- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ലിപ് എഴുതിയതിന് പൊലീസിലെ കോൺഗ്രസുകാരനെ പുറത്താക്കിയത് സിപിഎം ഇടപെടൽ മൂലം; ഇടതിന് വേണ്ടി പോസ്റ്റിട്ട കാക്കിക്കുള്ളിലെ സഖാവിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ് പ്രതികാരം; ഭരണമാറ്റം മുൻകൂട്ടികണ്ട് പൊലീസ് അധികാരികൾ കളംമാറ്റി ചവിട്ടുന്നതിന്റെ ആദ്യ സൂചനയായി മലയിൻകീഴിലെ ത്രില്ലർ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് എതിരാളിക്ക് കൊടുത്ത പണി ബൂമറാങ് പോലെ തിരിച്ചടിച്ചതിൽ അന്ധാളിച്ച് നിൽക്കുകയാണ് തലസ്ഥാനത്തെ പൊലീസ് ഡിപ്പാർട്ട്മെന്റിലെ സിപിഎം ഫ്രാക്ഷൻ. കോൺഗ്രസ് അനുകൂലിയായ മലയിൻകീഴ് സ്റ്റേഷനിലെ എഎസ്ഐയ്ക്ക് വേണ്ടി കുഴിച്ച കുഴിയിൽ വീണത് സിപിഎം അനുകൂലിയായ പ്രമുഖൻ.
എൽഡിഎഫ് ഭരിക്കുമ്പോൾ അവരുടെ കൂട്ടത്തിലെ ഒരു പ്രമുഖൻ നടപടിക്ക് വിധേയനാകേണ്ടി വരുന്നത് അത്യപൂർവമാണ്. കോൺഗ്രസ് അനുകൂലികളായ സർക്കാർ ഉദ്യോഗസ്ഥർക്ക് സിപിഎം അനുകൂലികളിൽ നിന്നും പണി കിട്ടുന്നത് സാധാരണയാണെങ്കിലും ഇത്തവണ പതിവിന് വിപരീതമായി, കിട്ടിയ പണി തിരിച്ചുകൊടുക്കാനായതിന്റെ ത്രില്ലിലാണ് പൊലീസ് വകുപ്പിലെ കോൺഗ്രസ് അനുകൂലികൾ.
കാട്ടാക്കട നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി തെരഞ്ഞെടുപ്പ് ദിവസം സ്ലിപ്പെഴുതിയെന്ന് ആരോപിച്ച് മലയിൻകീഴ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് എസ്ഐ ഹരീഷിനെ കഴിഞ്ഞ 16-ാം തീയതി സസ്പെൻഡ് ചെയ്തിരുന്നു. എൽഡിഎഫിന്റെ പരാതിയെ തുടർന്നായിരുന്നു നടപടി. എന്നാൽ സാധാരണ സംഭവിക്കുന്നത് പോലെ കിട്ടിയതുംവാങ്ങി ചുമ്മാതിരിക്കാൻ കാട്ടാക്കടയിലെ യുഡിഎഫ് നേതൃത്വം തയ്യാറായില്ല.
എൽഡിഎഫിന് വേണ്ടി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ അജിത്ത് വിക്രമനെതിരെ യുഡിഎഫും തുടർന്ന് പരാതി നൽകി. സ്‌ക്രീൻ ഷോട്ടുകൾ അടക്കം അവർ നൽകിയ പരാതിയിൽ അജിത്ത് വിക്രമനും സസ്പെൻഡ് ചെയ്യപ്പെട്ടു. സസ്പെൻഷൻ ഒഴിവാക്കാൻ ഇടതുമുന്നണി നേതാക്കളും പൊലീസ് അസോസിയേഷനും അവസാനനിമിഷം വരെ സമ്മർദ്ദം ചെലുത്തിയെങ്കിലും അതൊന്നും പ്രയോജനപ്പെട്ടില്ല.
കാട്ടാക്കട എംഎൽഎ ഐബി സതീഷിന്റെ വിശ്വസ്തനും ജനതാദളിന്റെ സംസ്ഥാനനേതാവിന്റെ മകനുമായ അജിത് വിക്രമനെതിരെ പൊലീസ് തലപ്പത്ത് നിന്നും അതിവേഗത്തിലുണ്ടായ നടപടി തലസ്ഥാനത്തെ എൽഡിഎഫ് നേതൃത്വത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്. മുൻ ഡിവൈഎഫ്ഐ നേതാവും പൊലീസ് വകുപ്പിലെ സിപിഎം സർക്കിളിന് ചിരപരിചിതനുമാണ് അജിത്ത് വിക്രമൻ. ഈ സർക്കാരിന്റെ കാലത്തും വി എസ് സർക്കാരിന്റെ കാലത്തും അധികാരകേന്ദ്രങ്ങളും അടുത്ത ബന്ധം പുലർത്തുന്നയാളാണ് അജിത്ത്.
എൽഡിഎഫ് ഭരിക്കുമ്പോൾ പാർട്ടിക്കാരനെതിരെ നടപടി ഉണ്ടായത് ഭരണാനുകൂലികളായ പൊലീസ് അസോസിയേഷന്റെ തലപ്പത്തുള്ളവർക്ക് വലിയ ക്ഷീണമായിരിക്കുകയാണ്. ഭരണമാറ്റം മുൻകൂട്ടികണ്ട് പൊലീസ് അധികാരികൾ കളംമാറ്റി ചവിട്ടുന്നതിന്റെ സൂചനയായി ഇതിനെ കാണുന്നവരുമുണ്ട്. അജിത്തിനെതിരെ നടപടിക്ക് പിന്നിൽ പ്രതിപക്ഷനേതാവിന്റെയും പൊലീസ് അസോസിയേഷൻ മുൻ ഭാരവാഹികളുടെയും ഇടപെടലുണ്ടായിട്ടുണ്ടെന്ന് സിപിഎം അനുകൂലികളായ പൊലീസുകാർ ആരോപിക്കുന്നു.
എന്നാൽ ഭരണപക്ഷനേതാക്കളുടെ വാക്കുകളെക്കാൾ പ്രതിപക്ഷത്തിന് പൊലീസ് മേധാവികൾ ചെവി നൽകുന്നതും ജില്ലയിലെ എൽഡിഎഫ് നേതൃത്വത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ കോൺഗ്രസ് നേതാക്കൾക്ക് കൂടുതൽ പരിഗണന നൽകുന്നതായും ഇവർ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയപ്രവർത്തനം പാടില്ലെന്ന് നിയമമുണ്ടെങ്കിലും പലരും രഹസ്യമായും പരസ്യമായും രാഷ്ട്രീയപ്രവർത്തനം നടത്തുന്നത് അങ്ങാടിപ്പാട്ടാണ്. അങ്ങനെയിരിക്കെ യുഡിഎഫ് അനുകൂലിക്കെതിരെ പരാതി നൽകി അവരെ ചൊടിപ്പിച്ചത് ശരിയായില്ലെന്നാണ് സിപിഎം അനുകൂലികളായ പൊലീസുകാരിൽ ഒരു വിഭാഗം അടക്കം പറയുന്നത്.
സജീവരാഷ്ട്രീയപ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥരെ തപ്പിയിറങ്ങിയാൽ ഏറ്റവുമധികം പ്രതിസന്ധിയിലാകുന്നത് സർവ്വീസിലെ സിപിഎം അനുകൂലികളായിരിക്കുമെന്നും അവർ പറയുന്നു. എന്തായാലും ശരിക്കും വടി കൊടുത്ത് അടി വാങ്ങിയ അവസ്ഥയിലാണ് തലസ്ഥാനത്തെ പൊലീസ് അസോസിയേഷൻ നേതാക്കൾ.
മറുനാടന് മലയാളി ബ്യൂറോ