ചെന്നൈ: കഴിഞ്ഞദിവസം ചെന്നൈയിൽ പ്രമുഖ മലയാളി വനിതാ ഡോക്ടർ രോഹിണി പ്രേംകുമാരി(62) കൊല്ലപ്പെട്ടത് കവർച്ചാശ്രമത്തിനിടെ അല്ലെന്ന് പൊലീസ്. തലയ്ക്കടിയേറ്റ് ഡോക്ടർ കൊല്ലപ്പെട്ടതോടെ കവർച്ചാശ്രമത്തിനിടെ ഉണ്ടായ കൊലപാതകം എന്നാണ് പൊലീസ് ആദ്യഘട്ടത്തിൽ വിലയിരുത്തിയത്. എന്നാൽ, വസ്തുതകൾ പരിശോധിച്ച് അന്വേഷണം തുടങ്ങിയപ്പോൾ പൊലീസ് ഈ നിഗമനത്തിൽ നിന്നും പിന്നോട്ടു പോയി. മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ കൊലപാതകമെന്നാണ് സംഭവത്തെ കുറിച്ച് പൊലീസ് ഇപ്പോൾ വിലയിരുത്തുന്നത്.

ഈയിടെ വീടിനു ചുറ്റും ഇന്റർലോക്ക് ടൈലുകൾ പാകിയ കരാറുകാരനുമായുണ്ടായ തർക്കത്തെത്തുടർന്നു കേസ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് കൊലപാതകം ഉണ്ടായതെന്നാണ് പുറത്തുവരുന്ന സൂചനകൾ. നഗരത്തിലെ ഏറെ തിരക്കുള്ള പ്രദേശത്ത് ഏകദേശം 25 സെന്റോളം സ്ഥലത്താണ് ഇവരുടെ ഇരുനില വീട്. വർഷങ്ങൾക്കു മുൻപു കേരളത്തിൽനിന്നു ചെന്നൈയിലേക്കു കുടിയേറിയതാണു ഡോ. രോഹിണിയുടെ കുടുംബം. ഇവർ ജനിച്ചതും വളർന്നതും ചെന്നൈയിലാണ്.

അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനം അനുഷ്ഠിച്ചിരുന്ന ഡോ. രോഹിണി പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിലും പ്രവർത്തിച്ചിരുന്നു. പുകയില വിരുദ്ധ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഇവിടുത്തെ മലയാൡകൂട്ടായ്മകളിലും സജീവമായിരുന്ന ഡോക്ടറുടെ കൊലപാതകം സമീപവാസികളെ ഞെട്ടിച്ചിട്ടുണ്ട്. അർബുദ ചികിൽസാ രംഗത്തെ പ്രമുഖ ഡോക്ടറായിരുന്നു രോഹിണി. കൊല്ലം ജില്ലയിലാണ് ഇവരുടെ കുടുംബ വേരുകൾ ഉള്ളത്.

എഗ്മൂർ റയിൽവേ സ്റ്റേഷനുസമീപം ഗാന്ധി ഇർവിൻ റോഡിലുള്ള വീടിനടുത്ത് ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെയാണ് ഇരുകൈകളും കയറുകൊണ്ടു കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വായിൽ പ്ലാസ്റ്റർ ഒട്ടിച്ചിരുന്നു. മുഖത്തും തലയ്ക്കു പിന്നിലും ക്ഷതമേറ്റിട്ടുണ്ട്. എന്നാൽ, ശ്വാസംമുട്ടിച്ചാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു. ഡോ. രോഹിണി തൊണ്ണൂറു വയസ്സുള്ള അമ്മ ഡോ. സുഭദ്ര നായർക്കൊപ്പമാണു താമസിച്ചിരുന്നത്. ഭർത്താവ് ജോൺ കുരുവിള വർഷങ്ങൾക്കു മുൻപു മരിച്ചതാണ്. ഏക മകൾ രശ്മി ചെന്നൈയിൽ തന്നെ മറ്റൊരു വീട്ടിലാണു താമസം. യേർക്കാട്ടു പോയിരുന്ന രശ്മി ശനിയാഴ്ച രാത്രി ഫോൺ വിളിച്ചെങ്കിലും കിട്ടിയില്ലത്രേ.

പ്രായത്തിന്റെ അവശതമൂലം മുറിയിൽ തന്നെ കഴിയുന്ന ഡോ. സുഭദ്രയുടെ കിടക്കയോടു ചേർന്നു കോളിങ് ബെല്ലുണ്ട്. ഇന്നലെ രാവിലെ ഭക്ഷണം കിട്ടാതെ ബെല്ലടിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് അടുത്ത വീട്ടിലെ സഹായി പരമശിവത്തെ ഫോണിൽ വിളിച്ചു. ഇയാൾ എത്തിയപ്പോഴാണ് വീടിനോടു ചേർന്നു വെറും നിലത്തു രോഹിണിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ടീ ഷർട്ടും ഷോർട്‌സും ഷൂസും ധരിച്ചിരുന്നു. അടുത്തു മൺവെട്ടി തുടങ്ങിയ പണിയായുധങ്ങളുമുണ്ടായിരുന്നു. ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടിരിക്കാമെന്നാണു കരുതുന്നത്. കവർച്ചയല്ല ലക്ഷ്യമെന്നും മുൻവൈരാഗ്യം പോലെയുള്ള സാധ്യതകളാണ് അന്വേഷിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

ചെന്നൈ സിറ്റി പൊലീസാണ് അന്വേഷണം നടത്തുന്നത്. പ്രമുഖ കാൻസർ ചികിത്സാ ഡോക്ടറാണ് കൊല്ലപ്പെട്ടത് എന്നതിനാൽ അന്വേഷണത്തിനായി പ്രത്യേക പൊലീസ് സംഘം രൂപവത്കരിച്ചിട്ടുണ്ട്. മൃതദേഹം കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഡോ. രോഹിണി ചെന്നൈ വി എസ് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചുവരുകയായിരുന്നു.