തിരുവനന്തപുരം: കേരള കണ്ട ഏറ്റവും വലിയ തട്ടിപ്പുകേസുകളിൽ ഒന്നാണ് നടി ധന്യ മേരി വർഗ്ഗീസിന്റെ ഭർത്താവും സഹോദരനും ഭർതൃ പിതാവും ചേർന്ന് നടത്തിയത്. എന്നാൽ നടി ഉൾപ്പെടെയുള്ളവർ അറസ്റ്റിലാവും വരെ പുറം ലോകത്തെ ഈ വിവരം അറിയിക്കാൻ മുഖ്യധാര മാദ്ധ്യമങ്ങൾ തയ്യാറായില്ലെന്നതാണ് എന്നതാണ് സത്യം. തട്ടിപ്പിന് ഇരയായവർ കേസ് ഡയറിയുമായി പത്ര-ചാനൽ ഓഫീസുകൾ കയറി ഇറങ്ങിയെങ്കിലും ആരും മൈൻഡ് ചെയ്തിരുന്നില്ല. മറുനാടനാണ് പിന്നീട് കുംഭകോണത്തിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ടത്.

തുടർന്ന് സാംസണെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തു. സാംസൺ അറസ്റ്റിലായപ്പോൾ പേരു ദോഷം ഒഴിവാക്കാനായി പത്രങ്ങൾ തിരുവനന്തപുരം എഡീഷനിൽ അകത്ത് ഒറ്റക്കോളം വാർത്ത നൽകിയിരുന്നു. ചില ചാനലുകളും രണ്ട് മൂന്നു വരികൾ കൊടത്തു നാണക്കേടു ഒഴിവാക്കി. എന്നാൽ നടിയുമായുള്ള ബന്ധവും ഒളിവിൽ പോയ റിയാലിറ്റി ഷോ താരം കൂടിയായ നടിയുടെ ഭർത്താവിന്റെ പേരും പത്രങ്ങളും ചാനലുകളും മറച്ചു വച്ചിരുന്നു. നടി ധന്യ മേരി വർഗ്ഗീസിനു ഈ തട്ടിപ്പിലുള്ള പങ്ക് പുറത്തുകൊണ്ട് വന്നതും മറുനാടനായിരുന്നു. ധന്യയുടെ അറസ്റ്റിനുള്ള സാധ്യതകളും വിശദീകരിച്ചു.

അതുകൊണ്ട് തന്നെ വൻ സമ്മർദ്ദങ്ങളെ അതിജീവിച്ചു മറുനാടൻ എടുത്ത നിലപാടും ഇപ്പോഴത്തെ അറസ്റ്റിനു കാരണമായതായി പറയാം. പല തട്ടിപ്പുകളും മാദ്ധ്യമങ്ങളുടെ സഹായാത്താൽ പുറം ലോകം അറിയാതെ ഇങ്ങനെ മുങ്ങി പോയിട്ടുണ്ട്. കേരളത്തിലെ മിക്ക റിയൽ എസ്റ്റേറ്റ് കമ്പനികളും ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പുകൾ നടത്തുന്നതായി പരാതിയുണ്ട്. ഇവരിൽ പലരും നോട്ടു പിൻവലിക്കലിന്റെ പശ്ചാത്തലത്തിൽ വൻ പ്രതിസന്ധി നേരിടുകയാണ്. റിയൽ എസ്റ്റേറ്റ് വിപണിയിൽ പണം നിക്ഷേപിക്കുന്നത് പോലും അപകടകരമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ പരസ്യക്കാരായ റിയൽ എസ്റ്റേറ്റ് കമ്പനിക്കാർക്ക് വേണ്ടിയാണ് ജനങ്ങൾ അറിയേണ്ട ഇത്തരം പ്രധാന വാർത്തകൾ പോലും മാദ്ധ്യമങ്ങൾ മുക്കുന്നത്.

ഫലാറ്റുകൾ നിർമ്മിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു പലരിൽ നിന്നായി വൻ തുക തട്ടിച്ചെന്ന കേസിൽ സാംസൺ ആൻഡ് സൺസ് ബിൽഡേഴ്‌സ് കമ്പനി ഡയറക്ടറും നടനുമായ ജോൺ ജേക്കബ്, ഇയാളുടെ ഭാര്യയും നടിയുമായ ധന്യാ മേരി വർഗീസ് , ജോണിന്റെ സഹോദരൻ സാമുവൽ ജേക്കബ് എന്നിവരെ നാഗർകോവിലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2011 മുതൽ തിരുവനന്തപുരത്തെ വിവിധ പ്രോജക്ടുകളിലായി അഞ്ഞൂറോളം ഫ്‌ലാറ്റുകളും 20 വില്ലകളും രണ്ടു വർഷത്തിനകം പൂർത്തിയാക്കി നൽകാമെന്നു വാഗ്ദാനം നൽകി പലരിൽ നിന്നായി 100 കോടി രൂപയും അമിത പലിശ നൽകാമെന്നു പറഞ്ഞു 30 കോടിയോളം രൂപയും തട്ടിച്ചെന്ന പരാതിയിലാണ് കേസ്. ഷാരോൺ ഹിൽസ്, ഓർക്കിഡ് വാലി, സാങ്ച്വറി, പേൾക്രസ്റ്റ്, സെലേൻ അപ്പാർട്ട്മെന്റ്, നോവ കാസിൽ, മെരിലാൻഡ്, ഗ്രീൻകോർട്ട് യാഡ്, എയ്ഞ്ചൽ വുഡ് എന്നീ പദ്ധതികളായിരുന്നു വാഗ്ദാനം നൽകിയിരുന്നത്. തട്ടിപ്പിനിരയായവരിൽ ചിലർ വിദേശത്താണെന്നും ഇവരുടെ പരാതി കൂടി ലഭിച്ചാലേ തട്ടിപ്പിന്റെ കൃത്യമായ കണക്കു ലഭ്യമാകൂ എന്നും പൊലീസ് അറിയിച്ചു.

തട്ടിപ്പിലൂടെ ലഭിച്ച പണം മറ്റെവിടെയോ നിക്ഷേപിച്ചിട്ടുണ്ടെന്നാണു പൊലീസ് നിഗമനം. തട്ടിപ്പുകൾക്കു ശേഷം വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇവരെ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നാഗർകോവിലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പത്തോളം കേസുകളാണ് ഇവരുടെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാൻ അനുമതി നൽകിയതിനു തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. സൈബർ സെൽ അന്വേഷണത്തിലാണു പ്രതികൾ കഴിയുന്ന ലൊക്കേഷൻ തിരിച്ചറിഞ്ഞത്. തട്ടിപ്പിനുശേഷം ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലും കേരളത്തിൽ പലയിടങ്ങളിലും ഇവർ ഒളിവിൽക്കഴിയുകയായിരുന്നു. ജേക്കബ് സാംസൺ ഒന്നാംപ്രതിയായ കേസിൽ ജോൺ ജേക്കബ് രണ്ടാംപ്രതിയും ധന്യ, സാമുവൽ എന്നിവർ മൂന്നും നാലും പ്രതികളുമാണ്. വിശദമായ ചോദ്യംചെയ്യലുകൾക്കുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ധന്യയ്ക്ക് വലിയ പങ്കില്ലെങ്കിലും സെലബ്രിറ്റി ഇമേജ് ഉപയോഗിച്ചാണ് തട്ടിപ്പു നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എംഡി സാംസൺ ജേക്കബ് ഇപ്പോൾ ജാമ്യത്തിലാണ്. പ്രതിഷേധങ്ങളും മറ്റും ഭയന്ന് നാഗകർകോവിലിലാണ് സാംസൺ ഇപ്പോൾ താമസിക്കുന്നത്. ഇങ്ങനെ പിതാവിനെ കാണാൻ വേണ്ടി പോയ വേളയിലാണ് ധന്യയും ഭർത്താവ് ജോണിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. അമ്പതിലേറെ പേരുടെ പരാതി ലഭിച്ചെങ്കിലും പൊലീസ് നടപടി കൈക്കൊണ്ടില്ലെന്ന ആക്ഷേപം കേസിന്റെ തുടക്കത്തിൽ ഉയർന്നിരുന്നു. എന്നാൽ, ഈ ആക്ഷേപങ്ങളെയെല്ലാം കവച്ചു വച്ചുകൊണ്ടാണ് പൊലീസ് സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ആൻഡ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗങ്ങളെ അറസ്റ്റു ചെയ്തത്. മറുനാടൻ വാർത്തകളായിരുന്നു ഇതിന് കാരണം.

സാംസൺ അറസ്റ്റിലായ ശേഷം ധന്യ മേരി വർഗീയും ഭർത്താവ് ജോൺ ജേക്കബും സഹോദരൻ സാമുവൽ ജേക്കബും ഒളിവിലായിരുന്നു. നാഗർകോവിലിൽ വച്ച് ഇവർ ഒത്തുചേരുന്നുണ്ട് എന്നറിഞ്ഞതോടെ പൊലീസ് എത്തുകയും ധന്യയെയും മറ്റ് രണ്ട് പേരെയും അറസ്റ്റു ചെയ്യുകയുമായിരുന്നു. പൊലീസ് അന്വേഷിക്കാൻ തുടങ്ങി ഒരു മാസത്തിന് ശേഷമാണ് അറസ്റ്റ്. ധന്യയ്ക്കും സാംസന്റെ ഭാര്യയ്ക്കും മുൻകൂർ ജാമ്യത്തിന് വേണ്ടി ശ്രമിച്ചു വരികയായിരുന്നു. ഇതിനിടെ അഭിഭാഷകർ മുഖേന പരാതി നൽകിയവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തി. ഇക്കാര്യങ്ങൾ അടക്കം ചർച്ച ചെയ്യാൻ വേണ്ടി ധന്യയും ഭർത്താവും സഹോദരനുമാണ് നാഗർകോവിലിൽ എത്തിയത്. ഇവിടെ എത്തുന്നത് മുമ്പ് സാമുവൽ ജേക്കബ് ചിലരുമായി ഫോണിൽ സംസാരിച്ചിരുന്നു. ഈ ഫോൺകോൾ ട്രേസ് ചെയ്താണ് പൊലീസ് മൂന്ന് പേരെയും കസ്റ്റഡിയിൽ എടുത്തത്.

ഇപ്പോഴത്തെ അറസ്റ്റോടെ തട്ടിപ്പു കേസ് ഇനിയും മുറുകാനാണ് സാധ്യത. പണം നൽകിയിട്ടും ഫ്ലാറ്റ് ലഭിക്കാത്തവരുമായി നടത്തിയ ചർച്ചകളും ഇനി അവതാളത്തിലായേക്കും. നേരത്തെ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പൊലീസിന്റെ അനാസ്ഥയുണ്ടെന്ന് തട്ടിപ്പിന് ഇരയായ നിക്ഷേപകർ ആക്ഷേപിച്ചിരുന്നു. എന്നാൽ പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ച പൊലീസ് ഒരാഴ്ചയോളം സമയമെടുത്ത് നിരീക്ഷിച്ചാണ് പിടികൂടിയത്. പ്രതികൾ ബാംഗ്ലൂർ ഉണ്ടെന്നും അവിടെ നിന്നും മുംബൈയിലേക്ക് പോയെന്നും പിന്നെയാണ് നാഗർ കോവിലിലേക്ക് എത്തിച്ചേരുമെന്ന വിവരം ലഭിച്ചത്. തുടർന്നാണ് ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് ഇവരെ പൊലീസ് പിടികൂടിയത്.

ധന്യയെയും ഭർത്താവിനെയും അറസ്റ്റു ചെയ്യുമ്പോൾ കേസ് കൈകാര്യം ചെയ്തിരുന്ന അഭിഭാഷക ദമ്പതികളും ഒപ്പമുണ്ടായിരുന്നു എന്നാണ് പൊലീസ് പറുയന്നത്. ഇവർ പ്രതികളെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിച്ചുവെന്ന ആരോപണങ്ങളുണ്ടായിരുന്നു. എന്നാൽ, അത്തരം സംഭവങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.