കൊച്ചി: ഗൾഫ് നാടുകളിൽ നിന്നും കേരളത്തിലേക്ക് സ്വർണം ഒഴുകി തുടങ്ങിയത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇടയ്ക്കിടെ വിമാനത്താവളത്തിൽ നിന്നും കള്ളക്കടത്ത് സ്വർണം പിടികൂടുമ്പോൾ മാത്രമേ ഇത് വാർത്തയാകുന്നുള്ളൂ എന്നുമാത്രം. ഈ സമയങ്ങളിൽ കേരളത്തിലെ മാദ്ധ്യമങ്ങളിൽ വിശദമായ റിപ്പോർട്ടുകൾ വരികയും ചെയ്യും. പത്രങ്ങളിൽ അന്വേഷണം പരമ്പരകൾ വരുമെങ്കിലും കൃത്യമായ ദിശയിൽ അന്വേഷണം നടക്കാറുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് പറയേണ്ടി വരും. കേരളത്തിലെ മാദ്ധ്യമങ്ങളുടെ പരസ്യദാതാക്കളായ ജൂവലറി പ്രമുഖന്മാരും ഇത്തരം കള്ളക്കടത്തുകാരാകുന്നതുകൊണ്ടാണ് മാദ്ധ്യമ അന്വേഷണങ്ങളും എങ്ങുമെത്താത്തത്. ഇത്തവണ നെടുമ്പാശ്ശേരി വഴിയുള്ള സ്വർണ്ണക്കടത്തു വാർത്തക്കടത്തു വാർത്തകൾ പുറത്തുവരവേ മനോരമ പത്രവും സ്വർണ്ണമൊഴുകുന്ന വഴികൾ തിരഞ്ഞ് അന്വേഷണ പരമ്പര തുടങ്ങി.

ഗൾഫിൽ നിന്ന് കേരളത്തിലേക്ക് സ്വർണ കള്ളക്കടത്തിന്റെ വഴികൾ അന്വേഷിച്ചാണ് പത്രത്തിലെ ലേഖന പരമ്പര. ഗൾഫിൽ നിന്ന് കേരളത്തിലെ വിമാനതാവളങ്ങളിലേക്ക് എത്തിയ സ്വർണ കള്ളകടത്തിനെ കുറിച്ചാണ് പരമ്പര. കള്ളക്കടത്തിന്റെ സുവർണകാലം എന്ന് പേരിട്ടാണ് മനോരമയുടെ അന്വേഷണം പരമ്പര പുരോഗമിക്കുന്നത്. മനോരമ ഉൾപ്പടെയുള്ള മിക്ക മാദ്ധ്യമങ്ങൾക്കും അത്രയേ അന്വേഷിക്കാനാവൂ. സ്വർണം വന്ന വഴികൾ അന്വേഷിക്കുന്നത് പോലെ പ്രധാനമാണ് അതു പോയ വഴികൾ കണ്ടെത്തുന്നതും. എന്നാൽ, ഇത്തരം അന്വേഷണങ്ങളൊന്നും എവിടെയും നടക്കാറില്ലെന്നതാണ് വാസ്തവം.

ആയിരം രൂപയിൽ താഴെയുള്ള മൊബൈൽ മോഷണം പോയാൽ പോലും അത് അറിയാതെ വാങ്ങിയവനെ പോലും പൊലീസ് പൊക്കും. മോഷ്ടിക്കുന്നത് പോലെ കുറ്റകരമാണ് മോഷ്ടിച്ച മുതൽ വാങ്ങി ഉപയോഗിക്കുന്നതും. ഐപിസി 378 പ്രകാരം അത് കുറ്റകരമാണ്. എന്നാൽ കേരളത്തിലേക്ക് കള്ളകടത്തായി ഒഴുകിയെത്തി കൊണ്ടിരിക്കുന്ന സ്വർണങ്ങൾ വാങ്ങുന്നത് ആരാണെന്ന് വലിയ അന്വേഷണം കൂടാതെ തന്നെ കണ്ടെത്താനാവും. 2013 മുതൽ കേരളത്തിലെ വിമാനതാവളങ്ങളിൽ നിന്ന് 657.41 കിലോ സ്വർണമാണ് കള്ള കടത്തായി പിടികൂടിയത്. ഇതിന് 185.03 രൂപ വില കണക്കാക്കുന്നു. എന്നാൽ പിടികൂടാതെ ഒഴുകിയെത്തിയത് ആയിരകണക്കിന് കോടി രൂപയുടെ സ്വർണമാണ്.

നെടുമ്പാശ്ശേരി വഴി മൂവാറ്റുപുഴ സ്വദേശി നൗഷാദിന്റെ സംഘം മാത്രം 2300 കിലോയിലധികം സ്വർണം അതായത് 550 കോടി രൂപയുടെ സ്വർണമാണ് കടത്തിയിട്ടുള്ളത്. ഇത് നൗഷാദിന്റെ സംഘം ഒന്നര വർഷത്തിനിടെ നെടുമ്പാശ്ശേരിയിലൂടെ കടത്തിയതിന്റെ ഏകദേശ അനുമാനം മാത്രമാണ്. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങൾ വഴി കുറച്ച് വർഷം മുമ്പ് ഇയാൾ ഇതുപോലെ സ്വർണകടത്ത് നടത്തിയതായി അനുമാനിച്ചാൽ മനോരമ പറയുന്നത് പോലെ അത് കേരളത്തിന്റെ പദ്ധതി വിഹിതത്തിന്റെ പകുതി വരും. അങ്ങിനെ കടത്തിയിട്ടുണ്ടെന്നതാണ് വാസ്തവം. ഇത് ഒരു നൗഷാദിന്റെ കഥ. ഇങ്ങിനെ എത്രയെത്ര നൗഷാദുമാരാണ് വിവിധ മാർഗങ്ങളിലൂടെ കേരളത്തിലേക്ക് കോടികളുടെ സ്വർണം കടത്തുന്നത്.

ഇങ്ങിനെ നാട്ടിലേക്ക് കടന്ന സ്വർണം പലയിടങ്ങളിൽ ആഭരണങ്ങളായി വിൽക്കപെടുന്നുണ്ട്. മലയാളികൾ വാങ്ങി അണിയുന്നുമുണ്ട്. കോടികൾ വിലമതിക്കുന്ന സ്വർണം വാങ്ങി ഉപയോഗിക്കാൻ കഴിയുന്ന സാമ്പത്തിക സ്രോതസ് ഏതെന്ന് കണ്ടു പിടിക്കാൻ സിബിഐ അന്വേഷണം ഒന്നും വേണ്ടി വരില്ല. പത്രങ്ങളിലും ചാനലുകളിലും കോടികൾ പരസ്യം നൽകുന്ന വൻകിട ജൂവലറികളിലേക്കാണ് ഈ കള്ളകടത്ത് സ്വർണം എത്തുന്നത്. അന്വേഷണ പരമ്പര സ്വർണം ചെന്നെത്തുന്ന വഴികളിലേക്ക് കൂടി കടന്നുചെല്ലാൻ സാധ്യതയില്ലെന്ന് പറയുന്നതും അതുകൊണ്ടാണ്. ധീരരായ പത്രപ്രവർത്തകരും പരസ്യവിഭാഗത്തിന് മുമ്പിൽ മുട്ടുമടക്കി നിൽക്കുന്ന കാലമാണിത്.

അതുകൊണ്ട് തന്നെയാണ് ബോബി ചെമ്മണ്ണൂർ ജൂവലറിയിൽ ആത്മഹത്യ ചെയ്ത ഇസ്മയിലിന് വേണ്ടി ഒരക്ഷരം മിണ്ടാൻ പത്രങ്ങൾക്ക് കഴിയാതെ പോയത്. ബോബി ചെമ്മണൂർ നടത്തിയ രണ്ടായിരം കോടി രൂപയുടെ തട്ടിപ്പ് പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തി പറഞ്ഞിട്ട് പോലും ഒരു വരി വാർത്ത നൽകാൻ മാദ്ധ്യമങ്ങൾക്ക് കഴിയാതെ പോയത്. ഇതുപോലെയുള്ള മാദ്ധ്യമ ധർമം നിലനിൽക്കുന്ന സമയത്ത് കേരളത്തിലേക്ക് ഒഴുകിയെത്തുന്ന കോടികളുടെ സ്വർണം എവിടെ പോകുന്നുവെന്ന് ആരാണ് കണ്ടെത്തുക എന്ന് ചിന്തിക്കേണ്ടതാണ്.

കേരളത്തിലേക്ക് കള്ളകടത്തായി എത്തി വിൽക്കപ്പെട്ട സ്വർണം ആരാണ് വാങ്ങിയത്, അവർ അതെന്തു ചെയ്തു എന്ന് കൂടി അന്വേഷിച്ച് കണ്ടെത്താനുള്ള ആർജവം പൊലീസിനുമുണ്ടാകണം. അര പവൻ മാല മോഷ്ടിച്ച് പിടിയിലായ കള്ളൻ അത് വിറ്റ ജൂവലറിയിൽ പൊലീസ് അത് കണ്ടെടുക്കുന്ന ശൂരത ഇക്കാര്യത്തിലുമുണ്ടാവുമെന്ന് വിചാരിക്കുക വയ്യ. സ്വർണങ്ങൾ ജൂവലറിക്കാർ മൊത്തമായി ഹോൾസെയിൽ വിൽപ്പനക്കാരിൽ നിന്നാണ് വാങ്ങുകയാണ് പതിവ്. (എല്ലാവരുമല്ല, ചിലർ) ഇങ്ങിനെയുള്ള ഹോൾസെയിൽ വിൽപ്പനക്കാർ കൂടുതൽ ഉള്ളത് ത്യശ്ശൂരിലാണ്.

കൊച്ചിയും കോഴിക്കോടും പുറകിലല്ല. ഇവർക്ക് സ്വർണം വരുന്ന വഴികൾ ഏതാണെന്ന് അന്വേഷിച്ച് ആരും പോയിട്ടില്ല. സ്വർണ കള്ളകടത്തിന്റെ വഴികൾ അന്വേഷിച്ച് പുറപ്പെട്ട് മനോരമ കള്ളകടത്തുകാരന്റെ സ്വന്തം കഥ പറയുന്നിടത്താണ് എത്തി നിൽക്കുന്നത്. മീൻ ചൂണ്ടയിലെ ഇരയെ പറ്റി പറയുന്നവർ ചൂണ്ട പിടിച്ച കൈകൾ കണ്ടതായി പോലും പറയാൻ ധൈര്യപ്പെടില്ല. ചൂണ്ടയും ഇരയും മാറിയാലും അത് പിടിക്കുന്ന കൈകൾ ഉള്ളിടത്തോളം കാലം മിന്നുന്നത് പൊന്നാണ്, കള്ളപണമാണ് എന്ന് പറഞ്ഞ് കൊണ്ടിരിക്കാനേ ആകൂ.