- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വണ്ടിയെ തട്ടുന്ന രീതിയിൽ കാർ ഓവർടേക്ക് ചെയ്തു; വീഴാൻ പോയപ്പോഴാണ് പ്രതികരിച്ചത്; വണ്ടിയുടെ ഫോട്ടോ എടുത്തിരുന്നു; നടുറോഡിൽ വച്ചാണ് ഞങ്ങളെ തല്ലിയത്; ഇബ്രാഹിം ഷബീറിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് പരാതിക്കാരി; പ്രതിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തു
മലപ്പുറം: ദേശീയപാതയിൽ പാണമ്പ്രയിൽ സഹോദരിമാരെ നടുറോഡിലിട്ട് മർദിച്ച സംഭവത്തിൽ പ്രതിക്ക് തക്കതായ ശിക്ഷ നൽകണമെന്ന് മർദനത്തിനിരയായ അസ്ന അസീസ്. വണ്ടി ഇടിച്ചിടാൻ പോയതിനാണ് തങ്ങൾ പ്രതികരിച്ചതെന്നും എന്നാൽ കേസ് ഒതുക്കിത്തീർക്കാനാണ് ശ്രമമുണ്ടായതെന്നും പരാതിക്കാരിയായ അസ്ന പറയുന്നു. അതേ സമയം
സംഭവത്തിൽ പ്രമുഖ മുസ്ലിംലീഗ് നേതാവിന്റെ മകനായ സിഎച്ച് ഇബ്രാഹിം ഷബീറിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ഐപിസി 354 വകുപ്പുകൾ ചുമത്തി. സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തിട്ടുണ്ട്. നടുറോഡിൽ മർദ്ദിച്ച യുവാവിനെ സഹോദരിമാർ വിദഗ്ദമായാണ് കുടുക്കിയത്. ഇബ്രാഹിം സഞ്ചരിച്ച കാറിന്റെ നമ്പറും മർദ്ദനത്തിന്റെ വീഡിയോയും ഇവർ പകർത്തിയതോടെ പ്രതിയെ എളുപ്പത്തിൽ തിരിച്ചറിയാൻ പൊലീസിനും സാധിച്ചു.
ലീഗ് നേതാക്കളുടെ സമ്മർദ്ദത്തിൽ കേസ് ഒതുക്കാനാണ് പൊലീസ് ആദ്യം ശ്രമിച്ചതെങ്കിലും പരാതിയുമായി പെൺകുട്ടികൾ മുന്നോട്ട് നീങ്ങിയതോടെയാണ് കേസിന് ജീവൻ വച്ചത്. വീണ്ടും പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുമെന്ന് തേഞ്ഞിപ്പാലം സിഐ അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്യുന്നതിലും മൊഴി രേഖപ്പെടുത്തുന്നതിലും വീഴ്‌ച്ച സംഭവിച്ചോയെന്ന് പരിശോധിക്കുമെന്നും സിഐ അറിയിച്ചു. തിരൂരങ്ങാടിയിലെ പ്രമുഖനായ ലീഗ് നേതാവിന്റെ മകനാണ് സി എച്ച് ഇബ്രാഹിം ഷെബീർ.
ഇബ്രാഹിം ഷബീർ ലീഗ് സ്വാധീനമുള്ള വ്യക്തിയാണെന്ന് മർദ്ദനമേറ്റ പെൺകുട്ടികൾ തന്നെയാണ് ആദ്യം പറഞ്ഞത്. ലീഗ് സ്വാധീനം ഉപയോഗിച്ച് പരാതി ഒതുക്കി തീർക്കാനാണ് ശ്രമം നടന്നതെന്നും അതിന് പൊലീസ് പിന്തുണയുണ്ടെന്നും പരാതിക്കാരി അസ്‌ന പറഞ്ഞു.
'അവർക്ക് തക്കതായ ശിക്ഷ നൽകണം. വണ്ടി ഇടിച്ചിടാൻ പോയതിനാണ് ഞങ്ങൾ പ്രതികരിച്ചത്. റോങ് സൈഡ് കയറ്റിയതിനാണ് ഞങ്ങൾക്ക് പ്രതികരിക്കേണ്ടിവന്നത്. വെറുതെ ഒരാളെയും ചീത്തവിളിക്കുന്നില്ല. ഞങ്ങൾ ലോങ് ഹോണടിച്ചിരുന്നു. അതാണ് അയാളെ ദേഷ്യം പിടിപ്പിച്ചത്. എഫ്.ഐ. ആറിൽ സ്ട്രോങ് ആയിട്ടും ഒന്നുമില്ല. കേസ് ഒതുക്കിത്തീർക്കാനാണ് ശ്രമിച്ചത്. വധശ്രമം അടക്കം ഉൾപ്പെടുത്തിയില്ല. അവരെല്ലാം ലീഗിന്റെ ആൾക്കാരാണ്. അതിന്റെ ബലത്തിലാണ് ഇതെല്ലാം ചെയ്യുന്നതെന്നാണ് കരുതുന്നത്. നീതി കിട്ടിയില്ലെങ്കിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകും.ഈ കേസിൽ ഒന്നുമില്ലാതെ അയാൾ ഇറങ്ങിപ്പോയാൽ റോഡിൽ ആർക്കും അരെയും അടിക്കാമെന്ന സ്ഥിതിയാകും. വാക്കുതർക്കമൊക്കെ റോഡിലുണ്ടാകുന്നതാണ്. എന്നാൽ കൈവെയ്ക്കാൻ അവകാശമില്ല. അതിനുള്ള ശിക്ഷ കിട്ടണം.'- അസ്ന പറഞ്ഞു.
''കോഴിക്കോട് നിന്ന് മലപ്പുറം ജില്ലയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. അമിതവേഗത്തിൽ കാറോടിച്ചെത്തിയ ഇബ്രാഹിം ഞങ്ങളുടെ വാഹനം അപകടത്തിൽപ്പെടുന്ന രീതിയിൽ തെറ്റായ വശത്ത് കൂടി ഓവർടേക്ക് ചെയ്തു. വണ്ടിയെ തട്ടുന്ന രീതിയിലാണ് അവർ കാർ ഓവർടേക്ക് ചെയ്തത്. വീഴാൻ പോയപ്പോഴാണ് പ്രതികരിച്ചത്. ഇതോടെയാണ് അയാൾ കാറിൽ നിന്നിറങ്ങി മർദ്ദിച്ചത്. വണ്ടിയുടെ ഫോട്ടോ എടുത്തിരുന്നു. തുടർന്ന് നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോയി പരാതി നൽകി. പിന്നാലെ പൊലീസ് ആളെ കണ്ടുപിടിച്ച് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ശേഷമാണ് അവര് ലീഗിന്റെ സ്വാധീനമുള്ളവരാണെന്ന് അറിയാൻ സാധിച്ചത്.''
''വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ അറിഞ്ഞത്. കുടുംബത്തിലുള്ളവർക്കും അവരെ പറ്റി അറിയാമായിരുന്നു. ഇതോടെ സ്വാധീനം ഉപയോഗിച്ച് പരാതി ഒതുക്കാനാണ് അവർ ശ്രമിച്ചത്. അടുത്തുള്ള വീടുകളിലെയും നാട്ടിലെയും ആൾക്കാരും വന്ന് സംസാരിക്കാൻ തുടങ്ങി. നിങ്ങൾ പെൺകുട്ടികളല്ലേ, പ്രശ്‌നം ഒതുക്കി കൂടെയെന്നാണ് അവർ ചോദിച്ചത്. നടുറോഡിൽ വച്ചാണ് ഞങ്ങളെ തല്ലിയത്. ഇതിൽ നിന്ന് അവർ രക്ഷപ്പെട്ടാൽ ആരെ വേണമെങ്കിലും കൈ വയ്ക്കാമെന്ന നില വരും. സ്വാധീനവും പണവും വച്ച് എന്തും കളിക്കാമെന്ന് നിലയിലാണ്. ചെറിയ കുട്ടികൾക്ക് വരെ അറിയാം അടിക്കാൻ പാടില്ലെന്ന്.''
''പൊലീസ് കേസെടുത്തെങ്കിലും നിസാരമായ വകുപ്പുകൾ ചുമത്തി ഇബ്രാഹിനെ വിട്ടയ്ക്കുകയായിരുന്നു. വധശ്രമത്തിന് കേസെടുക്കണമെന്നാണ് പൊലീസിനോട് പറഞ്ഞത്. എന്നാൽ അവർ നിസാര വകുപ്പുകളാണ് ചുമത്തിയത്. നിങ്ങൾ നോക്കി ഓടിക്കേണ്ടേ എന്നൊക്കെയാണ് പൊലീസ് പറയുന്നത്. വ്യക്തമായ തെളിവുണ്ടായിട്ടും അവർ നടപടി എടുക്കുന്നില്ല''
ഏപ്രിൽ 16-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂട്ടർ യാത്രക്കാരായ പരപ്പനങ്ങാടി സ്വദേശി അസ്ന അസീസ്, സഹോദരി ഹംന അസീസ് എന്നിവരെയാണ് തിരൂരങ്ങാടി ചന്തപ്പടി സ്വദേശി സി.എച്ച്. ഇബ്രാഹിം ഷബീർ നടുറോഡിലിട്ട് മർദിച്ചത്. കാറിൽ സഞ്ചരിക്കുകയായിരുന്ന ഷബീറിന്റെ അപകടകരമായ ഡ്രൈവിങ് സഹോദരിമാർ ചോദ്യംചെയ്തതായിരുന്നു മർദനത്തിന്റെ കാരണം.
നേരത്തെ അമിതവേഗതയിൽ ഇടതുവശത്തുകൂടി കാർ സ്‌കൂട്ടറിനെ ഓവർടേക്ക് ചെയ്തിരുന്നു. തുടർന്ന് സഹോദരിമാർ ഹോണടിച്ച് മുന്നോട്ടുപോവുകയും അപകടകരമായ ഡ്രൈവിങ്ങിനെതിരേ പ്രതികരിക്കുകയും ചെയ്തു. പിന്നാലെ പാണമ്പ്ര ഇറക്കത്തിൽവെച്ച് ഷബീർ കാർ കുറുകെയിട്ട് യുവതികളെ തടയുകയായിരുന്നു. കാറിൽനിന്നിറങ്ങിയ യുവാവ് പെൺകുട്ടികളെ നടുറോഡിലിട്ട് മർദിക്കുകയും ചെയ്തു. അഞ്ചുതവണ ഇയാൾ മുഖത്തടിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ഏപ്രിൽ 16-ന് നടന്ന സംഭവമായിട്ടും പൊലീസ് ശനിയാഴ്ചയാണ് തങ്ങളുടെ മൊഴി രേഖപ്പെടുത്തിയതെന്ന് പരാതിക്കാർ ആരോപിച്ചു. പ്രതിയെ പൊലീസ് വിളിച്ചുവരുത്തിയെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ