കാസർഗോഡ്; കേരള, കർണ്ണാടക അതിർത്തി പഞ്ചായത്തിലെ വൈസ് പ്രസിഡണ്ടും മലയാളിയുമായ അബ്ദുൾ ജലീലിനെ ഒരു സംഘം അക്രമികൾ പഞ്ചായത്ത് ഓഫീസിൽ കയറി പട്ടാപ്പകൽ വെട്ടികൊലപ്പെടുത്തി. ഇന്ന് ഉച്ച 12 മണിയോടെയാണ് സംഭവം.

കർണ്ണാടകത്തിലെ കറുവപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ടും കോൺഗ്രസ്സ് നേതാവുമായിരുന്നു അബ്ദുൾ ജലീൽ. മുഖം മൂടി ധരിച്ച അക്രമി സംഘം ബൈക്കിലെത്തി ഓഫീസിൽ കയറി അബ്ദുൾ ജലീലിനെ പൊടുന്നനെ വെട്ടി വീഴ്‌ത്തുകയായിരുന്നു.

അക്രമികൾ ഓഫീസിൽ നിന്നും പുറത്ത് പോയ ഉടനെ ജീവനക്കാരും നാട്ടുകാരും ചേർന്ന് ജലീലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പു തന്നെ മരണമടയുകയായിരുന്നു 33 കാരനായ ജലീൽ.

കേരളത്തിലെ മഞ്ചേശ്വരത്തിന് തൊട്ടു കിടക്കുന്ന പഞ്ചായത്താണ് കറുവപ്പാടി. അക്രമി സംഘം മഞ്ചേശ്വരം മേഖലയിലേക്ക് കടന്നിരിക്കാമെന്ന് കർണ്ണാടക പൊലീസ് മുന്നറിയിപ്പ് നൽകി. ഇതോടെ ബയാറിലെ അതിർത്തി മേഖലകളിൽ കേരളാ പൊലീസ് ജാഗ്രതയോടെ നീരീക്ഷണം നടത്തി വരികയാണ്.

കഴിഞ്ഞ തവണ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ജലീൽ ഇത്തവണ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. സ്ഥലത്ത് നല്ല ജന സ്വാധീനവും മതിപ്പുമുള്ള നേതാവാണ് ജലീൽ. കോൺഗ്രസ്സ് നേതാവായ ഉസ്മാൻ ഹാജിയുടെ മകനാണ് കൊല്ലപ്പെട്ട ജലീൽ. കൊലപാതകത്തോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരിക്കയാണ്. പ്രതികൾക്കായി വിട്ല പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.