കൊച്ചി : യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് കടുപ്പിച്ചതോടെ അന്വേഷണം ഊർജ്ജിതമാക്കി. മലയാളത്തിലെ പ്രമുഖ നടന്റെ മൊഴി അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തിയെന്ന് സൂചന. സൂപ്പർതാരത്തെയാണ് ചോദ്യം ചെയ്തത്. ആരോപണങ്ങൾ സൂപ്പർതാരം നിഷേധിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മൂന്ന് നടന്മാരെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് ഇന്നലെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. അതിനിടെ സൂപ്പർതാരത്തെ ചോദ്യം ചെയ്തുവെന്ന സൂചനകളുമായുള്ള വാർത്ത മനോരമയും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനിടെ മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനി പൊലീസിന്റെ കസ്റ്റഡിയിലായതായും സൂചനയുണ്ട്.

കേസിലെ ക്വട്ടേഷൻ സാധ്യതകൾ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇന്നലെ രാവിലെ നടന്റെ മൊഴിയെടുത്തത് എന്നാണ് റിപ്പോർട്ട്. സിനിമാ രംഗത്തെ കുടിപ്പക തീർക്കാൻ ചിലർ സംഭവത്തെ ദുരുപയോഗിക്കുന്നതായി നടൻ കുറ്റപ്പെടുത്തി മൊഴി നൽകിയെന്നും സൂചനയുണ്ട്. സംഭവദിവസം ചികിത്സയിലായിരുന്ന താൻ പിറ്റേന്നു രാവിലെയാണു കാര്യം അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുനി, അറസ്റ്റിലായ മാർട്ടിൻ എന്നിവരെ അറിയില്ലെന്നും അദ്ദേഹം പറഞ്ഞതായാണു വിവരം.ഇതിനിടെ, സംവിധായകൻ കൂടിയായ യുവനടന്റെ കാക്കനാട്ടെ ഫ്ലാറ്റിൽനിന്ന് ഇന്നലെ പുലർച്ചെ അന്വേഷണ സംഘം ഒരാളെ കസ്റ്റഡിയിലെടുത്തു. പിടിയിലായ ആളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. കേസ് അന്വേഷണത്തിന്റെ എല്ലാ വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കുകയാണ് പൊലീസ്. ഡിജിപിയുടെ നിർദ്ദേശ പ്രകാരമാണ് ഇത്. അതിനിടെ കേസിൽപ്പെട്ട സിനിമാ നടൻ രക്ഷപ്പെടുമെന്ന ആശങ്കയും സജീവമാണ്. വസ്തുവിനേയും കാശിനേയും ചൊല്ലിയുള്ള തർക്കമാണ് നടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിക്കാൻ കാരണമെന്നാണ് പൊലീസിന്റെ നിഗമനം. ഒളിവിൽ കഴിയുന്ന സുനി, വി.പി.വിജീഷ് എന്നിവർ കോടതിയിൽ കീഴടങ്ങാൻ ശ്രമിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നു നടത്തിയ തിരച്ചിലിൽ സുനി അറസ്റ്റിലായതായി വിവരമുണ്ടെങ്കിലും അന്വേഷണ സംഘം സ്ഥിരീകരിക്കുന്നില്ല.

ഇരയായ നടിയുടെ വൈദ്യപരിശോധനാ റിപ്പോർട്ടിലെ ഫൊറൻസിക് തെളിവുകളുടെ അഭാവം കേസിനെ പ്രതികൂലമായി ബാധിക്കുമെന്നു പൊലീസിന് ആശങ്കയുണ്ട്. ഇത്തരം കേസുകളിൽ ആക്രമിക്കപ്പെട്ടയാളുടെ വസ്ത്രങ്ങൾ, നഖത്തിന്റെ അഗ്രഭാഗം എന്നിവ ശേഖരിക്കണം. എന്നാൽ ആക്രമണം നടന്ന അന്നു രാത്രി ഇവ ശേഖരിച്ചില്ല. വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് ആക്രമണം നടക്കുന്നത്. പിറ്റേന്നു പുലർച്ചെ നാലിനാണു നടിയെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ പരിശോധിച്ചത്. ഇത് പൊലീസിന്റെ വീഴ്ചയായി വിലയിരുത്തുന്നു. അതുകൊണ്ട് കൂടിയാണ് വിശദാംശങ്ങൾ പുറത്ത് പോകാതിരിക്കാൻ ബോധപൂർവ്വമായ ഇടപെടൽ നടത്തുന്നത്. സംഭവത്തിന്റെ ഗൗരവം പൊലീസ് അറിയിച്ചിട്ടും മെഡിക്കൽ കോളജിലെ ഫൊറൻസിക്, ഗൈനക്കോളജി വിഭാഗത്തിലെ സീനിയർ ഡോക്ടർമാർ സ്ഥലത്തെത്തിയില്ലെന്നും ആരോപണമുണ്ട്. അപാകതകൾ മൂലം അന്തിമ റിപ്പോർട്ട് ഇതുവരെ പൊലീസിനു കൈമാറിയട്ടില്ല. ആക്രമണമുണ്ടായി രണ്ടു മണിക്കൂറിനകം നടത്തിയാൽ മാത്രം ശാസ്ത്രീയ തെളിവുകൾ ലഭിക്കുന്ന പല പരിശോധനകളും എട്ടു മണിക്കൂറിനു ശേഷമാണു ചെയ്തത്. ഇതു ഡിഎൻഎ പരിശോധനാ ഫലത്തെ ബാധിക്കും.

അതിനിടെ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുൻപുതന്നെ പാലക്കാട്ട് അറസ്റ്റിലായ തമ്മനം സ്വദേശി മണികണ്ഠന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആക്രമണത്തിൽ നേരിട്ടു പങ്കില്ലെന്നും ആൾബലത്തിനു സുനിക്കൊപ്പം കൂടിയെന്നുമാണു മൊഴി. ഉപദ്രവിച്ചവരുടെ കൂട്ടത്തിൽ ഇയാളില്ലെന്നു നടിയും തിരിച്ചറിഞ്ഞിട്ടുണ്ട്.

മണികണ്ഠനെ പിടികൂടിയത് ബസിൽനിന്ന്

പ്രതികളിലൊരാളായ മണികണ്ഠനെ പൊലീസ് പിടികൂടിയത് കോയമ്പത്തൂർ-പാലക്കാട് കെഎസ്ആർടിസി ബസിൽ നിന്നും. കോയമ്പത്തൂരിൽനിന്നു പാലക്കാട്ടേക്കു വരുന്നവഴി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തു നിന്നായിരുന്നു അറസ്റ്റ്. കോയമ്പത്തൂർ വിമാനത്താവളത്തിനു സമീപം പീളമേട്ടിലുള്ള ഒളിസങ്കേതത്തിൽ മണികണ്ഠനും സംഘവുമുണ്ടെന്നു മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പൊലീസിനു വിവരം ലഭിച്ചിരുന്നു. ആലുവ പൊലീസ് അവിടെ എത്തിയപ്പോഴേക്കും സംഘം സ്ഥലംവിട്ടു. കേരളത്തിലെത്താൻ സാധ്യതയുള്ളതിനാൽ കെഎസ്ആർടിസി സ്റ്റാൻഡിൽ പൊലീസ് കാത്തിരുന്നു. വാട്‌സാപ് വഴി മണികണ്ഠന്റെ ചിത്രം പാലക്കാട്ടെ പൊലീസിനു കൈമാറി. രാത്രി പത്തോടെയാണു ബസിലെത്തിയ മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തത്. മണികണ്ഠൻ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രധാന പ്രതി സുനിക്കായി കോയമ്പത്തൂർ വിമാനത്താവളത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രാജ്യംവിട്ടു പോകാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണു നിരീക്ഷണം.

നടിയെ കാറിൽ ഉപദ്രവിച്ച കേസിൽ ക്വട്ടേഷൻ സാധ്യതകൾ തെളിയുന്ന മൊഴികളാണ് അറസ്റ്റിലായ പ്രതികൾ നൽകുന്നത്. നടിയെ അപകീർത്തിപ്പെടുത്തുന്ന ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്തു പണം തട്ടാനുള്ള നീക്കമായാണു മുഖ്യപ്രതി സുനി സംഭവത്തെ അവതരിപ്പിച്ചതെന്ന് അറസ്റ്റിലായ മണികണ്ഠൻ മൊഴി നൽകി. എന്നാൽ കാറിനുള്ളിൽ സംഭവിച്ച കാര്യങ്ങൾ നടുക്കിയെന്നും മുൻകൂട്ടി പദ്ധതിയിട്ട ക്വട്ടേഷൻ അതിക്രമമാണെന്നു മനസ്സിലാക്കാൻ വൈകിയെന്നും മണികണ്ഠൻ പറഞ്ഞു. എന്നാൽ ആർക്കു വേണ്ടിയാണു സുനിൽകുമാർ അതിക്രമം കാണിച്ചതെന്ന് അറിയില്ലെന്നാണു മണികണ്ഠന്റെ മൊഴി.

സിനിമാരംഗത്തെ പലരുമായും സുനിൽകുമാറിന് അടുത്ത ബന്ധമുണ്ട്. ഇയാൾ യാത്രകളിൽ കൈത്തോക്കു കൈവശം സൂക്ഷിക്കാറുണ്ട്. സിനിമാരംഗത്തെ പ്രമുഖരുടെ ഡ്രൈവറായും ബോഡി ഗാർഡായും സുനിൽകുമാർ പോവാറുണ്ട്. ആക്രമണത്തിന് ഇരയായ നടി അഭിനയിച്ചിരുന്ന മലയാളം സിനിമയുടെ ലൊക്കേഷനിൽ സുനിൽകുമാർ ലഹരിമരുന്ന് എത്തിച്ചിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ആക്രമണം നടന്ന വാഹനത്തിൽ കണ്ടെത്തിയ വെളുത്ത പൊടിയുടെ അവശിഷ്ടം രാസപരിശോധനയ്ക്ക് അയയ്ക്കും. വാഹനത്തിൽ നിന്നു ലഭിച്ച മുടിനാരുകൾ പ്രതികളുടേതാണെന്നു വ്യക്തമായിട്ടുണ്ട്. ഇന്നലെ ആലുവയ്ക്കു സമീപം ദേശീയപാതയിൽ പൊലീസിനെ കണ്ട് കാർ ഉപേക്ഷിച്ചു കടന്നത് ഈ കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളാണെന്നു പൊലീസിനു സംശയമുണ്ട്. കാർ കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം ഉടമയെ കണ്ടെത്തി ചോദ്യം ചെയ്യും.

കേസിലെ പ്രധാന പ്രതി സുനി ആലപ്പുഴ കോടതിയിൽ കീഴടങ്ങാൻ സാധ്യതയുണ്ടെന്ന അഭ്യൂഹത്തെ തുടർന്നു കോടതികളിൽ പൊലീസ് നിരീക്ഷണം നടത്തി. പൊലീസ് രഹസ്യാന്വേഷണ വിഭാഗമാണു സുനി കീഴങ്ങാൻ ആലപ്പുഴ തിരഞ്ഞെടുക്കുമെന്ന സൂചന നൽകിയത്. സുനി കായംകുളം മേഖലയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെയും പരിശോധന നടത്തി. അമ്പലപ്പുഴ, കായംകുളം, ചെങ്ങന്നൂർ മേഖലയിൽ സുനിക്കു സുഹൃത്തുക്കളുണ്ട്. ആലപ്പുഴ മേഖലയിലെ ഗുണ്ടാസംഘങ്ങളിൽ ചിലർ കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്നുണ്ട്. ഇവരുമായി സുനിക്കു ബന്ധമുണ്ടെന്നു വിവരം ലഭിച്ചതാണ് അന്വേഷണത്തിനു കാരണം. കഴിഞ്ഞദിവസം സുനി അമ്പലപ്പുഴയിൽ സുഹൃത്തിനെ തേടിച്ചെന്നിരുന്നു. ഇവിടെ നിന്നു രക്ഷപ്പെട്ട സുനി കായംകുളത്തും വന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

നടിയുടെ യാത്രാവിവരം നൽകിയത് നിർമ്മാണ കമ്പനി ജീവനക്കാരെന്നു സൂചന

യാത്ര ചെയ്ത കാറിന്റെ വിവരം കേസിലെ മുഖ്യപ്രതി നെടുവേലിക്കുടി സുനിൽകുമാറിനു ചോർത്തിയതു സിനിമാ നിർമ്മാണ കമ്പനിയുടെ ജീവനക്കാരനാണെന്ന സംശയം ബലപ്പെടുന്നു. അറസ്റ്റിലായ മാർട്ടിന്റെ മൊഴികളിലാണ് ഇതു സംബന്ധിച്ച സൂചനയുള്ളത്. നടി സഞ്ചരിച്ചിരുന്ന കാറിനെ തടഞ്ഞ് ആദ്യം ഇടിച്ചുകയറിയത് അറസ്റ്റിലായ മണികണ്ഠൻ അടക്കമുള്ള പ്രതികളാണ്. ഇവർ കയറി കാർ കുറച്ചുദൂരം പിന്നിട്ടപ്പോഴാണു മുഖ്യപ്രതി കാറിൽ കയറി ഉപദ്രവിക്കാൻ തുടങ്ങിയത്.

സംഭവദിവസം നിർമ്മാതാവിന്റെ കാറിലാണു നടി സഞ്ചരിച്ചത്. സിനിമയുടെ ലൊക്കേഷനിൽ ലഹരി എത്തിച്ചിരുന്ന സുനിൽകുമാറിന് അവിടെ പലരുമായും വളരെ അടുപ്പമുണ്ടായിരുന്നു. ഇവരിലാരെങ്കിലുമാവാം നടി കൊച്ചിയിലേക്കു പുറപ്പെട്ട വിവരം മുഖ്യപ്രതിക്കു കൈമാറിയതെന്നു പൊലീസ് സംശയിക്കുന്നു. നിർമ്മാണ കമ്പനിയുടെ നാലു ജീവനക്കാർ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

ഗൂഢാലോചന പുറത്തുകൊണ്ടു വരണമെന്ന് കാനം

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിനിമാ നയം ഉടൻ പ്രഖ്യാപിക്കണമെന്നും സിനിമാ രംഗത്തെ അനാശ്യാസ പ്രവണതകൾ നിയന്ത്രിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് മന്ത്രി എ.കെ ബാലൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് കാനം രാജേന്ദ്രന്റെ പ്രതികരണം.

കേസിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും പുകച്ച് പുറത്തുചാടിക്കുമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞിരുന്നു. കേസന്വേഷണം ക്വട്ടേഷൻ സംഘത്തിൽ ഒതുങ്ങില്ലെന്നും കേസിൽ ദൈവം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പൊലീസിലെ ഞങ്ങളുടെ സോഴ്‌സുകൾ ചോദ്യം ചെയ്യൽ സ്ഥിരീകരിച്ചെങ്കിലും ഔദ്യോഗികമായി പൊലീസ് ഇതേ കുറിച്ച് ഒന്നും മിണ്ടാത്തതു കൊണ്ടാണ് നടന്റെ പേര് കൊടുക്കാത്തത്. പൊലീസ് രേഖകളിൽ ഇങ്ങനെ ഒരു ചോദ്യം ചെയ്യൽ ഇല്ലെങ്കിൽ നിയമപരമായ പ്രശ്‌നം ഉള്ളതു കൊണ്ടാണ് സൂപ്പർ സ്റ്റാർ എന്നും പ്രമുഖ നടന്നെും കൊടുക്കേണ്ടി വരുന്നതിൽ ഖേദിക്കുന്നു.