മടിക്കേരി: ആദിവാസികളെ ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചെന്ന് ആരോപിച്ച് കുടകിൽ ദമ്പതികളെ കസ്റ്റഡിയിൽ എടുത്തു. ഇവർ മാനന്തവാടി സ്വദേശികളാണ്. കുര്യച്ചൻ, സെൽവി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പിന്നീട് ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസാണ് ഇത് റിപ്പോർട്ട് ചെയ്തത്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ദമ്പതികൾ കേരളത്തിൽ നിന്ന് കുട്ടയിലെ ആദിവാസി കോളനിയിൽ എത്തിയത്. ആദിവാസി വിഭാഗക്കാരനായ പണിയറവര മുത്തയേയും കുടുംബത്തെയും വീട്ടിൽ സന്ദർശിച്ച് ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചതായാണ് പരാതി.

ചില ഹൈന്ദവ സംഘടനകളാണ് കുട്ട പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. നേരത്തെയും ഈ മേഖലയിൽ മതപരിവർത്തനം നടന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. നിർബന്ധിത മതപരിവർത്തനത്തിനെതിരായ നിയമമായ സെക്ഷൻ 295 എ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

പുതുതായി പാസാക്കിയ മതപരിവർത്തന നിരോധന നിയമത്തിന്റെ ഗസറ്റ് വിജ്ഞാപനം കൈയിൽ കിട്ടിയില്ലെന്ന് പൊലീസ് പറഞ്ഞു.അതുകൊണ്ടാണ് പഴയ വകുപ്പ് പ്രകാരം കസ്റ്റഡിയിലെടുത്തത്. കുറ്റപത്രം ഫയൽ ചെയ്യുമ്പോൾ, പുതിയ നിയമപ്രകാരമായിരിക്കുമെന്നും കുട്ട പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കർണാടകയിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ വന്നത്. കഴിഞ്ഞയാഴ്ച പ്രത്യേക ഓർഡിനൻസിലൂടെ കർണാടക സർക്കാർ പാസാക്കിയ ബില്ലിന് ഗവർണർ അനുമതി നൽകിയരുന്നു. കർണാടക റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജ്യൻ എന്ന പേരിലുള്ള ബില്ലിനാണ് കർണാടക ഗവർണർ തവാർചന്ദ് ഗെഹ്ലോട്ട് പച്ചക്കൊടി കാട്ടിയത്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയാണ് നിർബന്ധിത മതപരിവർത്തനം നിരോധിച്ചുകൊണ്ടുള്ള ബിൽ ഔദ്യോഗികമായി നിയമമായത്.

നിയമവിരുദ്ധമായ മതംമാറ്റം തടയാനെന്ന പേരിൽ അവതരിപ്പിച്ച ബിൽ 2021 ഡിസംബറിലാണ് കർണാടക നിയമസഭയിൽ പാസായിരുന്നു. എന്നാൽ, ബിജെപിക്ക് ഭൂരിപക്ഷമില്ലാത്ത നിയമസഭാ കൗൺസിലിൽ ബിൽ പാസാക്കാനായിരുന്നില്ല. തുടർന്നാണ് സഭാ സമ്മേളനം നീട്ടിവച്ചതു ചൂണ്ടിക്കാട്ടി പ്രത്യേക ഓർഡിനൻസിലൂടെ മെയ്‌ 12ന് ബസവരാജ് ബൊമ്മൈ സർക്കാർ ബിൽ പാസാക്കിയത്. മന്ത്രിസഭാ യോഗം ചേർന്നായിരുന്നു ഓർഡിനൻസിന് അംഗീകാരം നൽകിയത്.

ഓർഡിനൻസിലൂടെ ബിൽ പാസാക്കാൻ സർക്കാർ കാണിച്ച തിടുക്കം ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഓർഡിനൻസിന് അംഗീകാരം നൽകരുതെന്ന് കഴിഞ്ഞ ദിവസം ബംഗളൂരു ആർച്ച്ബിഷപ്പ് പീറ്റർ മച്ചാഡോ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. യുവാക്കൾക്ക് ജോലി നൽകുന്ന വിഷയത്തിലോ വികസന പദ്ധതികൾ നടപ്പാക്കാനോ ഒക്കെയാണ് ഓർഡിനൻസ് അവതരിപ്പിക്കേണ്ടതെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ പ്രതികരിച്ചു. എന്തിനാണ് സർക്കാർ ഇത്ര തിടുക്കം കാണിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ നിയമപ്രകാരം നിർബന്ധിത പരിവർത്തനം നടത്തിയാൽ അഞ്ചു വർഷം തടവുശിക്ഷയും 25,000 രൂപ പിഴയും ചുമത്തും. ചെറിയ കുട്ടികളെയും സ്ത്രീകളെയും എസ്.സി/എസ്.ടി വിഭാഗക്കാരെയും മതംമാറ്റിയാൽ മൂന്നുമുതൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കും. 50,000 രൂപ പിഴയും ലഭിക്കും. കൂട്ട മതപരിവർത്തനം നടത്തിയാൽ പത്തു വർഷം വരെ തടവും ഒരു ലക്ഷം വരെ പിഴയുമാണ് നിയമത്തിൽ പറയുന്ന ശിക്ഷ.