ലണ്ടൻ: ഒരു വർഷം മുമ്പുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെടുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബ്രിട്ടനിലെ മലയാളി നഴ്‌സ് തടവറയിൽ. മനപ്പൂർവമല്ലാതെ ഉണ്ടാക്കിയ അപകടമായിരുന്നിട്ട് കൂടി മലയാളി നഴ്‌സ് ശിക്ഷിപ്പെടുന്ന അവസ്ഥയാണിപ്പോൾ. വിചാരണ പൂർത്തിയായി ശിക്ഷ വിധിക്കാൻ വേണ്ടി ഇവരെ ജൂലൈ 15 വരെ റിമാൻഡ് ചെയ്തിരിക്കയാണ്. ഒന്നര വർഷം മുമ്പു ഉണ്ടായ അപകടത്തിൽ ഒരു മരണവും അനേകം പേർക്ക് പരുക്കും 18 മണിക്കൂർ ഗതാഗത തടസവും ഉണ്ടാക്കിയതിന്റെ കാരണക്കാരിയെന്ന് കണ്ടെത്തിയാണ് കോടതി ഇവരെ റിമാൻഡ് ചെയ്തിരിക്കുന്നത്.

ഒന്നര വർഷമായി ലക്ഷങ്ങൾ മുടക്കി കേസ് നടത്തിയെങ്കിലും കോടതിയുടെ കരുണ ലഭിക്കാതെ വന്നതോടെ ഒരു നിമിഷത്തെ അശ്രദ്ധയ്ക്ക് ബലിയാടായ മലയാളി കുടുംബം തീരാ വേദനയിലേയ്ക്ക് തള്ളി വിടപ്പെട്ടിരിക്കുകയാണ്. മനപ്പൂർവ്വം ഉണ്ടാക്കിയ അപകടം ആയിരുന്നില്ല എന്നുറപ്പായിട്ടും അപകട സമയത്ത് മൊബൈൽ ഫോണിൽ സംസാരിച്ചിരുന്നു എന്ന കണ്ടെത്തലാണ് ഇടുക്കി ജില്ലക്കാരിയായ ഈ നഴ്‌സിനെ തടവറയിൽ എത്തിച്ചത്. വിചാരണയ്ക്ക് ശേഷം മലയാളി വീട്ടമ്മ കുറ്റക്കാരിയാണ് എന്ന് കോടതി കണ്ടെത്തിയതോടെ ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായി റിമാൻഡ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. ജൂലൈ 15നാണ് ശിക്ഷ വിധിക്കുക.

2014 നവംബർ 25നാണ് അപകടം ഉണ്ടായത്. എം 1 മോട്ടോർവേയുടെ ജംഗ്ഷൻ 21 എയ്ക്കും 22നും ഇടയ്ക്ക് മോട്ടോർവേയിലേയ്ക്ക് കയറാൻ ശ്രമിക്കുമ്പോൾ ആണ് അപകടം സംഭവിച്ചത്. ഫോണിൽ സംസാരിച്ചുകൊണ്ട് മോട്ടോർവേയിലേയ്ക്ക് കയറിയതുകൊണ്ട് അശ്രദ്ധമൂലം അപകടം ഉണ്ടായി എന്നാണ് പ്രോസിക്യൂഷൻ വാദം. നിയന്ത്രണം തെറ്റിയ സ്‌കോട കാർ ആദ്യം സെൻട്രൽ റിസർവേഷനിലേയ്ക്ക് പാഞ്ഞു കയറുകയും പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് ഇടത് വശത്ത് കൂടി പോയ ലോറിയിൽ ഇടിക്കുകയുമായിരുന്നു. നിയന്ത്രണം തെറ്റിയ ലോറി സെൻട്രൽ റിസർവേഷനിൽ ഇടിച്ചുകയറി മോട്ടോർവേയുടെ മറുവശത്ത് എതിരെ വന്നിരുന്ന ബിഎംഡബ്ല്യുവിൽ ഇടിക്കുകയുമായിരുന്നു. ബിഎംഡബ്ല്യു ഓടിച്ചിരുന്ന ആൾ ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരിച്ചു. സിംപ്‌സൺ മുറായ് എന്ന 48 കാരൻ ആയിരുന്നു മരിച്ചത്.

അന്നത്തെ അപകടത്തിൽ പെട്ട ഒരാൾ ഇപ്പോഴും ചികിത്സയിലാണ്. അപകടത്തെ തുടർന്ന് 18 മണിക്കൂർ നേരമാണ് മോട്ടോർവേ അടച്ചിടേണ്ടി വന്നത്. ഈ അപകടം ഉണ്ടാക്കാൻ കാരണം ഫോണിൽ സംസാരിച്ചതുകൊണ്ട് കാർ ഓടിച്ചതാണ് എന്നാണ് കോടതിയുടെ കണ്ടെത്തൽ. ഫോൺ വിവരങ്ങൾ ഡിലീറ്റ് ചെയ്തതു കൂടുതൽ കുഴപ്പമുണ്ടാക്കി. അപകടകരമായി കാർ ഓടിച്ച് അപകടവും മരണവും ഉണ്ടാക്കി എന്ന വകുപ്പിന് പുറമെ നിയമവ്യവസ്ഥയെ വഴി തെറ്റിക്കാൻ ശ്രമിച്ചു എന്ന വകുപ്പ് കൂടി ഉൾപ്പെടുത്തിയതു മൊബൈൽ ഫോൺ വിവരം ഡിലീറ്റ് ചെയ്തതുകൊണ്ടാണ്.

അതുകൊണ്ട് തന്നെ അപകടകരമായി വണ്ടി ഓടിച്ചതിന് നൽകുന്നതിനേക്കാൾ കൂടിയ ശിക്ഷ ആയിരിക്കും ഈ മലയാളി നഴ്‌സിന് കിട്ടുക എന്ന ഭയം ഇല്ലാതില്ല. ഭർത്താവിനെയും സുഹൃത്തിനെയും ഫോൺ വിളിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. കാറപകടം ഉണ്ടായതിന്റെ കാരണം കണ്ടെത്തിയതോടെ ഇൻഷൂറൻസ് കമ്പനിയും കയ്യൊഴിഞ്ഞു. തടവ് ശിക്ഷയ്ക്കു പുറമെ പരിക്കേറ്റ വാഹനങ്ങളുടെ എല്ലാം നഷ്ടപരിഹാരവും നൽകേണ്ടി വരുമെന്ന ആശങ്ക ശക്തമാണ്. വാഹനാപകടങ്ങളിൽ പരുക്കേറ്റവരുടെ പേഴ്‌സണൽ ഇൻജുറിയും ഒരു പക്ഷേ നൽകേണ്ടി വന്നേക്കാം എന്ന സ്ഥിതിവിശേഷമുണ്ട്. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ഇൻഷൂറൻസ് കമ്പനികൾക്ക് കൈയൊഴിയാൻ എളുപ്പമാണ്.

എന്നാൽ താൻ ഓടിച്ച ലൈനിൽ പുറകിൽ നിന്നും അപകടകരമായ വിധത്തിൽ ഒരു ട്രെയ്‌ലർ പിന്തുടർന്നു എത്തിയതിനെ തുടർന്നു ഉണ്ടായ വെപ്രാളമാണ് അപകടത്തിന് കാരണമെന്നാണ് മലയാളി നഴ്‌സ് വ്യക്തമാക്കിയത്. ഈ വാദത്തിലാണ് അവർ ഉറച്ചു നിന്നതും. ഈ ഘട്ടത്തിലാണ്, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചിരുന്നതായും അപകടം നടന്ന ഉടനെ മൊബൈലിൽ നിന്നും കോൾ ലിസ്‌റ് ബോധപൂർവം നീക്കം ചെയ്യുക ആയിരുന്നു എന്നും പ്രോസിക്യയൂഷൻ എതിർ വാദം ഉയർത്തിയത്. ഫോൺ വിളിച്ചതിന്റെ വിശദാംശങ്ങൾ ഡിലീറ്റ് ചെയ്തതു ബോധപൂർവ്വം കുറ്റം മറയ്ക്കാൻ ആണെന്ന നിഗമനത്തിൽ എത്തുകയായിരുന്നു കോടതി. ഇതോടെ കുറ്റക്കാരിയെന്ന് കണ്ടെത്തുകയായിരുന്നു കോടതി. തുടർന്നാണ് മലയാളി യുവതിയെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടത്.

അപകടമുണ്ടായ ദിവസം നൈറ്റ് ഡ്യുട്ടിക്ക് വേണ്ടി കവൻട്രി ഹോസ്പിറ്റലിലേക്ക് വരുന്ന വഴിക്കാണ് അപകടം ഉണ്ടായത്. അപകടത്തിൽ പെട്ട ഒരു ഡ്രൈവർക്കു കഴുത്തിൽ രണ്ടിടത്തായി പരുക്ക് പറ്റുകയും തലച്ചോറിന് ക്ഷതം സംഭവിക്കുകയും ചെയ്‌തെന്നും കോടതിയിൽ വാദം ഉണ്ടായി. ബിയർ കാനുകളുമായി സഞ്ചരിച്ച ലോറി കൂടി അപകടത്തിൽ പെട്ടതോടെ നൂറുകണക്കിന് ബിയർ കാനുകൾ റോഡിൽ ചിതറി തെറിച്ചതും ഇതു നീക്കം ചെയ്തു റോഡ് വൃത്തിയാക്കുന്നതിനും വേണ്ടിയാണ് 18 മണിക്കൂർ സമയം വേണ്ടി വന്നത്. ഓവർ ടെക് ചെയ്യാൻ ഉള്ള ശ്രമത്തിനിടെ കാറിന്റെ നിയന്ത്രണം നഷ്ട്ടമായാണ് അപകടത്തിന് കാരണം എന്നു കോടതിയിൽ വാദി ഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

മൊബൈൽ ഫോൺ ഡ്രൈവിങ്ങിൽ ഉപയോഗിച്ചിരുന്നു എന്നു ഇവർ കോടതിയിൽ സമ്മതിച്ചു. എന്നാൽ ഇതു തന്റെ ശീലം അല്ലായിരുന്നു എന്നും അത്യാവശ്യ കാരണത്താൽ മാത്രം ആയിരുന്നു ഹാൻഡ് ഫ്രീ സീറ്റായ ഐ ഫോൺ ഉപയോഗിക്കേണ്ടി വന്നത് എന്നും ഇവർ ബോധിപ്പിച്ചു. ചെയ്ത തെറ്റു അംഗീകരിക്കുന്നതായും കോടതിയിൽ ഇവർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കോടുതി നടപടികൾ മുമ്പോട്ട് പോകുമ്പോൾ ബ്രിട്ടനിലെ മലയാളി സമൂഹവും ഇവർക്ക് പിന്തണ നൽകി രംഗത്തുണ്ട്.