തിരുവനന്തപുരം: ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് മലയാളി ശാസ്ത്രജ്ഞനായ എസ് സോമനാഥിലുടെ ഉണ്ടായത്.ഐഎസ്ആർഒയുടെ തലപ്പത്തേക്ക് എത്തുന്ന അഞ്ചാമത്തെ മലയാളി.ജനുവരി 14 ന് നിലവിലെ ചെയർമാർ വിരമിക്കുന്നതോടെ എസ് സോമനാഥ് ഐഎസ്ആർഒയുടെ ചെയർമാനായി ഔദ്യോഗികമായി സ്ഥാനമേൽക്കും.എസ്.സോമനാഥിന്റെ ഈ നേട്ടങ്ങളിൽ കേരളത്തിനും വാനോളമാണ് അഭിമാനം.

മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കുന്ന ഗഗൻയാൻ പദ്ധതി ഉൾപ്പെടെ ഐഎസ്ആർഒയുടെ വരുംകാല കുതിപ്പുകളിൽ വലിയ ഉത്തരവാദിത്തമാണ് ചന്ദ്രയാൻ ദൗത്യത്തിന് ചാലകശക്തിയേകിയ മാർക്ക് 3 റോക്കറ്റ് ഒരുക്കിയ ടീമിനെ നയിച്ച സോമനാഥിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്.

എയ്‌റോസ്‌പേസ് എൻജിനീയറിങിലും റോക്കറ്റ് സയൻസിലും ഇന്ത്യയുടെ മുൻനിര ശാസ്ത്രജ്ഞനായ സോമനാഥ് തുറവൂർ വേടാംപറമ്പിൽ അദ്ധ്യാപകനായ ശ്രീധരപ്പണിക്കരുടേയും അരൂർ സ്വദേശി തങ്കമ്മയുടെയും മകനാണ്. കൊല്ലം ടികെഎം കോളജിൽ എൻജിനീയറിങ് പഠനം നടത്തി. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്ന് മാസ്റ്റേഴ്‌സ് ബിരുദം നേടി. 1985ൽ ഐഎസ്ആർഒയിൽ ചേർന്നു. പിഎസ്എൽവിയുടെ ആദ്യകാല ദൗത്യങ്ങളിൽ പങ്കാളിയായി. പിന്നീടു ചന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായി. ആദ്യ ദൗത്യത്തിൽ റോക്കറ്റ് രൂപകൽപ്പന ചെയ്ത പ്രോജക്ട് ഡയറക്ടറായി.

പിന്നീട് ചന്ദ്രയാൻ 2 ഉൾപ്പെടെ ഭ്രമണപഥത്തിലെത്തിച്ച ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് നിർമ്മാണത്തിന്റെ പ്രോജക്ട് ഡയറക്ടറായി. ജിഎസ്എൽവി ശ്രേണിയിലെ ഏറ്റവും വികസിതവും ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റതുമായ റോക്കറ്റാണ് മാർക്ക് 3. ഇതുൾപ്പെടെ ഐഎസ്ആർഒയുടെ ഒട്ടേറെ വിക്ഷേപണ വാഹനങ്ങൾക്കു രൂപം നൽകിയതു സോമനാഥിന്റെ നേതൃത്വത്തിലാണ്. ഐഎസ്ആർഒയുടെ കീഴിൽ വലിയമലയിൽ പ്രവർത്തിക്കുന്ന ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (എൽപിഎസ്‌സി) മേധാവിയായും പ്രവർത്തിച്ചു. എം.ജി.കെ. മേനോൻ, കെ കസ്തൂരിരംഗൻ, ജി.മാധവൻ നായർ, കെ. രാധാകൃഷ്ണൻ തുടങ്ങിയവരാണ് മുമ്പ് ചെയർമാൻ സ്ഥാനത്തെത്തിയ മലയാളികൾ.

ചെയർമാൻ ആയതിൽ അഭിമാനമുണ്ടെന്ന് സോമനാഥ് പ്രതികരിച്ചു. ബഹിരാകാശ മേഖല പുതിയ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശമേഖലയിൽ ലോകത്തെങ്ങുമുണ്ടായ മാറ്റം ഇന്ത്യയിലും വരണം. രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ ഭാഗമായി ബഹിരാകാശ മേഖലയെ എത്തിക്കണം. ഇതാണു വെല്ലുവിളിയും ലക്ഷ്യവും. ബഹിരാകാശ സാങ്കേതിക വിദ്യയെ ജനത്തിന് ഉപകാരപ്പെടുന്ന രീതിയിൽ വ്യാപിപ്പിക്കുകയാണു പ്രധാന പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു.

സ്റ്റാർട്ട്അപ്പുകൾ, സ്വകാര്യ കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയുമായി സാങ്കേതിക വിദ്യകൾ പങ്കുവയ്ക്കുന്ന ബിസിനസ് മോഡൽ വികസിപ്പിക്കുന്നത് എസ്.സോമനാഥിന്റെ നേതൃത്വത്തിലാണ്. വാണിജ്യ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി സാങ്കേതിക വിദ്യകൾ ജനങ്ങളിലേക്കെത്തിക്കുന്ന പ്രവർത്തനങ്ങൾക്കു വേഗം വർധിപ്പിക്കുമെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു.ആലപ്പുഴയിലെ സർക്കാർ സ്‌കൂളിൽ പഠിച്ചാണ് രാജ്യത്തെ ബഹിരാകാശ ഗവേഷണ രംഗത്തെ മറുവാക്കായ ഐഎസ്ആർഒയുടെ തലപ്പത്തേക്ക്.

ബഹിരാകാശരംഗത്തു പ്രവർത്തിക്കുന്ന നൂറിലേറെ രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഇന്റർനാഷനൽ ആസ്‌ട്രോനോട്ടിക്കൽ ഫെഡറേഷൻ വൈസ് പ്രസിഡന്റാണ്. 2018 മുതൽ തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വി എസ്എസ്സി) ഡയറക്ടറാണ്. ഭാര്യ വൽസല ജിഎസ്ടി വകുപ്പിൽ ജോലി ചെയ്യുന്നു. മക്കൾ: മാലിക, മാധവ്.