കണ്ണൂർ: ഭർത്താവായ രജീഷിന്റെ ക്രൂര പീഡനമാണ് മകളുടെ മരണത്തിന് കാരണമായതെന്ന് ന്യൂഡൽഹി എയിംസിലെ സീനിയർ നഴ്‌സ് ഉദയഗിരി ശാന്തിപുരത്തെ ചവരം പ്ലാക്കൽ അനിതാ ജോസഫിന്റെ മാതാവ് ഡൽഹി പൊലീസിൽ പരാതി നൽകി. ഇതേ തുടർന്ന് രജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കയാണ്. വിമുക്ത ഭടനായ രജീഷ് കോഴിക്കോട് ഈങ്ങപ്പുഴ പുലിമലയിൽ സ്വദേശിയാണ്. ഡൽഹി ബുസരായി പൊലീസ് സ്‌റ്റേഷനിൽ അനിതയുടെ മാതാവ് ലിസിയാണ് പരാതി നൽകിയത്. ഇതേ തുടർന്ന് പൊലീസ് രജീഷിനെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എന്നും ഇയാൾ മദ്യ ലഹരfയിലെത്തി അനിതയെ നിരന്തരമായി പീഡിപ്പിക്കാറുണ്ടായിരുന്നു. അനിത മരിച്ച നിലയിൽ കണ്ടെത്തിയപ്പോഴും ദേഹമാസകലം മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ് പി.പി. രജീഷിനെതിരെ ചുമത്തിയിരിക്കുന്നത്. ദീപാവലി ദിനത്തിലാണ് അനിതയെ ഖാൻപൂർ ദേവ് ലിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത് താമസിക്കുന്ന മാതാപിതാക്കളെ സന്ദർശിച്ച് സ്വന്തം വീട്ടിലെത്തി അരമണിക്കൂറിനുള്ളിൽ അനിത തൂങ്ങി മരിച്ചതായി ഭർത്താവ് രജീഷ് ഇവരെ അറിയിക്കുകയായിരുന്നു.

ആശുപത്രിയിൽ കൊണ്ടുപോകുന്നതിനുൾപ്പെടെ ഒന്നിനും ഭർത്താവ് കൂടെ നിന്നില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.അനിതയുടെ മരണത്തിലെ ഉത്തരവാദിത്വം ഒഴിവാക്കാനായി ബന്ധുക്കളേയും പൊലീസിനേയും വിവിധ കാര്യങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടാനും രജീഷ് ശ്രമിച്ചിരുന്നു. എന്നാൽ ഡൽഹിയിലെ മലയാളികളായ സാമൂഹ്യ പ്രവർത്തകരുടെ കാര്യക്ഷമമായ ഇടപെടലിലൂടെയാണ് ഇയാളെ അറസ്റ്റിന് വിധേയനാക്കിയത്. കഴിഞ്ഞ പത്ത് വർഷക്കാലമായി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ കാത്ത് ലാബ് വിഭാഗത്തിൽ ജോലി ചെയ്യുകയാണ് അനിത.

ഭർതൃപീഡനത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി അനിത മാതാപിതാക്കളേയും കൂടെ താമസിപ്പിച്ചിരുന്നു. ദേവഌ ദേവ് അപ്പാർട്ട്‌മെന്റ് ജി. 8 ലായിരുന്നു അനിത അച്ഛൻ ജോസിനും അമ്മ ലിസിക്കുമൊപ്പം ഭർത്താവും കുട്ടികളുമായി താമസിച്ചു വന്നത്. എന്നാൽ ഇതൊന്നും രജീഷിന്റെ സ്വഭാവത്തിൽ നിന്നും മാറ്റാനായില്ല. ഭർതൃപീഡനത്തിൽ മനം നൊന്ത് അനിത സ്വയം ജീവനൊടുക്കിയതാണോ അതോ കൊലപ്പെടുത്തിയതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദിയ, ഡോൺ എന്നീ രണ്ടു മക്കളും ഇവർക്കുണ്ട്. ഇന്നലെ ഡൽഹി തുഗ്ലക്കാ ബാദ് ബന്ദ്രാ ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്‌ക്കാരം നടന്നു.