- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി അയച്ച പണം കൈകാര്യം ചെയ്യുന്നതിൽ അലംഭാവം; റെക്കറിങ് ഡെപ്പോസിറ്റ് കാലാവധി കഴിഞ്ഞ തുക ഫിക്സഡിലേക്ക മാറ്റാൻ അപേക്ഷിച്ചിട്ടും ഗൗനിച്ചില്ല; സുരേഷ് ബാബുവിന് നഷ്ടമായത് ലക്ഷങ്ങളുടെ പരിശത്തുക; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കണ്ണൂർ മെയിൻ ശാഖക്കെതിരെ പരാതി
തിരുവനന്തപുരം : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണ്ണൂർ മെയിൻ ശാഖക്കെതിരെ പരാതിയുമായി പ്രവാസി. റെക്കറിങ് ഡെപ്പോസിറ്റ് കാലാവധി കഴിഞ്ഞ തുക ഫിക്സഡ് ഡെപ്പോസിറ്റിലേക്ക് മാറ്റാൻ അപേക്ഷിച്ചിട്ടും ബാങ്ക് ഉദ്യോഗസ്ഥർ വീഴ്‌ച്ച വരുത്തിയതിലൂടെ നഷ്ടമായത് ലക്ഷങ്ങളുടെ പലിശത്തുക. അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിവരങ്ങൾ യഥാസമയം പ്രവാസി ഉപഭോക്താക്കളെ അറിയിക്കാത്തത് മൂലം ആളുകൾക്ക് നഷ്ടപ്പെടുന്നത് വൻ തുകയെന്നും ആക്ഷേപം.
കണ്ണൂർ സ്വദേശിയും പ്രവാസിയുമായ സുരേഷ് ബാബുവാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണ്ണൂർ മെയിൻ ശാഖാ ഉദ്യോഗസ്ഥരുടെ വീഴ്ചക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 2003 മുതൽ എസ്.ബി.ഐയുടെ പ്രവാസി നാട്ടിൽ വരുമ്പോൾ മാത്രമാണ് ബാങ്കിൽ നേരിട്ടെത്തി ഇടപാടുകൾ നടത്താറുള്ളത്. പരാതിക്ക് കാരണമായ സംഭവം ഇങ്ങനെ:
2012 ൽ അന്നത്തെ ബാങ്ക് മാനേജരുടെ നിർദ്ദേശപ്രകാരം സുരേഷ്ബാബു റെക്കറിങ് നിക്ഷേപം ആരംഭിച്ചിരുന്നു. മാസാമാസം എൻ.ആർ.ഐ അക്കൗണ്ടിൽ നിന്ന് കൃത്യമായ തുക ബാങ്ക് അധികൃതർ തന്നെ റെക്കറിങ് നിക്ഷേപമായി ഈടാക്കുകയായിരുന്നു. അഞ്ച് വർഷമായിരുന്നു ഈ നിക്ഷേപത്തിന്റെ കാലാവധി. കാലാവധി കഴിഞ്ഞപ്പോൾ ബാങ്ക് അധികൃതർ നിർദ്ദേശിച്ചതുപ്രകാരം ഈ തുക ഫിക്സഡ് ഡെപ്പോസിറ്റിലേക്ക് മാറ്റാൻ സുരേഷ്ബാബു അപേക്ഷ നൽകിയിരുന്നു. അങ്ങനെ ചെയ്യാമെന്ന് ഉറപ്പ് നൽകിയെങ്കിലും അപേക്ഷ സ്വീകരിച്ചതായ അറിയിപ്പൊന്നും നൽകിയില്ലെന്ന് ഇദ്ദേഹം പറയുന്നു.
പിന്നീട് രണ്ട് വർഷം കഴിഞ്ഞ് 2020 കോവിഡ് കാലത്ത് നാട്ടിലെത്തിയ ഇദ്ദേഹം ബാങ്ക് സന്ദർശിക്കുകയും തന്റെ അക്കൗണ്ട് ഡീറ്റെയിൽസുകൾ പരിശോധിക്കുകയും റെക്കറിങ് ഡെപ്പോസിറ്റിന്റെയും ഫിക്സഡ് ഡെപ്പോസിറ്റിന്റെയും റസീപ്റ്റുകളും ആവശ്യപ്പെട്ടപ്പോഴാണ്് താൻ നിക്ഷേപിക്കാൻ നിർദ്ദേശിച്ച പ്രകാരമുള്ളതൊന്നും നടന്നിട്ടില്ലെന്നും പണം അടയ്ക്കാത്തതിനാൽ അക്കൗണ്ടിലെ തുക ബാങ്കേഴ്സ് ചെക്കായിട്ടാണ് ബാങ്കിൽ സൂക്ഷിച്ചിരിക്കുന്നതെന്നും അറിഞ്ഞത്.
ഈ ഡെപ്പോസിറ്റുകൾ പണമടയ്ക്കാത്തതുകൊണ്ട് ക്ലോസ് ചെയ്തുവെന്നായിരുന്നു ആദ്യം ബാങ്ക് ഉദ്യോഗസ്ഥർ ഇദ്ദേഹത്തോട് സൂചിപ്പിച്ചത്. എന്നാൽ നിരന്തരം ബാങ്കിൽ കയറിയിറങ്ങി ആവശ്യപ്പെട്ടപ്പോഴാണ് ബാങ്കേഴ്സ് ചെക്കിന്റെ കാര്യം സുരേഷ് ബാബു അറിയുന്നത്. മുൻവർഷങ്ങളേക്കാൾ വളരെ ചെറിയ പലിശയാണ് ഫിക്സഡ് ഡെപ്പോസിറ്റിന് നിലവിലുള്ളത്. ഇപ്പോൾ ബാങ്ക് അധികൃതർ നിക്ഷേപിച്ച സമയത്തെ പലിശ നിരക്കല്ലാതെ ഇപ്പോഴത്തെ കുറഞ്ഞ നിരക്കിൽ 50000 രൂപമാത്രമാണ് പലിശയായി നൽകിയത്. നിക്ഷേപിച്ച കാലത്തെ നിരക്ക് അനുസരിച്ച് രണ്ടരലക്ഷത്തോളം രൂപയായിരുന്നു ഇദ്ദേഹത്തിന് ലഭിക്കേണ്ടത്.
ഇങ്ങനെ ആദ്യകാലത്ത് വാഗ്ദാനം ചെയ്ത പലിശ ലഭിക്കാതെ വന്നതോടെ ഇദ്ദേഹം ഇതിനെതിരെ പരാതിയുമായി ബാങ്കിന്റെ ഉന്നത ഓഫീസുകളിലും ബാങ്ക് ഓംബുഡ്സ്മാനും പരാതി നൽകി. എന്നാൽ ഇവിടങ്ങളിലൊക്കെ തന്റെ പരാതി നിരസിക്കപ്പെട്ടെന്ന് സുരേഷ് ബാബു ചൂണ്ടിക്കാട്ടുന്നു. വർഷാവർഷം ഓഡിറ്റിങ് നടക്കാറുള്ള സ്ഥാപനത്തിൽ ഇത്തരമൊരു സംഭവമുണ്ടായിട്ടും ഇത്രയധികം തുക ബാങ്കേഴ്സ് ചെക്കായി മാറാനുമുണ്ടായ സാഹചര്യം ആരും അന്വേഷിക്കാത്തത് എന്തെന്ന ചോദ്യവും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. വർഷങ്ങളായുള്ള ആയിരത്തോളം ബാങ്കേഴ്സ് ചെക്കുകളാണ് ഒരു ബ്രാഞ്ചിൽ മാത്രമുള്ളത്. ഈ തുകയുടെ അവകാശികളെ കൃത്യമായി കണ്ടെത്തി പണം കൈമാറാൻ ബാങ്ക് അധികൃതർ ശ്രമിക്കുന്നില്ല എന്നതും ഗുരുതര സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
പ്രവാസികളായ ബാങ്ക് ഉപഭോക്താക്കൾക്ക് യഥാസമയം അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിവരങ്ങൾ ലഭ്യമകാത്തതാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായതെന്ന് പ്രവാസികളായ ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അതുപോലെ പ്രവാസികൾ വിദേശത്തിരുന്ന് വിവിധ നിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കുന്ന തുകയുടെ ആനുകൂല്യങ്ങൾ കൃത്യമായി അവകാശികൾക്ക് ലഭ്യമാകുന്നുണ്ടോ എന്ന സംശയവും ഇതിൽ നിന്ന് ഉയരുന്നുണ്ട്.
എന്തെങ്കിലും കാരണത്താൽ അടവ് മുടങ്ങിയാൽ അക്കൗണ്ട് ക്ലോസ് ചെയ്ത് അതുവരെയുള്ള തുക ബാങ്കേഴ്സ് ചെക്കായിക്കഴിഞ്ഞാൽ നിക്ഷേപിച്ച വ്യക്തിയോ കുടുംബമോ പോലും സാധാരണ നിലയിൽ അറിയുന്നില്ല. ബാങ്കിലെത്തി ഇത്തരം അക്കൗണ്ടുകളുടെ നിജസ്ഥിതി അന്വേഷിച്ചാൽ മാത്രമേ വ്യക്തത വരുന്നുള്ളൂ. പ്രവാസികളായ നിക്ഷേപകരോട് ബാങ്ക് അധികൃതർ കാണിക്കുന്ന ഉത്തരവാദിത്തമില്ലായ്മക്കെതിരെ വിവിധ അധികാരികൾക്ക് പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ് സുരേഷ്ബാബു.