന്നാൽ 80 ലക്ഷത്തിന്റെ ഇടപാട് ഈ ബാങ്കിൽ ഉണ്ടെന്ന് ദേവി അറിയുന്നത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടുമ്പോഴാണ്.

തന്റെ അക്കൗണ്ടിൽ കൂടുതൽ പണം വന്നുപോയെന്ന് അവർ അറിയുന്നത് അപ്പോൾ മാത്രമാണ്. അതായത് കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള എല്ലാ മാർഗ്ഗവും ഈ ബാങ്കിൽ നടന്നു. 2010-ൽ തുടങ്ങിയ ജോയന്റ് അക്കൗണ്ടിലാണ് കൂടുതൽ പണമുണ്ടെന്ന് കാണിച്ച് നോട്ടീസ് വന്നതെന്ന് ദേവിയുടെ ഭർത്താവ് എൻ.പി. വിശ്വൻ പറഞ്ഞു. ഈ കുടുംബത്തിന് ഇതേ കുറിച്ച് ഒന്നും അറിയില്ല.

അന്ന് അങ്കണവാടി അദ്ധ്യാപികയായിരുന്ന ദേവി കെട്ടിടത്തിന്റെ അടുക്കളയുടെ പണിക്കായി തുടങ്ങിയതാണ് അക്കൗണ്ട്. 25,000 രൂപയാണ് സർക്കാരിൽനിന്ന് പാസായത്. കെട്ടിടത്തിന്റെ പണി കഴിഞ്ഞു. 100 രൂപ ബാക്കിവെച്ചു. ഈ അക്കൗണ്ടാണ് ഇപ്പോൾ പ്രശ്‌നമാകുന്നത്. 10,000 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് ലഭിച്ചത്.

നിലവിലുള്ള അക്കൗണ്ടിൽ 80 ലക്ഷംരൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും ഇതിനാണ് നോട്ടീസ് അയച്ചതെന്നും ആദായനികുതിവകുപ്പ് വാക്കാൽ പറഞ്ഞു. അപ്പോഴാണ് അക്കൗണ്ടിൽ കൂടുതൽ പണമുണ്ടെന്ന് അറിയാൻ കഴിഞ്ഞത്. അതായത് കള്ളപ്പണ ഇടപാടുകൾക്ക് പാവം ദേവിയുടെ അക്കൗണ്ടും ആരോ ഉപയോഗിച്ചു. ബാങ്കിലെ ഉന്നതരുടെ അറിവില്ലാതെ ഇതൊന്നും നടക്കില്ല. ഇതോടെ കരുവന്നൂരിൽ പണം തട്ടലാണ് നടന്നതെങ്കിൽ മലപ്പുറത്ത് പണം വെളുപ്പിക്കലാണ് നടന്നതെന്നാണ് വ്യക്തമാകുന്നത്.

ബാങ്കിനെ സമീപിച്ചപ്പോൾ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറെ കാണാനും തുടർന്ന് പൊലീസിനെ സമീപിക്കാനും മറുപടി ലഭിച്ചു. അതുപ്രകാരം തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പേര് തെറ്റി നിക്ഷേപിച്ചതാണോ എന്ന് ഫയൽ പരിശോധിച്ചാലേ അറിയൂ എന്ന് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ വി.കെ. ഹരികുമാർ അറിയിച്ചു. സംഭവത്തെക്കുറിച്ച് വ്യക്തമായി അന്വേഷിക്കണമെന്നും അതിനാൽ കേസെടുത്തിട്ടില്ലെന്നും തിരൂരങ്ങാടി സ്റ്റേഷൻ ഓഫീസർ അറിയിച്ചു.

2017-ലാണ്അക്കൗണ്ടിൽ പണം വന്നതായി കാണുന്നത്. ബാങ്കിന് പല ശാഖകളുണ്ട്. ഇത്രയും പണം ദേവിയുടെ എക്കൗണ്ടിൽ നിക്ഷേപിച്ച ശേഷം പിൻവലിച്ചു എന്നാണ് അറിയുന്നത്. ബാങ്കിൽ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കള്ളപ്പണമുണ്ടെന്ന് കെ.ടി ജലീൽ എംഎ‍ൽഎ. ആരോപിച്ചിരുന്നു. ഈ ബാങ്ക് സിപിഎം നിയന്ത്രണത്തിലാണെന്നുള്ളതാണ് മറ്റൊരു വസ്തുത.