ലണ്ടൻ: കഴിഞ്ഞ ബുധനാഴ്ച യുകെയിലെ ഭർതൃ സഹോദരന്റെ വീട്ടിൽ കോണിപ്പടിയിൽ നിന്നും തലയിടിച്ചു വീണ മലയാളി യുവതി ജിൻസി മരണമടയാൻ കാരണം വീഴ്ചയിൽ തലയ്‌ക്കേറ്റ ഗുരുതര പരുക്കാണെന്ന് സൂചന. കാർപെറ്റിനു പകരം ടൈൽ ഇട്ട തറയിൽ തലയിടിച്ചതും പരുക്ക് ഗുരുതരം ആകാൻ കാരണം ആയിരിക്കാം എന്ന് സംശയിക്കപ്പെടുന്നു. കോവണിയുടെ അഞ്ചോ ആറോ പടികൾ കയറിയപ്പോൾ തന്നെ ജിൻസി പൊടുന്നനെ കാൽ തെന്നി വീഴുക ആയിരുന്നത്രേ. വീണ ഉടൻ തന്നെ വീട്ടിൽ ഉണ്ടായിരുന്ന ഭർതൃ സഹോദര ഭാര്യ ആംബുലൻസ് വരുത്തി 20 മിനിറ്റിനകം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിൻസി അതിനകം അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതും കേംബ്രിഡ്ജ് ആദം ബ്രുക് ആശുപത്രിയിൽ വെച്ച് മരണപ്പെടുന്നതും.

ഒടുവിൽ കിട്ടിയ വിവരം അനുസരിച്ചു പോസ്റ്റ് മോർട്ടം വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. അസ്വാഭാവികമായ മരണം എന്ന നിലയിൽ. അതിനാൽ വ്യാഴാഴ്‌ച്ചയെ പോസ്റ്റ് മോർട്ടം നടക്കാൻ ഇടയുള്ളൂ. അങ്ങനെ എങ്കിൽ അടുത്ത ആഴ്ച മധ്യത്തോടെ എങ്കിൽ മാത്രമേ നാട്ടിലേക്കു മടക്കമുണ്ടാകൂ. ജിൻസിയുടെ മരണം അറിഞ്ഞു ബെഡ്ഫോർഡ്ഷയർ യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നു പ്രത്യേക അനുസ്മരണ യോഗം നടത്തി. യൂണിവേഴ്സിറ്റിയുടെ ഭാഗത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നതായി ജിൻസിയുടെ സുഹൃത്തുക്കൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം അപകടം നടന്ന വീട്ടിൽ നടന്ന പ്രാർത്ഥനയിൽ 50 ഓളം പേർ പങ്കാളികളായി. മൃതദേഹം വിട്ടു കിട്ടുന്ന സാഹചര്യത്തിൽ അനുയോജ്യമായ തീയതിയിൽ യുകെ മലയാളി സമൂഹത്തിനു ആദരാഞ്ജലികൾ അർപ്പിക്കാൻ പൊതു ദർശന സൗകര്യം ഒരുക്കുമെന്ന് സൂചനയുണ്ട്. ഇപ്പോഴത്തെ വിവരം അനുസരിച്ചു ഭർത്താവ് ഷിജുവിന്റെ വീട്ടിലേക്കാകും മൃതദേഹം എത്തിക്കുക. ഷിജുവും സഹോദരന്റെ കുടുംബവും മൃതദേഹത്തെ അനുഗമിക്കും. സുഹൃത്തുക്കളും മറ്റും ചേർന്ന് എല്ലാ കാര്യങ്ങൾക്കും വേണ്ട ക്രമീകരണങ്ങൾ പൂർത്തിയാക്കുകയാണ്.

ജിൻസിയുടെ ഭർത്താവ് ഷിജുവിന്റെ സഹോദരൻ ബൈജുവിന്റെ വീട്ടിലാണ് ബെഡ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കാൻ എത്തിയ ജിൻസി താമസിച്ചിരുന്നത്. ഏറെക്കാലമായി ലൂട്ടനിൽ താമസിക്കുന്ന ബൈജുവിന്റെ കുടുംബത്തിൽ ഉണ്ടായ ദുരന്തത്തിൽ ലൂട്ടൻ മലയാളി സമൂഹം ഏക മനസോടെ ഒന്നിച്ചാണ് രംഗത്തുള്ളത്. മലങ്കര കാത്തോലിക് വിശ്വാസി സമൂഹവും താങ്ങായി കൂടെയുണ്ട്. കുടുംബത്തെ ഏതു നിലയ്ക്കും സഹായിക്കാൻ ഇവരെല്ലാം ഒറ്റക്കെട്ടാണ്. വിവാഹ ശേഷം ബ്രിട്ടനിലേക്ക് പറന്ന ജിൻസിയോടൊപ്പം ആഹ്ലാദകരമായ വിവാഹ പൂർവ ജീവിതം നയിക്കാൻ ആണ് കഴിഞ്ഞ വെള്ളിയാഴ്ച ഷിജു ലണ്ടനിൽ വിമാനമിറങ്ങിയത്.

എന്നാൽ ഭാര്യയ്ക്ക് എന്തോ അപകടം പറ്റി ആശുപത്രിയിൽ ആണെന്ന സൂചന മാത്രം ഉണ്ടായിരുന്ന ഷിജുവിനെ കാത്തു ആശുപത്രിയിൽ ഉണ്ടായിരുന്നവർക്കു കൈമാറാൻ ഉണ്ടായിരുന്നത് അത്യന്തം ഹൃദയ ഭേദകമായ വാർത്തയായിരുന്നു. പ്രിയതമനെ കാത്തു പ്രാണൻ വെടിയാൻ കഴിയുന്ന ജിൻസിയുടെ ശരീരമാണ് ഷിജുവിന് മുന്നിൽ എത്തിയത്. മണിക്കൂറുകൾ നിശബ്ദനായി നിൽക്കേണ്ടി വന്ന ഈ യുവാവിന് ഇപ്പോൾ ആശ്വാസം പകരുന്നത് ലൂട്ടനിലെ ചെറുപ്പക്കാരായ മലയാളി യുവാക്കളാണ്. ഇത്തരം ഒരു ദുരന്തം ഒരാൾക്കും സംഭവിക്കാതിരിക്കട്ടെ എന്ന് മാത്രമാണ് ഷിജുവിനെ കാണാൻ എത്തുന്ന ഓരോരുത്തരും മനസ്സിൽ ആശിക്കുന്നത്.

അതിനിടെ കോണിപ്പടിയിൽ നിന്നുള്ള വീഴ്ച മൂലം യുകെയിൽ മരണ സംഖ്യാ അധികരിക്കുന്നതായി റിപ്പോർട്ട് ഉണ്ട്. പ്രായ വ്യത്യാസം ഇല്ലാതെ സംഭവിക്കുന്ന ഇത്തരം മരണങ്ങളിലൂടെ ഓരോ വർഷവും ആയിരത്തിലേറെ പേരാണ് കൊല്ലപ്പെടുന്നത്. എന്നാൽ ചെറുതും വലുതുമായി പരിക്കേൽക്കുന്നത് ഒരു ലക്ഷത്തോളം പേർക്കാണ്. ചെറുതും നിസാരവും ആയ കാരണങ്ങൾ മൂലവുമാണ് ഇത്തരം മരണങ്ങളിൽ കൂടുതലും സംഭവിക്കുന്നത്. മലയാളികൾക്കിടയിൽ മുണ്ടുടുക്കുന്ന പുരുഷന്മാർ വസ്ത്രം കാലിൽ തട്ടി കോണിപ്പടിയിൽ നിന്ന് വീഴാൻ ഉള്ള സാധ്യത ഏറെയാണ്.