കോഴിക്കോട്: മലബാറിൽ തീവ്രവാദ റിക്രൂട്ട്‌മെന്റ് സജീവമാണെന്ന് മലയാളികൾ തിരിച്ചറിഞ്ഞിട്ട് കുറച്ചു കാലമായി. ലഷ്‌കറും അൽഖൈയ്ദയുമെല്ലാം മലബാർ കേന്ദ്രീകരിച്ച് ആളുകളെ തീവ്രവാദികളാക്കുന്നുവെന്ന് പുറത്തു വന്നത് തടിയന്റവിടെ നസീറിനെ പോലുള്ളവർ സ്‌ഫോടനക്കേസുകളിൽ പിടിയിലായപ്പോഴാണ്. കാശ്മീരിൽ മലയാളി യുവാക്കൾ അതിർത്തിയിൽ വെടിയേറ്റ് മരിച്ചതോടെ ഇതിന്റെ തീവ്രത വ്യക്തമായി. അൽഖൈയ്ദയിലേക്ക് പോയവരുടെ വിവരങ്ങളും ഇതിനിടെ പുറത്തുവന്നു. എന്നാൽ അതിൽ നിന്നെല്ലാം വിഭിന്നമാണ് ഇപ്പോഴത്തെ കാര്യങ്ങൾ. വലിയ തോതിൽ മലയാളികളെ ഐസിസ് റിക്രൂട്ട് ചെയ്തുവെന്നാണ് സൂചന. ഇതുവരെ 17 പേരെ ഐസിസിൽ ചേർന്നതായി തിരിച്ചറിഞ്ഞു. എന്നാൽ നൂറു കണക്കിന് പേർ ഐസിസിലുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ രഹസ്യാന്വേഷണ വിഭാഗങ്ങൾ കേരളത്തിൽ കൂടുതൽ സജീവമാകും. 

അതിനിടെ വിദേശത്തേക്കു പോയി മടങ്ങിവരാത്തവരെ സംബന്ധിച്ചും വിവരങ്ങൾ ശേഖരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പയ്യാനക്കൽ ചക്കുംകടവ് സ്വദേശി ഐസിസുമായി ബന്ധം സ്ഥാപിച്ചെന്ന വിവരത്തെ തുടർന്നു നേരത്തേതന്നെ രഹസ്യാന്വേഷണ വിഭാഗം പരിശോധന ആരംഭിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിൽ കാണാതായ മലയാളികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ അന്നു തീരുമാനിച്ചിരുന്നു. എന്നാൽ, പിന്നീട് ഇതുസംബന്ധിച്ചുള്ള അന്വേഷണങ്ങളും വിവരശേഖരണവും നടന്നില്ല. അമേരിക്കയിലും യൂറോപ്പിലുമുള്ള മലയാളികളും വൻതോതിൽ ഐസിസിൽ ചേരാനുള്ള സാധ്യതയും കാണുന്നുണ്ട്. ഇത് സംബന്ധിച്ച വിവര ശേഖരണം പൊലീസ് തുടങ്ങി. ഗൾഫിൽ ജോലി തേടി പോയ നൂറുകണക്കിന് പേർ ഐസിസിലെത്തിയെന്നാണ് പ്രാഥമിക നിഗമനം. 

ദുരൂഹ സാഹചര്യത്തിൽ കാണാതായ 17 പേരുടെ വിശദാംശങ്ങൾ കേരള പൊലീസ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്കു കൈമാറി. ഐസിസുമായി ഇവർക്കു ബന്ധമുണ്ടോയെന്ന അന്വേഷണത്തിനാണിത്. ഇവർക്കു പുറമെ രണ്ടു പെൺകുട്ടികൾക്കും ഐഎസ് ബന്ധമുണ്ടോയെന്നു പൊലീസ് സംശയിക്കുന്നു. സംഭവത്തെക്കറിച്ചു കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ, പടന്ന പ!ഞ്ചായത്തുകളിലെ മൂന്നു കുടുംബങ്ങളിൽനിന്നായി മൂന്നു സ്ത്രീകളും രണ്ടു കുട്ടികളുമടക്കം 13 പേർ, പാലക്കാട് ജില്ലയിലെ സഹോദരന്മാർ, ഇവരുടെ ഭാര്യമാരായ എറണാകുളം, തിരുവനന്തപുരം സ്വദേശിനികൾ എന്നിവരാണ് അപ്രത്യക്ഷരായത്. ഇവരെല്ലാം ഐസിസ് ക്യാംപിൽ എത്തിയതായി ബന്ധുക്കൾക്കു സമൂഹമാദ്ധ്യമങ്ങൾ വഴി സന്ദേശം ലഭിച്ചിരുന്നു.

കാസർകോട് തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്ദുൽ റാഷിദ് അബ്ദുല്ല, ഭാര്യ എറണാകുളം വൈറ്റില സ്വദേശി ആയിഷ, പടന്ന സ്വദേശി ഡോ. ഇജാസ്, ഭാര്യ റഫീല, ഇജാസിന്റെ സഹോദരൻ ഷിയാസ്, ഭാര്യ അജ്മല, എളമ്പച്ചി സ്വദേശി മുഹമ്മദ് മൻസാദ്, തൃക്കരിപ്പൂരിലെ മർവാൻ, പടന്ന സ്വദേശികളായ ഹയീസുദ്ദീൻ, അഷ്ഫാഖ്, എളമ്പച്ചി സ്വദേശി ഫിറോസ് എന്നിവരെ കാണാതായതായി ബന്ധുക്കൾ പരാതി നൽകി. അബ്ദുൽ റാഷിദ് അബ്ദുല്ലയുടെ രണ്ടു വയസ്സുള്ള മകളും ഇജാസിന്റെ ഒന്നര വയസ്സുള്ള മകനും ഇവർക്കൊപ്പമുണ്ടെന്നാണു വിവരം. പി. കരുണാകരൻ എംപി, എം.രാജഗോപാലൻ എംഎൽഎ എന്നിവർ മുഖേനയാണ് മുഖ്യമന്ത്രിക്കു പരാതി നൽകിയത്. പാലക്കാട് യാക്കരയ്ക്കു സമീപം താമസിക്കുന്ന ഈസ (ബെക്‌സൺ- 31), ഭാര്യ തിരുവനന്തപുരം ആറ്റുകാൽ സ്വദേശിനി ഫാത്തിമ (നിമിഷ), ഈസയുടെ സഹോദരൻ യഹിയ (ബെറ്റ്‌സൺ- 23), ഭാര്യ എറണാകുളം സ്വദേശിനി മറിയം (മെറിൻ ജേക്കബ്) എന്നിവരാണ് അപ്രത്യക്ഷരായ മറ്റുള്ളവർ.

കാണാതായവരുടെ പാസ്‌പോർട്ട് റോ ഉദ്യോഗസ്ഥർ തേടിയെങ്കിലും ലഭിച്ചിട്ടില്ല. ഇതു ലഭിച്ചാലേ ഇവർ വിദേശത്തേക്ക് എപ്പോൾ കടന്നുവെന്നു വ്യക്തമാകൂ. കാണാതായവരുടെ ജനനത്തീയതികൾ വച്ച്, പാസ്‌പോർട്ട് ഓഫിസ് വഴി വിശദാംശങ്ങൾ ശേഖരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. രണ്ടുമാസത്തിനിടെ പല തവണയായാണ് ഇവരെ കാണാതായത്.

കേരളത്തിൽ ഐസിസിന് കെട്ടുറപ്പുള്ള സംവിധാനമെന്ന് എൻഐഎ

കേരളത്തിൽ ഇസ്ലാമിക് സ്‌റ്റേറ്റി(ഐസിസ്്)ന്റേതു കെട്ടുറപ്പുള്ള സംവിധാനമാണെന്നും ഏത് സമയത്തും എന്തും സംഭവിക്കാമെന്നും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പും എത്തുന്നു. വിവിധ ഭാഗങ്ങളിൽനിന്ന് എട്ട് ദമ്പതിമാരടക്കം 34 മലയാളികളെയാണ് ഇതിനോടകം ദുരൂഹസാചര്യത്തിൽ കാണാതായത്. ഇവർ ഐ.എസിൽ ചേർന്നതായി ഇന്റലിജൻസ് ഏജൻസികൾക്കു വിവരം ലഭിച്ചിട്ടുണ്ട്. ഇതിൽ 17 പേരെ തിരിച്ചറിയുന്നു. അതിനിടെ ഐസിസുമായി ബന്ധപ്പെട്ട കേസിൽ നാല് മലയാളികളെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൗരവസാഹചര്യം കണക്കിലെടുത്തു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. ദേശീയ അന്വേഷണ ഏജൻസിയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്തും.
ഇന്റലിജൻസ് എ.ഡി.ജി.പി: ആർ. ശ്രീലേഖ സംഘത്തിന്റെ മേൽനോട്ടം വഹിക്കും.

കാണാതായവരെക്കുറിച്ച് സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിനു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ശക്തമായ ഇന്റലിജൻസ് സംവിധാനവും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രതിനിധികളും ഉണ്ടെന്നാണു വിവരം. ഐ.എസിനു വിവരങ്ങൾ നൽകാൻ കേരള പൊലീസിൽ പോലും ആളുകളുണ്ടെന്ന് ഇന്റലിജൻസ് വിഭാഗം സംശയിക്കുന്നു. കാസർഗോഡ്, മലപ്പുറം, തൃശൂർ, തിരുവനന്തപുരം, കൊച്ചി, കൊല്ലം എന്നിവിടങ്ങളിൽ ഐസിസിന്റെ 'സ്ലീപ്പിങ് സെല്ലു'കൾ സജീവമാണെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയവരെയാണ് ഐസിസ് ലക്ഷ്യമിടുന്നത്. കേരളത്തിൽനിന്നു നിരവധി പേരെ ദുരൂഹസാഹചര്യത്തിൽ കാണാതായത് അതീവ ഗൗരവതരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിട്ടുണ്ട്.

തൃക്കരിപ്പൂരും മംഗലാപുരവും പൊലീസ് നിരീക്ഷണത്തിൽ

തൃക്കരിപ്പൂരിലെ ഒരു കേന്ദ്രം വഴിയാണ് ഇവരെ സംഘടിതമായി ഈ സംഘടനയിലേക്കു റിക്രൂട്ട് ചെയ്തതെന്നാണു പൊലീസ് സംശയിക്കുന്നത്. മംഗലാപുരത്തെ ചില സംഘടനകളുമായി ബന്ധമുള്ളവരാണു പിന്നിൽ പ്രവർത്തിച്ചതെന്നു പൊലീസ് സംശയിക്കുന്നു. എന്നാൽ, ഒന്നിനും ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഒരാളുടെ മൊബൈൽ പരിശോധനയിൽ അയാൾ അഫ്ഗാനിസ്ഥാനിലാണെന്നു കണ്ടെത്തി. ആഴ്ചകൾക്കു മുൻപുവരെ പലരും വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. കാണാതായവരിൽ മിക്കവാറും എല്ലാവരും മികച്ച വിദ്യാഭ്യാസമുള്ളവരാണ്. ആരുടെ പേരിലും ക്രിമിനൽ കേസും നിലവിലില്ല. ഇവരുടെ പാസ്‌പോർട്ട് രേഖകൾ, ചിത്രം, വിലാസം, വിദേശത്തുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിവരം എന്നിവയെല്ലാം സംസ്ഥാന ഇന്റലിജൻസ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങൾക്കു കൈമാറി.

എല്ലാവരും നേരായ രീതിയിൽ തന്നെയാണു പാസ്‌പോർട്ട് എടുത്തിട്ടുള്ളത്. കാണാതായെന്നു പറയപ്പെടുന്ന മലയാളികൾ വിദേശത്തേക്കു പോയെന്നും തിരിച്ചെത്തിയിട്ടില്ലെന്നുമുള്ള വിവരം മാത്രമാണ് ഇപ്പോഴുള്ളതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. വിശദമായ അന്വേഷണം നടക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലേ വ്യക്തമാകൂ എന്നും ഡിജിപി പറഞ്ഞു. ഇവരുടെ ഐഎസ് ബന്ധത്തെക്കുറിച്ചു കേന്ദ്ര സർക്കാരിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർ ഗൾഫ് വഴി സിറിയയിലേക്കു കടന്നിട്ടുണ്ടാകാമെന്നാണു സൂചന. ഇപ്പോൾ കാണാതായ എല്ലാവരുടെയും ബന്ധുക്കളിൽനിന്നു രേഖാമൂലം പരാതി വാങ്ങാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

നേരത്തേ ഐസിസ് ബന്ധം ആരോപിച്ച് ഏതാനും ചെറുപ്പക്കാരെ ഗൾഫിൽനിന്നു നാട്ടിലേക്കു മടക്കിവിട്ടപ്പോൾ തന്നെ കേരള പൊലീസ് രഹസ്യ അന്വേഷണം തുടങ്ങിയിരുന്നു. എന്നാൽ, അതിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതിനിടെയാണു കാസർകോടുനിന്നു കാണാതായ ചിലരുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.

ഐസിസിൽ ചേർന്നവരിൽ ഗർഭിണികളും

അപ്രത്യക്ഷരായ യുവസംഘത്തിൽ സഹോദരങ്ങളായ യഹിയയുടെയും ഈസയുടെയും ഭാര്യമാർ ഗർഭിണികളാണ്. പാലക്കാട് യാക്കരയ്ക്കു സമീപം താമസിക്കുന്ന ഈസ (ബെക്‌സൺ 31), ഭാര്യ ഫാത്തിമ (നിമിഷ) എന്നിവർ കഴിഞ്ഞ മാസം 15നും സഹോദരൻ യഹിയ (ബെറ്റ്‌സൺ 23), ഭാര്യ മറിയം (മെറിൻ ജേക്കബ്) എന്നിവർ കഴിഞ്ഞ മാസം 18നും ആണ് അപ്രത്യക്ഷരായത്. ഇവരുടേതെന്ന പേരിൽ ഈ മാസം അഞ്ചിനു വാട്‌സാപ് സന്ദേശം ലഭിച്ചിരുന്നതായി പിതാവ് വിൻസന്റ് അറിയിച്ചു. ശ്രീലങ്കയിൽ പോയിട്ടില്ലെന്നും ഇവിടെ വളരെ സുരക്ഷിതമായി ഇരിക്കുന്നെന്നും ഫോൺ ചെയ്യാൻ പറ്റാത്ത സാഹചര്യമാണെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

ആരെങ്കിലും ചോദിച്ചാൽ ശ്രീലങ്കയിലാണെന്നു പറയണമെന്നും പുതിയ വീട്ടിലേക്ക് ഉടൻ താമസം മാറ്റുമെന്നും അതിനുശേഷം വിളിക്കാമെന്നും അറിയിച്ചു. ബിബിഎമ്മിനുശേഷം എംബിഎ കോഴ്‌സ് പൂർത്തിയാക്കിയതായി പറയുന്ന ബെക്‌സണും ഡിഗ്രി പഠനം പൂർത്തിയാക്കിയ ബെറ്റ്‌സണും ഒരുവർഷം മുൻപാണു മതം മാറിയത്. കാസർകോട്ടേക്കു ബിസിനസ് ആവശ്യത്തിനായി പോയ ഈസ ബിഡിഎസിനു പഠിക്കുന്ന നിമിഷയുമായി പരിചയപ്പെട്ടു. പിന്നീട് ഇവർ രജിസ്റ്റർ വിവാഹം കഴിച്ചു.

ചങ്ങനാശേരി സ്വദേശിയായ വിൻസന്റ് ഏറെക്കാലം വിദേശത്തായിരുന്നു. 2003ലാണു യാക്കരയിൽ താമസത്തിനെത്തിയത്. ഇതിനിടെ, എട്ടുവർഷം മുൻപു കശ്മീരിൽ അതിർത്തിരക്ഷാസേനയുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട കൊച്ചി തമ്മനം സ്വദേശിയെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഭീകരസംഘടനയിൽ അംഗമായി ആയുധപരിശീലനം നേടിയ മുഹമ്മദ് യാസിൻ (വർഗീസ് ജോസഫ്) ആണ് ഇന്ത്യൻ സേനയോട് ഏറ്റുമുട്ടിയത്.

ഐസിസിൽ ചേർന്നവർ ഇപ്പോഴും ഫോണിൽ വിളിക്കുന്നു

കാണാതായവരുടെ സംഘത്തിൽ ഉൾപ്പെട്ട പടന്ന സ്വദേശി അഷ്ഫാഖിന്റെ മൊബൈൽ സന്ദേശം ഇന്നലെ ഉച്ചയോടെ ഉമ്മയ്ക്കു ലഭിച്ചതായി വിവരം. ഞങ്ങൾ സുഖമായിരിക്കുന്നു എന്ന് ഇംഗ്ലിഷിലുള്ള എസ്എംഎസ് സന്ദേശമാണ് അഷ്ഫാഖിന്റെ ഉമ്മയുടെ മൊബൈലിലേക്കു ലഭിച്ചത്. അഷ്ഫാഖിനെ കാണാതായശേഷം രണ്ടുതവണ മൊബൈൽ സന്ദേശം ലഭിച്ചിരുന്നു. അതേ ഫോൺ നമ്പരിൽനിന്നാണു വീണ്ടും സന്ദേശം എത്തിയത്. ഈ നമ്പരിൽ തിരിച്ചു വിളിക്കാൻ ശ്രമം നടത്തിയെങ്കിലും കോൾ പൂർത്തിയാക്കാൻ കഴിയില്ലെന്ന മറുപടിയാണു ലഭിച്ചത്. ഫോൺ നമ്പർ സംബന്ധിച്ച വിശദാംശങ്ങളും ഇന്നു ചന്തേര പൊലീസിനു കൈമാറും.

അപ്രത്യക്ഷരായവർ ഭീകരക്യാംപിലെത്തിയെന്ന സംശയങ്ങൾക്കു തുടക്കമിട്ടതു കഴിഞ്ഞമാസം 25ന് അബ്ദുൽ റാഷിദ് അബ്ദുല്ലയുടെ പിതാവിന്റെ മൊബൈലിലേക്കു വന്ന സന്ദേശം. 'മുംബൈയിൽ നിന്നു ഞങ്ങൾ വിശുദ്ധനാട്ടിൽ എത്തി. ഇവിടെ എല്ലാവരും സുരക്ഷിതരാണ്. ദൈവത്തിന്റെ നാട്ടിലാണ് ഇനി ഞങ്ങൾ താമസിക്കുന്നത്. ഉപ്പയും ഉമ്മയും ഇവിടേക്കു വരണം...' എന്നായിരുന്നു സന്ദേശം.മൊബൈൽ ഫോണിൽ വാട്‌സാപ്പിലേക്കു ശബ്ദസന്ദേശമാണ് എത്തിയത്. ഇതിനുപിന്നാലെ ഇജാസിന്റെ പേരിൽ രക്ഷിതാക്കളുടെ ഫോണിലേക്കും ഇതേസന്ദേശമെത്തി. രണ്ടുദിവസങ്ങൾക്കു ശേഷം തൃക്കരിപ്പൂർ സ്വദേശി മർവാൻ, പടന്ന സ്വദേശി ഹയീസുദ്ദീൻ എന്നിവർ നാട്ടിലെ ബന്ധുക്കളുടെ ഫോണിലേക്ക് എസ്എംഎസ് വഴി സന്ദേശം അയച്ചു.

തങ്ങൾ ഐസിസ് സംഘടനയിൽ അംഗമായെന്നും സിറിയയിൽ എത്തിയെന്നും ഇനി നാട്ടിലേക്കു തിരിച്ചില്ലെന്നുമായിരുന്നു സന്ദേശം. തുടർന്ന് എളമ്പച്ചി സ്വദേശി ഫിറോസ് കഴിഞ്ഞ അഞ്ചിനു രാത്രി ഒൻപതിനു വീട്ടിലെ ലാൻഡ് ഫോണിലേക്കു വിളിച്ചതായി ബന്ധുക്കൾ പറയുന്നു. താൻ മുംബൈയിലെ ലോഡ്ജിൽ താമസിക്കുന്നുണ്ടെന്നും തൃക്കരിപ്പൂർ സ്വദേശികളായ ചിലർ ഐഎസിൽ ചേർന്ന് സിറിയയിലേക്കു തിരിച്ചിട്ടുണ്ടെന്നും ഇക്കാര്യം പുറത്തുപറയരുതെന്നുമായിരുന്നു ഫിറോസിന്റെ വാക്കുകൾ. ഇതേത്തുടർന്നാണു ബന്ധുക്കൾ സ്ഥലം എംഎൽഎ എം.രാജഗോപാലനെയും പി.കരുണാകരൻ എംപിയെയും വിവരമറിയിച്ചത്.

ഇജാസിന്റെയും അബ്ദുൽ റാഷിദ് അബ്ദുല്ലയുടെയും പേരിൽ എത്തിയ ഫോൺ സന്ദേശങ്ങൾ അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ നിന്നുള്ളതാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവർക്കു നാട്ടിലെ മറ്റുള്ളവരുമായി അടുപ്പമുണ്ടായിരുന്നില്ലെന്നാണു ബന്ധുക്കൾ നൽകുന്ന വിവരം. മതപഠനത്തിനും പ്രചാരണത്തിനും എന്ന പേരിൽ ഇവർ ഒരുമിച്ചു പലയാത്രകളും നടത്താറുണ്ടായിരുന്നെന്നാണു വിവരം.