കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ എത്രയും വേഗം തുടങ്ങാനുള്ള സാധ്യതകൾ ആരാഞ്ഞ് രംഗത്തെത്തിയിരിക്കയാണ് പൊലീസ്. കടുത്ത അങ്കലാപ്പിലായ ദിലീപ് കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയതോടെയാണ് പൊലീസും നിലപാട് കടുപ്പിക്കുന്നത്. കേസിലെ പ്രഥമിക കാര്യങ്ങൾ ചോദ്യം ചെയ്യുന്ന വിധത്തിൽ ഹർജി നൽകിയതോടെ ദിലീപിന്റെ പക്കൽ തന്നെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഉണ്ടെന്ന സംശയം പൊലീസിന് ശക്തമായിട്ടുണ്ട്. അടുത്തിടെ ദിലീപ് നടത്തിയ വിദേശ യാത്രയിൽ അടക്കം സംശയം രേഖപ്പെടുത്തികൊണ്ടാണ് പൊലീസ് രംഗത്തുള്ളത്.

ദൃശ്യങ്ങൾ ദിലീപിന് നൽകുന്നതിൽ പ്രോസിക്യൂഷൻ ശക്തമായ എതിർപ്പും പ്രകടിപ്പിച്ചു. ദൃശ്യങ്ങൾ കൈവശപ്പെടുത്തി നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണു പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ദൃശ്യങ്ങളിലെ സൂഷ്മവിവരങ്ങൾ പോലും ഹർജിയിൽ ചൂണ്ടിക്കാട്ടിയ പ്രതിയുടെ കൈയിൽ അവ ഉണ്ടാകാമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ദൃശ്യങ്ങൾ അവശ്യപ്പെട്ടു ദിലീപ് അങ്കമാലി കോടതിയിൽ നൽകിയ ഹർജിയിലുള്ള വാദത്തിനിടെയാണ് പ്രോസിക്യൂഷന്റെ ഗൗരവതരമായ ആരോപണം. യാതൊരു കാരണവശാലും ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിനു നൽകരുതെന്നു ആവശ്യപ്പെടുന്ന സത്യവാങ്മൂലം പൊലീസ് കോടതിയിൽ സമർപ്പിക്കും. വാദം 25ന് വീണ്ടും തുടരും. കേസിലെ ഒന്നാംപ്രതി പൾസർസുനിയെന്ന സുനിൽകുമാർ നടിയെ തട്ടിക്കൊണ്ടുപോയി വാഹനത്തിനുള്ളിൽവച്ചു പകർത്തിയ, കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങളാണു ദിലീപ് ആവശ്യപ്പെട്ടിട്ടുള്ളത്. നിയമപ്രകാരം ഈതെളിവുകൾ തനിക്കും ലഭിക്കണമെന്നാണു ദിലീപിന്റെ വാദം.

ദൃശ്യത്തിലെ സംഭാഷണശകലങ്ങൾ പ്രതിഭാഗം ചൂണ്ടിക്കാട്ടിയതാണ് പ്രോസിക്യൂഷൻ ആയുധമാക്കിയത്. ചില സംഭാഷണശകലങ്ങൾ മാത്രമെടുത്ത് എഡിറ്റ് ചെയ്തതാണെന്നണ് ദിലീപിന്റെ വാദം. ദൃശ്യങ്ങളിൽനിന്ന് ഒരു സ്ത്രീയുടെ ശബ്ദം എഡിറ്റ് ചെയ്തു മാറ്റിയിട്ടുണ്ടെന്നും ഇടയ്ക്ക് ഈ ശബ്ദം ചില നിർദ്ദേശങ്ങൾ നൽകുന്നതു കേൾക്കാമെന്നുമാണു ദിലീപ് ഹർജിയിൽ പറയുന്നത്. ഈ ചെറിയസംഭാഷണം പോലും ദിലീപ് കണ്ടുപിടിച്ചതിൽനിന്നു ദൃശ്യങ്ങൾ പ്രതിക്കു ലഭ്യമായിട്ടുണ്ടെന്ന സംശയം ബലപ്പെടുത്തുന്നുവെന്നന്നും പൊലീസ് പറയുന്നു. ദിലീപിന്റെ അഭിഭാഷകൻ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.

എന്നാൽ, ഈ പരിശോധനയിൽ നിന്നുമാത്രം ഇത്ര സൂക്ഷ്മമായ വിവരങ്ങൾ ലഭിക്കുകയില്ലെന്നാണു പൊലീസിന്റെ വാദം. എഡിറ്റ് ചെയ്തുവെന്ന വാദം തെറ്റിദ്ധാരണ പരത്താനും കേസ് ദുർബലമാക്കാനും കരുതിക്കൂട്ടി ചെയ്ുന്നതാണയെന്നും ചൂണ്ടിക്കാട്ടുന്നു. കുറ്റപത്രം ചോർത്തി മാധ്യമങ്ങൾക്കു നൽകിയതു ദിലീപാണെന്നും പൊലീസ് ആരോപിക്കുന്നു.

അതിനിടെ ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചേക്കും. ഇക്കാര്യം സ്പെഷൽ പ്രോസിക്യൂട്ടർ എ. സുരേശൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ മഞ്ചേരി ശ്രീധരൻ നായരുമായി ഇന്നലെ വൈകിട്ടു ചർച്ച ചെയ്തു. അങ്കമാലി കോടതിയിൽ പ്രതി സമർപ്പിച്ച ഹർജിയിലെ നടിക്കെതിരായ പരാമർശം ജാമ്യം റദ്ദാക്കാൻ മതിയായ കാരണമാണെന്നാണു പ്രോസിക്യൂഷന്റെ വാദം. വാക്കുകൊണ്ടോ പ്രവൃർത്തികൊണ്ടോ ഇരയ്ക്കെതിരായ പ്രവൃത്തിയുണ്ടാകരുതെന്ന ജാമ്യവ്യവസ്ഥയാണു ലംഘിക്കപ്പെട്ടത്. അതുകൊണ്ട് എത്രയും വേഗം ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പൊലീസ് ഉന്നയിച്ചേക്കും.

ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഹൈക്കോടതിയിലെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കേസിന്റെ വിശദാംശങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. നേരത്തെ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ ദിലീപിനെതിരെ പ്രോസിക്യൂഷൻ ശക്തമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ദൃശ്യങ്ങൾ ദിലീപിന് നൽകരുതെന്നും അത് നടിയുടെ സുരക്ഷയെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ദൃശ്യങ്ങളിലെ ചില സംഭാഷണങ്ങൾ അടർത്തിമാറ്റി വീണ്ടും നടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതായും പ്രോസിക്യുഷൻ ആരോപിച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ടതിന്റെ വീഡിയോയും രേഖകളും സഹിതം നൂറോളം രേഖകൾ ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. ദൃശ്യത്തിന്റെ പകർപ്പും കുറ്റപത്രത്തോടൊപ്പം പൊലീസ് സമർപ്പിച്ച അനുബന്ധ രേഖകളും ആവശ്യപ്പെട്ട് രണ്ട് ഹർജികളാണ് ദിലീപ് അങ്കമാലി കോടതിയിൽ സമർപ്പിച്ചത്. ഈ ഹർജികളിൽ നടക്കുന്ന വാദത്തിലാണ് പ്രോസിക്യൂഷൻ നിലപാട് വ്യക്തമാക്കിയത്. കേസ് വിധി പറയാനായി 25ലേക്ക് മാറ്റി.

മാധ്യമങ്ങൾ വഴിതെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ദിലീപിന്റെ അടുപ്പക്കാരെ കുടുക്കാനും പൊലീസ് നീക്കമുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി അന്വേഷണ സംഘത്തെയും നടിയെയും പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ ദൃശ്യമാധ്യമങ്ങൾ വഴി വിവാദവെളിപ്പെടുത്തലുകൾ നടത്തിയവർക്കെതിരെ കേസെടുത്ത് നടപടികളുമായി മുന്നോട്ടുപോകുന്നകുന്നതിന് പൊലീസ് ഉന്നത തലത്തിൽ തീരുമാനമടുത്തു.

കേസിൽ പൊലീസിന്റെ പക്കലുള്ള ഫോൺ സംഭാഷണത്തിൽ ഒരു സ്ത്രീ ശബ്ദം ഉണ്ടെന്നും ആക്രമണം നാടകമായിരുന്നെന്നും ദിലീപിനെ കേസിൽ കുടുക്കിയതിൽ ഈ ശബ്ദത്തിന്റെ ഉടമായായ സ്ത്രീക്ക് പങ്കുണ്ടെന്നും ഇവരെ പൊലീസ് തന്ത്രപൂർവ്വം കേസിൽ നിന്നൊഴിവാക്കുകയായിരുന്നെന്നുമായിരുന്നു ദിലീപ് അനികൂലികളുടെ ചാനൽ ചർച്ചകളിലെ പ്രാധന ആരോപണം.

തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലാതെ ഇക്കൂട്ടർ പൊലീസിനെയും നടിയെയും മോശക്കാരാക്കുന്ന തരത്തിൽ വാർത്തമാധ്യമങ്ങളിൽ നടത്തിയ വെളിപ്പെടുത്തലുകൾ സേനയ്ക്കും ബാധിക്കപ്പെട്ടവർക്കും പൊതുസമൂഹത്തിൽ അവമതിപ്പിന് കാരണമായെന്നും ഇത് തുടർന്നാൽ കേസ് മറ്റൊരുവഴിക്ക് നീങ്ങുമെന്നും വിലിരുത്തിയാണ് പൊലീസ് ഇക്കാര്യത്തിൽ നിയമമടപടിയിലേക്ക് കടക്കാൻ തീരുമാനിച്ചതെന്നാണ് അറിയുന്നത്.

നടിയെ ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളിൽ നിന്നും ചില സംഭാഷണ ശകലങ്ങൾ അടർത്തിമാറ്റി നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന കർശന നിലപാടുമായി അന്വേഷണ സംഘം കോടതിയേയും സമീപിക്കും. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിന് നടിയുടെ ദൃശ്യങ്ങൾ നൽകരുതെന്ന് പൊലീസ് ആവശ്യപ്പെടും. ദൃശ്യങ്ങൾ ആവശ്യപ്പെട്ട് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ദിലീപ് ഹർജി സമർപ്പിച്ചിരുന്നു. കേസ് പരിഗണിക്കാനിരിക്കെ പൊലീസ് ഇക്കാര്യം കാണിച്ച് എതിർ സത്യവാങ്മൂലം നൽകും.

കേസിലെ മുഖ്യപ്രതി പൾസർ സുനി പകർത്തിയ നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ചട്ടപ്രകാരം ഈ തെളിവുകൾ തനിക്ക് ലഭിക്കേണ്ടതാണെന്ന് ഹർജിയിൽ പറയുന്നു. സുനിയുടെ മെമ്മറി കാർഡിൽ നിന്ന് ലഭിച്ച ഈ ദൃശ്യങ്ങൾ കേസിലെ സുപ്രധാന തെളിവാണ്. നടിയെ വീണ്ടും അപമാനിക്കാൻ ലക്ഷ്യമിട്ടാണ് ഹർജി ദൃശ്യങ്ങൾ ആവശ്യപ്പെടുന്നത് എന്നാണ് പൊലീസിന്റെ വാദം. ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്ന ഹർജിയിലെ ആരോപണത്തെയും പൊലീസ് എതിർക്കും. സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നതെന്നും ദൃശ്യത്തിലെ ചില സംഭാഷണങ്ങൾ മാത്രമെടുത്ത് തെറ്റിദ്ധാരണ പരത്താനാണ് ദിലീപിന്റെ ശ്രമമെന്നുമാണ് പൊലീസ് പറയുന്നത്. ദൃശ്യങ്ങളിൽ നിന്നും ഒരു സ്ത്രീ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ടെന്നും ഇവർ നൽകുന്ന നിർദ്ദേശങ്ങൾ ഇടയ്ക്ക് കേൾക്കാനാവുന്നു എന്നുമാണ് ദിലീപ് നൽകിയ ഹർജിയിൽ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങൾ.