ലണ്ടൻ: ലോകപ്രശസ്ത ശാസ്ത്രജ്ഞരായ ആൽബർട്ട് ഐൻസ്റ്റീനെയും സ്റ്റീഫൻ ഹോക്കിങ്‌സിനെയും കടത്തിവെട്ടി ഇതാ ഒരു മലയാളിപ്പെൺകൊടി. ബുദ്ധിശക്തിയിൽ ലോകോത്തര ശാസ്ത്രജ്ഞരെപ്പോലും കടത്തിവെട്ടിയ ലിഡിയ സെബാസ്റ്റ്യൻ എന്ന പന്ത്രണ്ടുകാരിയെ ബ്രിട്ടനിലെ മാദ്ധ്യമങ്ങൾ പ്രകീർത്തിക്കുകയാണ്.

ആൽബർട്ട് ഐൻസ്റ്റീനേക്കാളും സ്റ്റീഫൻ ഹോക്കിങ്‌സിനേക്കാളും കൂടുതൽ ഐക്യു സ്‌കോർ നേടിയാണ് ലിഡിയ ബുദ്ധിശക്തിയുടെ റാണിയായി മാറി യത്. വ്യക്തികളുടെ ബുദ്ധിശക്തി അളക്കുന്ന മെൻസ് പരീക്ഷയിലാണ് ഉയർന്ന സ്‌കോറായ 162 കരസ്ഥമാക്കാൻ ലിഡിയക്കു കഴിഞ്ഞത്. ഭൗതികശാസ്ത്രത്തിന്റെ പിതാവായ ഐൻസ്റ്റീന്റേയും സ്റ്റീഫൻ ഹോക്കിങ്‌സിന്റേയും ഐക്യു സ്‌കോർ 160 ആയാണ് കണക്കാക്കുന്നത്. മെൻസ ടെസ്റ്റിലെ 150 മിനിറ്റുള്ള മെന്റൽ എലിജിബിലിറ്റി ടെസ്റ്റിലാണ് ലിഡിയ 162 സ്‌കോർ നേടിയെടുത്തത്.

യുകെയിലെ കോൾചെസ്റ്ററിൽ താമസിക്കുന്ന കൊച്ചി എളമക്കര സ്വദേശി ഡോ. അരുൺ സെബാസ്റ്റ്യന്റെയും ഏറിക്ക കൊട്ടിയത്തിന്റെയും മകളാണ് ലിഡിയ. തങ്ങളുടെ കുട്ടികളെ ഏതു കാര്യത്തിനും നിർബന്ധിച്ചു കൊണ്ടു നടക്കുന്ന മാതാപിതാക്കളിൽ നിന്നു ഏറെ വ്യത്യസ്തരാണ് ലിഡിയയുടെ മാതാപിതാക്കൾ. ലിഡിയ ഏറെ നിർബന്ധിച്ചതു കൊണ്ടു മാത്രമാണ് മകളെ മെൻസ ടെസ്റ്റിന് കൊണ്ടു വന്നതെന്ന് കോൾചെസ്റ്റർ ജനറൽ ആശുപത്രിയിൽ റേഡിയോളജിസ്റ്റായ പിതാവ് അരുൺ പറഞ്ഞു. ബാർക്ലെയ്‌സ് ബാങ്കിലെ ജീവനക്കാരിയാണ് ഏറിക്ക.

വളരെ ചെറുപ്പത്തിൽ തന്നെ മകളിൽ ഏറെ പ്രത്യേകതകൾ കണ്ടുതുടങ്ങിയെന്നു മാതാപിതാക്കൾ പറയുന്നു. ആറു മാസം പ്രായമുള്ളപ്പോൾ തന്നെ ലിഡിയ സംസാരിച്ചു തുടങ്ങിരുന്നു. ഏറെ നേരത്തെ തന്നെ വായിക്കാനും തുടങ്ങി. മകളുടെ ഇഷ്ടവിഷയം കണക്കാണെന്നും അതിൽ പ്രൈമറി തലം തൊട്ടു നിരവധി സമ്മാനങ്ങൾ ലിഡിയ വാരിക്കൂട്ടിയിട്ടുണ്ടെന്നും അരുൺ പറഞ്ഞു.

ഐക്യു പരീക്ഷയിൽ മകളുടെ സ്‌കോർ കണ്ട് മാതാപിതാക്കൾ പോലും ഞെട്ടിപ്പോയി. 20,000 അംഗങ്ങളുള്ള യുകെയിലെ മെൻസ ക്ലബിലേക്ക് ലിഡിയ തന്നെയാണ് അപേക്ഷ അയച്ചത്. പ്രായപൂർത്തിയാകാത്തതിനാൽ മുതിർന്നവർ കൂടെച്ചെല്ലണമെന്നുള്ളതു കൊണ്ടാണ് ഞങ്ങളെ നിർബന്ധിച്ച് അവൾ കൊണ്ടുപോയത് അരുൺ പറയുന്നു.

നാലു വയസുമുതൽ വയലിൻ വായിച്ചു തുടങ്ങിയ ലിഡിയ ഹാരി പോട്ടർ സീരിസിലെ ഏഴു ബുക്കുകളും മൂന്നു തവണ വീതം വായിച്ചു കഴിഞ്ഞു. തങ്ങളുടെ ഏകപുത്രിയെ മറ്റാരുമായും തങ്ങൾക്ക് താരതമ്യപ്പെടുത്താൻ സാധിക്കുന്നില്ലെന്ന് അരുണും എറിക്കയും പറയുന്നു.

എസക്‌സ് കോൾചെസ്റ്റർ കൗണ്ടി ഹൈസ്‌കൂളിലെ എ ഗ്രേഡ് വിദ്യാർത്ഥിനിയാണിപ്പോൾ ലിഡിയ. കണക്കു മാത്രമല്ല, ഫിസിക്‌സും കെമിസ്ട്രിയും ഈ പെൺകുട്ടിയുടെ ഇഷ്ടവിഷയങ്ങളാണ്. ഭാവിയിൽ ഈ വിഷയങ്ങളിൽ ഉപരിപഠനം നടത്താനാണ് ലിഡിയയുടെ ആഗ്രഹം.

സ്‌കൂളിൽ നിന്നു വന്നാൽ മറ്റാരുടെയും സഹായം തേടാതെ ഹോം വർക്കുകൾ പൂർത്തിയാക്കുമെന്നും ഒരു കാര്യത്തിനും ലിഡിയയെ ഒരിക്കലും നിർബന്ധിക്കേണ്ടി വന്നിട്ടില്ലെന്നുമാണ് മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തുന്നത്. കുട്ടികളെ ഒരു കാര്യത്തിനും നിർബന്ധിക്കരുതെന്നും മാതാപിതാക്കളുടെ നിർബന്ധം മൂലം കുട്ടികൾക്ക് ഇഷ്ടമുള്ള കാര്യങ്ങളിലുള്ള താത്പര്യം നഷ്ടമാകുമെന്നും അരുൺ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു.