കൊച്ചി: രേഖകൾ വേണ്ടവിധം പരിശോധിക്കാതെ അനർഹരായവർക്കു കാർഷിക വായ്പ അനുവദിച്ചതുവഴി ഇന്ത്യൻ ഓവർസീസ് ബാങ്കിനു കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന കേസിൽ ഐഒബി ചീഫ് മാനേജർ ഷാജി തോമസിനെ അറസ്റ്റ് ചെയ്തുവെന്ന് വാർത്ത കൊടുത്ത് മനോരമ പുലിവാല് പിടിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകനായ എജെ ഫിലിപ്പാണ് മനോരമയ്ക്ക് തെറ്റ് പറ്റിയത് ചൂണ്ടിക്കാട്ടിയത്. ഇതോടെ മനോരമ പുതി വാർത്ത നൽകി. അത് മാനേജർക്ക് മുൻകൂർ ജാമ്യം ലഭിച്ചുവെന്നും. തുടർന്നു സിബിഐ അറസ്റ്റ് ഒഴിവാക്കിയെന്നുമായിരുന്നു.

പന്തളം ഇന്ത്യൻ ഓവർസീസ് ബാങ്കിൽ (ഐഒബി) നിന്നു വ്യാജരേഖകളുപയോഗിച്ച് 3.06 കോടി രൂപ തട്ടിയ കേസിൽ ബാങ്ക് മാനേജരടക്കം ഒൻപതു പേരെ സിബിഐ അറസ്റ്റ് ചെയ്തുവെന്നായിരുന്നു കഴിഞ്ഞ ദിവസം മനോരമ വാർത്ത നൽകിയത്. 2013ൽ ഐഒബിയിൽ നടപ്പാക്കിയ ഭൂമിലക്ഷ്മി വായ്പാ പദ്ധതിയിലാണ് അറസ്റ്റിലായ അന്നത്തെ മാനേജർ ഷാജി തോമസിന്റെ നേതൃത്വത്തിൽ തട്ടിപ്പ് നടന്നത്. അറസ്റ്റിലായവരുടെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായും മനോരമ റിപ്പോർട്ട് ചെയ്തു.. പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ ഇന്നു ഹാജരാക്കുമെന്നും വിശദീകരിച്ചു.

ഈ വാർത്ത തെറ്റാണെന്നും മനോരമ മാപ്പു പറയണമെന്നുമായിരുന്നു എജെ ഫിലിപ്പ് ഫെയ്‌സ് ബുക്കിലൂടെ ആവശ്യപ്പെട്ടത്. ഇതോടെയാണ് ഇന്ന് തിരുത്തൽ വാർത്ത നൽകിയത്. ഇതിൽ ഖേദ പ്രകടനമോ മുമ്പ് തെറ്റായ വാർത്ത കൊടുത്തുവെന്നോ വിശദീകരിക്കുന്നില്ല. രേഖകൾ വേണ്ടവിധം പരിശോധിക്കാതെ അനർഹരായവർക്കു കാർഷിക വായ്പ അനുവദിച്ചതുവഴി ഇന്ത്യൻ ഓവർസീസ് ബാങ്കിനു കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന കേസിൽ ഐഒബി ചീഫ് മാനേജർ ഷാജി തോമസിനു മുൻകൂർ ജാമ്യം ലഭിച്ചു. തുടർന്നു സിബിഐ അറസ്റ്റ് ഒഴിവാക്കി. ബാങ്കിന്റെ ചീഫ് റീജനൽ മാനേജർ രാജേഷ് കുമാർ മാധുർ സമർപ്പിച്ച പരാതിയിലാണു കേസ്. അനർഹമായ കാർഷിക വായ്പ നേടിയ വ്യക്തികൾ ഉൾപ്പെടെ ഒൻപതു പ്രതികളെ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിട്ടുണ്ട്.-ഇങ്ങനെയാണ് പുതിയ വാർത്ത.

അറസ്റ്റ് ഒഴിവാക്കാൻ ഷാജി തോമസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി അനുവദിക്കുകയായിരുന്നു. അനർഹർക്കു കാർഷിക വായ്പ അനുവദിച്ചതിൽ 3.06 കോടി രൂപയുടെ നഷ്ടം ബാങ്കിനുണ്ടായതായി അനുമാനിക്കുന്നു. ബാങ്കിന്റെ പന്തളം ശാഖയിലായിരുന്നു സംഭവം. ഗൂഢാലോചന, വഞ്ചനാ കുറ്റങ്ങളും അഴിമതി നിരോധന നിയമത്തിന്റെ വകുപ്പുകളുമാണു പ്രതികൾക്കെതിരെ സിബിഐ ചുമത്തിയതെന്നും പുതിയ വാർത്തയിൽ മനോരമ പറയുന്നു. ഇതിനൊപ്പം കേസിൽ അറസ്റ്റിലായെന്ന പ്രചാരണം ശരിയല്ലെന്നു ഷാജി തോമസ് പറഞ്ഞതായും വിശദീകരിക്കുന്നു. അങ്ങനെ തെറ്റായ വാർത്ത കൊടുത്ത പുലിവാല് അതിസമർത്ഥമായി ഒഴിവാക്കുകയാണ് മുത്തശ്ശി പത്രം ചെയ്യുന്നത്.

രഹസ്യവിവരത്തെ തുടർന്ന് ബാങ്കിന്റെ ഉന്നതാധികാരികൾ 2014 ഏപ്രിലിൽ നടത്തിയ പരിശോധനയിലാണ്, 'ഭൂമി ലക്ഷ്മി' പദ്ധതി പ്രകാരം വായ്പ അനുവദിച്ചതിൽ ബാങ്കിനു വലിയ നഷ്ടമുണ്ടായതായി മനസ്സിലാക്കിയത്. ഈടു വയ്ക്കുന്ന വസ്തു പരിശോധിച്ചു വില നിശ്ചയിക്കാതെയാണു വായ്പ നൽകിയതെന്നും ബോധ്യപ്പെട്ടതോടെ അധികാരികൾ സിബിഐക്കു പരാതി നൽകുകയായിരുന്നു. കേസിലെ മറ്റൊരു പ്രതി അന്വേഷണം തുടങ്ങും മുൻപേ മരിച്ചുവെന്നും മനോരമ പറയുന്നു. .2011 ഓഗസ്റ്റിനും 2013 ഓഗസ്റ്റിനും ഇടയിലാണു തട്ടിപ്പു നടത്തിയത്. വായ്പയ്ക്കായി വ്യാജ ആധാരങ്ങൾ, ചെക്കുകൾ, രേഖകൾ എന്നിവയുണ്ടാക്കി. പണയത്തിനായി ബാങ്കിൽ ഈടുവച്ച പ്രമാണം ഉടമസ്ഥരറിയാതെ മാനേജരും ഉദ്യോഗസ്ഥരും ചേർന്ന് തിരിമറി നടത്തിയശേഷം മറ്റു വായ്പകളിലേക്ക് മാറ്റിയാണ് 3.06 കോടി തട്ടിയെടുത്തതെന്നായിരുന്നു ആദ്യ വാർത്ത.

ഈ വാർത്തകളിലെ കള്ളത്തരങ്ങൾ പൊളിച്ചടുക്കുകയാണ് എജെ ഫിലിപ്പ്. ആദ്യ വാർത്തയിൽ തട്ടിപ്പെന്ന പദം മനോരമ ഉപോയിഗിച്ചു. രണ്ടാം വാർത്തയിൽ വായ്പാ നഷ്ടവും. ഇത് നാണക്കേടാണെന്ന് എജെ ഫിലിപ്പ് ഫെയ്‌സ് ബുക്കിൽ കുറിക്കുന്നു.