തിരുവനന്തപുരം: മലയിൻകീഴ് പൊലീസ് സ്‌റ്റേഷനു നേരെ നടന്ന ബോംബാക്രമണത്തിന് പിന്നിൽ അമ്മയും മക്കളുമെന്ന് പൊലീസ്. മക്കൾ ഗുണ്ടാപട്ടികയിൽപ്പെടുമെന്ന ഭയത്തിലാണ് പൊലീസ് സ്‌റ്റേഷനിലേക്ക് ആക്രമണം നടത്തിയതെന്നാണ് പൊലീസ് വിശദീകരണം. എന്നാൽ പൊലീസ് സ്‌റ്റേഷനിലെത്തിയ സർക്കാർ ഉദ്യോഗസ്ഥ കൂടിയായ അമ്മയെ അപമാനിച്ചതിന്റെ പ്രതികാരം തീർക്കാനാണ് പൊലീസ് സ്‌റ്റേഷനെതിരെ മക്കൾ ക്വട്ടേഷൻ നൽകിയതെന്നാണ് സൂചന. ബോംബാക്രമണത്തിനെത്തിയ ഗുണ്ടാ സംഘത്തിലെ 7 പേർ പൊലീസിന്റെ പിടിയിലായി. ഇവരിൽ നിന്ന് ലഭിച്ച സൂചനകളാണ് അമ്മയിലേക്കും മക്കളിലേക്കും അന്വേഷണം എത്തിച്ചത്.

രണ്ട് ദിവസം മുമ്പാണ് അർധരാത്രി ബൈക്കിലത്തെി ഗുണ്ടാ സംഘം മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ബോംബെറിഞ്ഞത്. ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബേറിൽ സ്റ്റേഷനിലെ ഭിത്തികൾ വരെ തകർന്നു. കസേര ചിന്നിച്ചിതറി. പാറാവുനിന്ന പൊലീസ് ഉദ്യോഗസ്ഥൻ ബോംബേറിനു നിമിഷങ്ങൾക്ക് മുമ്പ് സ്റ്റേഷനുള്ളിലേക്ക് മാറിയതിനാലാണ് ദുരന്തം ഒഴിവായത്. സംഭവ ദിവസം മേപ്പൂക്കട ചന്തക്ക് സമീപത്ത് മതിലിൽ മറ്റൊരു ബോബ് എറിഞ്ഞ് പരീക്ഷണം ഉറപ്പുവരുത്തിയ ശേഷമാണ് സ്റ്റേഷനിൽ ബോംബ് എറിഞ്ഞത്. അനീഷും ശിവപ്രസാദും ചേർന്നാണ് കഴക്കൂട്ടത്ത് നിന്ന് ബോംബ് എത്തിച്ചതെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.

നിരവധി കേസുകളിലെ പ്രതികളും ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ള ഏഴ്‌പേരെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് മേപ്പൂക്കട ചെറുതലയ്ക്കൽ പുത്തൻവീട്ടിൽ വിപിൻ വേണു എന്ന ഉണ്ണി (26), മേപ്പൂക്കട പൂങ്കോട് മേലെ പുത്തൻവീട്ടിൽ ഊളൻ ബിനു എന്ന ബിനു (28), മേപ്പൂക്കട തച്ചോട്ടുക്കുന്ന് ഷിനു ഭവനിൽ ഷിനുമോൻ എന്ന ഷിനു (24), മലയിൻകീഴ് അണപ്പാട് കണിയാൻവിളാകത്ത് വീട്ടിൽ വരപ്രസാദ് (20), അണപ്പാട് ഇലവിങ്ങൽ പടിപ്പുര വീട്ടിൽ അനീഷ് എന്ന ഉണ്ണി(20), മലയിൻകീഴ് മണപ്പുറം കുഴിമം മേലെ പുത്തൻവീട്ടിൽ ശിവപ്രസാദ് എന്ന ശിവൻ (20), കഴക്കൂട്ടം ബീച്ച് റോഡിൽ തെക്കേമുക്ക് മണക്കാട്ട് വിളാകം വീട്ടിൽ നിസാം എന്ന അപ്പാമി (20) എന്നിവരെയാണ് നെടുമങ്ങാട് ഡിവൈ.എസ്‌പി. സെയ്ബുദ്ദീന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

മേപ്പൂക്കടയിലെ ഷാജി എന്നയാളെ ആക്രമിക്കാനെത്തിയ സംഘമായിരുന്നു ആക്രമണത്തിന് പിന്നിലെന്നായിരുന്നു പൊലീസിന് ആദ്യം ലഭിച്ച സൂചന. ഷാജിയെ കാണാതെ വന്നപ്പോൾ മേപ്പൂക്കടയിൽ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബോംബ് പൊട്ടുമോ എന്നറിയാൻ കൂടിയായിരുന്നു മേപ്പൂക്കടയിൽ എറിഞ്ഞതെന്നും പിടിയിലായവർ പറഞ്ഞിരുന്നു. കഴക്കൂട്ടത്ത് നിന്നും ബിനുവിന്റെ ഓട്ടോറിക്ഷയിൽ വാങ്ങി വന്ന ബോംബായിരുന്നു ഇവയെന്നായിരുന്നു മൊഴി. തിരിച്ചുമടങ്ങവെ മദ്യലഹരിയിലായതിനാൽ പൊലീസ് സ്റ്റേഷനിലേയ്ക്കും ഏറ് കൊടുത്തു എന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ വിശദ ചോദ്യം ചെയ്യലിലാണ് അമ്മയുടേയും മക്കളുടേയും പങ്ക് വെളിച്ചത്തുവന്നത്.

ഡിസംബർ രണ്ടിന് രാത്രി അറസ്റ്റിലായ ഉണ്ണി, ബിനു, ഷിനു എന്നിവർ സ്റ്റേഷനിലത്തെിയ ശേഷം ബോംബ് എറിയുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ഗുണ്ടാ മണൽ മാഫിയയാണെന്ന് തുടക്കത്തിലേ വ്യക്തമായിരുന്നു. അടുത്തിടെ ഗുണ്ടകൾക്കെതിരെ ശക്തമായ നിലപാടുകൾ എടുക്കുന്നതിന്റെ പകയാണ് അക്രമത്തിന് പിന്നിലെന്നും പൊലീസിന് സൂചന ലഭിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരുടെ നേതാവിനെതിരെ പൊലീസ് മണൽ മാഫിയയുമായി ബന്ധപ്പെട്ട ചില കേസുകൾ എടുത്തിരുന്നു. ഇതിൽ നിന്ന് ഇവരെ ഒഴിവാക്കാനായി സർക്കാർ ഉദ്യോഗസ്ഥ കൂടിയായ അമ്മ സ്‌റ്റേഷനിലെത്തി. എന്നാൽ അവരുടെ വാദമൊന്നും അംഗീകരിക്കപ്പെട്ടില്ല. കേസ് എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കുകയും ചെയ്തു.

അപമാനിതയായ അമ്മ, കാര്യങ്ങളെല്ലാം മക്കളോട് വിശദീകരിച്ചു. അങ്ങനെയാണ് മലയിൻകീഴ് പൊലീസ് സ്‌റ്റേഷൻ ആക്രമണ പദ്ധതി തയ്യാറാക്കിയതെന്നാണ് സൂചന. ക്വട്ടേഷൻ സംഘത്തെ ഇതിനായി മക്കൾ തന്നെ കണ്ടെത്തി. അവരുടെ സഹപ്രവർത്തകരായ ക്രിമിനലുകളെ തന്നെയാണ് ചുമതലപ്പെടുത്തിയത്. അമ്മയെ അപമാനിച്ചതിന് പ്രതികാരമാണ് ആക്രമണമെന്നും പൊലീസിനെ ഭയപ്പെടുത്തി നിർത്തിയില്ലെങ്കിൽ രക്ഷയില്ലെന്നും ഇവർ സംഘാംഗങ്ങളെ ബോധ്യപ്പെടുത്തി. പൊലീസ് തെരയുന്ന അമ്മയും മക്കളും തന്നെയാണ് ഇതിനുള്ള രൂപരേഖ തയ്യാറാക്കിയതെന്നാണ് പൊലീസിന്റെ ഭാഷ്യം. ഇവരെല്ലാം ഉടൻ പിടിയിലാകുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

അതേസമയം, വർഷങ്ങൾക്ക് മുൻപും ഇത്തരം സംഭവങ്ങൾ നടന്നെങ്കിലും പ്രതികളെ പൊലീസ് പിടികൂടാതിരുന്നതാണ് അക്രമം ആവർത്തിക്കാൻ ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.