കാസർഗോഡ്: 'നരകത്തിൽ നിന്നും സ്വർഗ്ഗരാജ്യത്തിലെത്തി, ഇനി തേടേണ്ട.' ഇസ്ളാമിക് സ്റ്റേറ്റിൽ ചേർന്നെന്ന സംശയം ഉയർത്തി കേരളത്തിൽ നിന്നും അപ്രത്യക്ഷമായ മലയാളിയുടെ വാട്‌സ് ആപ്പ് സന്ദേശം ഇതായിരുന്നു. നാട്ടിലെ ഭാര്യയ്ക്കായിരുന്നു ഇങ്ങനെയൊരു സന്ദേശം അയച്ചത്. തങ്ങൾ ഇസ്ളാമിക് രാജ്യത്തെത്തി. ഇവിടെ അമേരിക്ക നിരപരാധികളെ കൊല്ലുകയാണെന്നും ഇസ്ളാമിക് സ്റ്റേറ്റിനു വേണ്ടി സ്വയം സമർപ്പിക്കുന്നുവെന്ന മറ്റൊരു സന്ദേശവും ഇയാൾ ഭാര്യക്ക് അയച്ചു.

മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കി അവരെയും കൂട്ടി ഇസ്ളാമിക് സ്റ്റേറ്റിലേക്ക് എത്തണമെന്ന നിർദേശവും ടെലിഗ്രാമായി അയച്ച സന്ദേശത്തിലുള്ളത്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ശ്രീലങ്കയിൽ ജോലി കിട്ടി പോകുന്നു എന്ന് പറഞ്ഞാണ് സംഘത്തെ നയിച്ച തൃക്കരിപ്പൂർ സ്വദേശി ഡോ: ഇജാസ് മുങ്ങിയത്. ചൈനയിൽ നിന്നും എംബിബിഎസ് പാസായ ഇയാൾ ഭാര്യയെയും കൂട്ടിയായണ് വീടുവിട്ടത്. കാസർഗോഡ് ജില്ലയിൽ നിന്നും 12 പേരും പാലക്കാട് ജില്ലയിൽ നിന്നും നാലു പേരുമാണ് ഒരു മാസം മുമ്പ് കാണാതായത്. തൃക്കരിപ്പൂർ, പടന്ന മേഖലയിൽ നിന്നും കാണാതായ ഇവരെ നയിച്ചിരുന്നത് തൃക്കരിപ്പൂർ സ്വദേശി അബ്ദുൾ റഷീദും പടന്ന സ്വദേശി ഡോ: ഇജാസുമാണെന്നാണ് വിവരം. ഇവർ ഇസ്ളാമിക് സ്റ്റേറ്റിന്റെ സിറിയയിലെയോ അഫ്ഗാനിസ്ഥാനിലേയോ ക്യാമ്പിൽ ചെന്നിരിക്കാമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നത്. ഒരുമാസമായി കാണാതായ ഇവരിൽ നിന്നും സന്ദേശം കിട്ടിയ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

അതേസമയം 15 പേരെ കാണാതായ സംഭവം അതീവ ഗൗരവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പരിശോധിക്കേണ്ട വിഷയമാണിത്. പാലക്കാട് നിന്നും സമാന രീതിയിലുള്ള തിരോധാനം ഉണ്ടായിട്ടുണ്ടെന്നും പിണറായി മാദ്ധ്യമങ്ങളോട് പറഞ്ഞു. ജൂൺ അഞ്ചാം തീയതി മുതലാണ് കാസർകോട്, പാലക്കാട് ജില്ലകളിൽ നിന്ന് അഞ്ച് കുടുംബങ്ങളിലെ സ്ത്രീകൾ ഉൾപ്പെടെ 15 മലയാളികളെ കാണാതായത്. ബിസിനസ് ആവശ്യാർഥം ശ്രീലങ്കയിലേക്ക് പോകുകയാണെന്നാണ് ഇവർ ബന്ധുക്കളെ അറിയിച്ചിരുന്നത്. മാസങ്ങൾക്ക് ശേഷമാണ് തീവ്രവാദ സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടെന്ന തരത്തിൽ കുടുംബാംഗങ്ങൾക്ക് വിവരം ലഭിച്ചത്. പി. കരുണാകരൻ എംപിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ കണ്ട് കാണാതായവരുടെ തീവ്രവാദബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്.

ഡോ: ഇജാസ്, ഭാര്യ റിഫൈല, റിയാസിന്റെ എഞ്ചിനീയറിങ് ബിരുദധാരിയായ ഷിഹാസ്, ഷിഹാസിന്റെ ഭാര്യ അജ്മല, റിയാസിന്റെ രണ്ടു വയസ്സുള്ള കുട്ടി. അബ്ദുൾ റഷീദ് അബ്ദുള്ള, ഭാര്യ ആയിഷ, രണ്ടു വയസ്സുള്ള കുട്ടി, ഹഫീസുദ്ദീൻ, മർവാൻ ഇസ്മായീൽ, അഷ്ഫാഖ് മജീദ്, ഫിറോസ്, പാലക്കാട് നിന്നുള്ള ഈസ, ഭാര്യ, യഹ്യ, യഹ്യയുടെ ഭാര്യ എന്നിവരെയാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്. ഇജാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഫോൺ ടാപ്പ് ചെയ്ത് ഇവർ ഇസ്ളാമിക് സ്റ്റേറ്റ് ക്യാമ്പിൽ എത്തിയതായി ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഈജിപ്ത്, സിറിയ വഴി ഇവർ അഫ്ഗാനിൽ എത്തിയിരിക്കാം എന്നാണ് സംശയം. ഇവരിൽ നിന്നും ഒടുവിൽ കിട്ടിയ ഫോൺവിളിയിലെ ടവർ ലൊക്കേഷൻ അഫ്ഗാനിസ്ഥാനിലേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രത്യേക പ്രാർത്ഥനയെന്ന് പറഞ്ഞ് ഇവർ അയച്ച ചില വാട്സ് ആപ്പ് സന്ദേശത്തിൽ ഇസ്ളാമിക് സ്റ്റേറ്റ് ആശയങ്ങൾ കണ്ടതോടെ ബന്ധുക്കൾ പി. കരുണാകരൻ എംപി, എം.രാജഗോപാലൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് അംഗം വിപിപി മുസ്തഫ എന്നിവർ വഴി മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. കടുത്ത മതവാദികൾ ആയിരുന്നെങ്കിലും ഇവർ ആരോടെങ്കിലൂം വിദ്വേഷം വച്ചു പുലർത്തിയിരുന്നതായി ആർക്കുമറിയില്ല. കൂട്ടുകൃഷിയുടെയും പ്രാർത്ഥനയുടേയും പേരു പറഞ്ഞാണ് ഇവർ പല തവണ വീട്ടിൽ നിന്നും വിട്ടു നിന്നിരുന്നതെന്നും വിവരമുണ്ട്.