ന്യൂഡൽഹി: വിദേശകടം പെരുകിയ മാലിദ്വീപ് ഇന്ത്യയുടെ സഹായത്തിനായി കൈനീട്ടുന്നു. മുൻ പ്രസിഡന്റ് അബ്ദുള്ള യമീന്റെ ഭരണകാലത്ത വിദേശകടം കുമിഞ്ഞുകൂടുകയായിരുന്നു മാലിദ്വീപിനു മേൽ. കടംപെരുകിയ മാലിദ്വിപിന് ഇനി പിടിച്ചു നിൽക്കാൻ ഇന്ത്യ പോലെയുള്ള രാജ്യങ്ങളുടെ സഹായം കൂടിയേ തീരൂ. വിദേശ കടം തിരിച്ചടയ്ക്കാനും രാജ്യത്ത് വികസനപ്രവർത്തനങ്ങൾ നടപ്പാക്കാനും ഇന്ത്യ കൂടുതൽ സാമ്പത്തിക സഹായം നൽകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ചൈനയുടെ പിന്തുണ ഏറെയുണ്ടായിരുന്ന അബ്ദുള്ള യാമീൻ അതുകൊണ്ടു തന്നെ ഏറെ കടം വാങ്ങിയിരുന്നതും ചൈനയിൽ നിന്നുതന്നെ. അങ്ങനെ നിലവിൽ മാലിദ്വീപിനുള്ള വിദേശകടത്തിൽ 70 ശതമാനം ചൈനയിൽ നിന്നുള്ളതുമാണ്.

എന്നാൽ ചൈനീസ് അനുകൂല നിലപാടെടുത്തിരുന്നഅബ്ദുള്ള യാമിന് സ്ഥാനം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെടുകയും പകരം ഇബ്രാഹിം സാലിഹ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വിദേശകടം വീട്ടുന്നതിന് ഇപ്പോഴുള്ള സർക്കാർ ഇന്ത്യയോടാണ് സഹായം അഭ്യർത്ഥിക്കാൻ ഒരുങ്ങുന്നത്. യാമീൻ സർക്കാരിന്റെ കാലത്തുണ്ടായിട്ടുള്ള വിദേശകടം മൂലമുണ്ടായിരിക്കുന്ന കുരുക്കുകളെ കുറിച്ച് പഠിക്കാൻ കമ്മിറ്റിയെ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ് വ്യക്തമാക്കി.

വിദേശ കടം കുമിഞ്ഞു കൂടിയിരിക്കുന്ന വേളയിൽ പുതിയ സർക്കാർ നേരിടേണ്ട പ്രതിസന്ധികളെക്കുറിച്ച് ഇന്ത്യയ്ക്ക് തികഞ്ഞ ബോധമുണ്ടാകുമെന്നും അതു തരണം ചെയ്യാൻ മാല്വിദ്വീപിനെ സഹായിക്കുമെന്നുമാണ് കരുതുന്നതെന്നും അബ്ദുള്ള ഷഹീദ് വെളിപ്പെടുത്തി. ദ്വീപ് നേരിടുന്ന ശുദ്ധജല ക്ഷാമം, അഴുക്കുചാൽ പ്രശ്‌നം, ആരോഗ്യമേഖലയിലുള്ള പ്രശ്‌നങ്ങൾ തുടങ്ങിയ പരിഹരിക്കുന്നതിനും ഇന്ത്യയിൽ നിന്നുള്ള സഹകരണം പ്രതീക്ഷിക്കുന്നതായും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യാസന്ദർശനം നടത്തുന്ന അബ്ദുള്ള ഷഹീദ് ഇന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി ഇവ സംബന്ധിച്ച് ചർച്ച നടത്തും. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സന്ദർശിക്കും. അടുത്ത മാസം മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സാലിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായിട്ടാണ് വിദേശകാര്യമന്ത്രി ഇവിടെയെത്തിയിരിക്കുന്നത്. യാമീൻ സർക്കാരിന്റെ കാലത്തുണ്ടാക്കിയ വിവാദമായ ചൈനാ- മാലിദ്വീപ് ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജ് കരാറിലും മറ്റും വൻ അഴിമതിയുണ്ടെന്നാണ് പുതിയ സർക്കാർ കണക്കാക്കുന്നത്.

അടുത്ത മാസം ചൈനയിലും ഷഹീദ് സന്ദർശനം നടത്തുന്നുണ്ട്. ദ്വീപിന്റെ സാമ്പത്തിക വികസനത്തിൽ ബീജിങ് മുഖ്യ പങ്കാളിയായി തന്നെ നിലകൊള്ളുമെന്നും ഷഹീദ് വ്യക്തമാക്കി. അയൽരാജ്യങ്ങളെയെല്ലാം അടുപ്പിച്ചു നിർത്തുന്നതിനു പകരം ചൈനയെ മാത്രം വ്യാപാര പങ്കാളിയായി കരുതിയതാണ് യമീൻ സർക്കാരിന് പറ്റിയതെന്ന് ഷഹീദ് കുറ്റപ്പെടുത്തി. ചൈനയ്ക്ക് പകരം ഇന്ത്യയെയോ ഇന്ത്യയ്ക്കു പകരം ചൈനയെയോ നിർത്താൻ സാധിക്കില്ല. ഓരോ രാജ്യത്തിനും അതിന്റെതായ പ്രാമുഖ്യം നൽകേണ്ടതും അത്യാവശ്യമാണെന്നും ഷഹീദ് ഊന്നിപ്പറഞ്ഞു.

ഇന്ത്യ- മാലിദ്വീപ് ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വിസാ എഗ്രിമെന്റിലും ഒപ്പിട്ടു. മാലിദ്വീപിലേക്ക് ഇന്ത്യൻ പ്രൊഫഷണലുകൾക്കും ഇന്ത്യയിൽ കുടുംബമുള്ള മാലിദ്വീപ് സ്വദേശികൾക്ക് ഇന്ത്യയിലേക്കും എത്താനും അനായാസം എത്താവുന്ന തരത്തിലാണ് വിസാ എഗ്രിമെന്റ്.

വരുമാനം ഏറെയുള്ള രാജ്യമല്ല മാലിദ്വീപ് എന്നും സർക്കാരിന് അതിന്റെ ജനങ്ങളോടുള്ള വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ ഇന്ത്യയുടെ സഹായം കൂടിയേ തീരൂ. ദ്വീപുകളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് തുറമുഖങ്ങളുടെ വികസനമാണ് അടിയന്തിരമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇന്ത്യയുടെ സഹകരണം എല്ലാക്കാര്യത്തിലും ഉണ്ടായാൽ മികച്ച ഗതാഗത സൗകര്യവും മാലിദ്വീപിന് നേടാനാവുമെന്നും അബ്ദുള്ള ഷഹീദ് പ്രത്യാശ പ്രകടിപ്പിച്ചു.