തിരുവനന്തപുരം: വീണ്ടും തിയേറ്ററുകൾ സജീവമാകുന്നു. കുഴി വിവാദമാണ് സിനിമയെ രക്ഷിച്ചത്. ന്നാ താൻ കേസ് കൊട് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറുന്നു. തല്ലുമാലയും വിജയത്തിലെത്തി. നെഗറ്റീവ് റിവ്യൂകളും അതിനെ പരിവാർ അനുകൂലികൾ ചർച്ച ചെയ്തതും പാപ്പനും അനുകൂലമായി. അങ്ങനെ മൂന്ന് സിനിമകൾ ലാഭക്കണക്കിൽ രക്ഷപ്പെടുന്നു. ഇതിനെല്ലാം കാരണം വിവാദങ്ങളാണ്. കോവിഡിന് ശേഷം ആറാട്ടും ഭീഷ്മപർവവും തിയേറ്റിനെ ഉത്സവമാക്കി. പിന്നാലെ ജനഗണമന, ഹൃദയം, കടുവ, പാപ്പൻ തുടങ്ങിയ ചിത്രങ്ങളും ആവേശത്തോടെയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. ഇത് മലയാള സിനിമയ്ക്ക് കരുത്താകും. ഒടിടിയിൽ സിനിമ എത്തുന്നത് നിയന്ത്രിച്ച് കൂടുതൽ വിജയമാണ് തിയേറ്ററുകാരും ലക്ഷ്യമിടുന്നത്.

കാമ്പുള്ള കഥയോടൊപ്പം എന്റർടെയ്ന്മെന്റ് കൂടി മിക്‌സ് ചെയ്ത് മികച്ച ഒരു വിരുന്നു തന്നെയാണ് 'ന്നാ താൻ കേസുകൊട്' എന്ന ചിത്രത്തിലൂടെ രതീഷ് ബാലകൃഷ്ണ പൊതുവാളും സംഘവും നൽകിയിരിക്കുന്നത്. 25 കോടി രൂപ കലക്ഷനുമായി ചാക്കോച്ചന്റെ കരിയർ ഹിറ്റുകളിലൊന്നായി മാറുകയാണ് 'ന്നാ താൻ കേസ് കൊട് '. പുതിയ കാലത്തിന്റെ അഭിരുചി അറിഞ്ഞു ചെയ്ത ചിത്രമാണ് തല്ലുമാല. പുതിയ ജനറേഷനാണ് ആ സിനിമ ഏറ്റെടുക്കുന്നത്. ഒടിടിയുടെ അതിപ്രസരമുള്ള ഇക്കാലത്തും സിനിമ വിജയിക്കുകയാണ്.

ഞങ്ങൾ പ്രതീക്ഷിക്കാത്ത രീതിയിലുള്ള പ്രതികരണമാണ് തിയറ്ററിൽനിന്നു ലഭിക്കുന്നത്. തിയറ്റർ സന്ദർശനത്തിന് പോകുമ്പോൾ പ്രായഭേദമന്യേ കുടുംബത്തോടൊപ്പം പ്രേക്ഷകർ വരുന്ന കാഴ്ചയാണ് കാണുന്നത്. രാത്രി 12 മണിക്ക് ശേഷമുള്ള ഷോയ്ക്ക് പോലും സ്ത്രീകൾ അടക്കം സിനിമ കാണാൻ തിയറ്ററിൽ വരുന്നുണ്ട്. ഇതൊക്കെ വളരെ പോസിറ്റീവ് ആയ കാര്യമാണ്. ഞങ്ങളുടെ സിനിമ മാത്രമല്ല പാപ്പൻ, കടുവ, ഇപ്പോൾ റിലീസ് ചെയ്ത തല്ലുമാല തുടങ്ങിയ ചിത്രങ്ങളും തിയറ്ററിൽ പ്രേക്ഷകരെ എത്തിച്ചു. ഇതിനു മുന്നേ വന്ന 'ജാനേ മൻ' പോലും ആദ്യത്തെ മൂന്നുനാലു ദിവസം മോശമായെങ്കിലും പിന്നീട് തിയറ്ററിൽ ആളെത്തിയെന്നാണ് വിലയിരുത്തൽ.

ഒരു സിനിമ കാണണം എന്നു തോന്നിയാൽ തീർച്ചയായും തിയറ്ററിൽ ആളെത്തും. അതിന് കുഴി വിവാദം സഹായിച്ചു. സൈബർ സഖാക്കൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് സിനിമയെന്ന് വാദിച്ചപ്പോൾ ആളുകൾ ഓടിയെത്തി. ഇതിന്റെ ഗുണം തല്ലുമാലയ്ക്കും കിട്ടി. കലാപരമായി മികച്ചതല്ലെങ്കിലും ടോവിനോ തോമസിന്റെ മാർക്കറ്റ് കൂടി. സുരേഷ് ഗോപിക്കും പാപ്പന്റെ കണക്കുകൾ ചിരിക്ക് വക നൽകി. മികച്ച ചിത്രമെന്ന നിരൂപണ പ്രശംസ കിട്ടാതെയാണ് പാപ്പനും തിയേറ്ററിൽ നേട്ടമായി മാറിയത്.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മലയാളി പ്രേക്ഷകരെ മറ്റൊരു കാഴ്ചാനുഭവത്തിലേക്കാണ് എത്തിച്ചത്. വീട്ടിലെ സൗകര്യത്തിൽ ഒടിടിയിൽ സിനിമ കണ്ടു ശീലിച്ച പ്രേക്ഷകർ പലതരത്തിലുള്ള ജോണറിലുള്ള സിനിമകൾ ആണ് ആസ്വദിച്ചത്. അവരെ തിയറ്ററുകളിലേക്ക് മടക്കികൊണ്ടുവരുന്നത് വലിയൊരു ഉത്തരവാദിത്തമായിരുന്നു ഇതാണ് വിവാദങ്ങൾ അപ്രസക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഓണവും തിയേറ്ററുകളിൽ ആളുകളെ എത്തിക്കുമെന്നാണ് പ്രതീക്ഷ. അതിന് അനുസരിച്ചുള്ള സിനിമകൾ തിയേറ്ററിൽ എത്തിക്കാനാണ് ശ്രമം. സോഷ്യൽ മീഡിയയിലെ ചർച്ചകൾ മലയാള സിനിമയേയും സ്വാധീനിച്ചു തുടങ്ങിയിരിക്കുന്നു.

സിനിമ ചെയ്യുന്നവർ തിയറ്ററിൽ ആസ്വദിക്കേണ്ട ചിത്രങ്ങൾ തന്നെ നിർമ്മിക്കണം. പ്രേക്ഷകർക്ക് അവർക്ക് വേണ്ടത് കൃത്യമായി കൊടുത്താൽ അവർ തിയറ്ററിൽ എത്തും എന്നാണ് ഇപ്പോഴത്തെ വിജയങ്ങൾ സൂചിപ്പിക്കുന്നതെന്ന് സിനിമാക്കാരും പറയുന്നു.