തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി മാലിയിലേക്ക് ഹാഷിഷ് ഓയിൽ കടത്തിയതിന് പിന്നിലെ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ കണ്ടെത്താൻ കഴിയാത്തതിന് കാരണം കസ്റ്റംസിന്റെ തന്നെ വീഴ്ച. കയറ്റുമതി ലൈസൻസുള്ള തിരുവനന്തപുരം തൈക്കാടിനടുത്തുള്ള മേട്ടുക്കട സ്വദേശി അനി എസ്. നായരാണ് മയക്കുമരുന്ന് കടത്തിയത്. കേസിൽ അനി എസ് നായരെ കസ്റ്റംസ് പിടികൂടിയിരുന്നു. എന്നാൽ കസ്റ്റംസിനോട് നിരപാധിയാണ് താനെന്നായിരുന്നു അനി എസ് നായരുടെ മൊഴി. ഇതു വിശ്വസിച്ച് അനിയെ വിട്ടയച്ചു. അതിന് ശേഷമാണ് പ്രാഥമിക വിവര ശേഖരണം നടത്തിയത്. അപ്പോൾ അനിയാണ് യഥാർത്ഥ പ്രതിയെന്നും വ്യക്തമായി. പിന്നീട് അനിയെ അറസ്റ്റു ചെയ്യാൻ പൊലീസിന് കഴിഞ്ഞുമില്ല.

കയ്യിൽ കിട്ടിയ പ്രതിയെ വിട്ടയച്ചത് അന്വേഷണത്തിന് വലിയ തിരിച്ചടിയായെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. അനിയുടെ ആദ്യ മൊഴി അപ്പാടെ വിശ്വസിച്ചതാണ് എല്ലാത്തിനും കാരണം. പ്രതിയെ വിട്ടയച്ചതിന് പിന്നിൽ അട്ടിമറിയോ അഴിമതിയോ ഉണ്ടോയെന്നും പൊലീസ് പരിശോധിക്കും. എയർകാർഗോ വഴിയാണ് മാലദ്വീപിലേക്ക് മയക്കുമരുന്നായ ഹാഷിഷ് ഓയിൽ കടത്തിയത്. സംഭവത്തിൽ നാലുപേർ മാലദ്വീപിൽ അറസ്റ്റിലായിരുന്നു. കാർഗോ വാങ്ങാനെത്തിയ ഏജന്റുമാരുൾപ്പെട്ട നാല് മാലദ്വീപ് പൗരന്മാരാണ് അറസ്റ്റിലായത്. മാലദ്വീപ് വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതർ തടഞ്ഞുവെച്ച നാലുപേരെയും മാലദ്വീപ് പൊലീസിനു കൈമാറി.

തിരുവനന്തപുരത്തുനിന്ന് മാലദ്വീപിലേക്ക് പുറപ്പെട്ട മാലദ്വീപ് എയർലൈൻസിന്റെ വിമാനത്തിൽ കാർഗോയായി ജൈവവളത്തിനൊപ്പം മയക്കുമരുന്നായ ഹാഷിഷ് ഓയിലും ഒളിപ്പിച്ചുകടത്തിയത്. 17 കിലോഗ്രാം ഹാഷിഷ് ഓയിലാണ് ജൈവവളത്തിനൊപ്പം പ്രത്യേക പായ്ക്കറ്റായി ഒളിപ്പിച്ച് കടത്തിയത്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇതിനു കോടികൾ വില വരും. ഇയാൾക്ക് ആദ്യം കൊറിയർ കമ്പനിയായിരുന്നു പിന്നീട് ഇയാൾ മാലിദ്വീപിലേക്ക് കാലിത്തീറ്റ കയറ്റുമതി ചെയ്യൽ ആരംഭിച്ചു. അതിനുശേഷമാണ് ജൈവവള കയറ്റുമതി തുടങ്ങിയത്. ഇയാളുടെ പേരിൽ കയറ്റിവിട്ട കാർഗോയിലാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയത്.

പാഴ്സൽ വിമാനത്താവളത്തിൽ എത്തിച്ച ഓട്ടോഡ്രൈവറേയും കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്. മാലദ്വീപ് വിമാനത്താവളത്തിൽ പരിശോധനയിൽ പിടികൂടിയ വിവരം അവർ കസ്റ്റംസിനെ അറിയിച്ചു. പാഴ്സലിലെ വിലാസം പിന്തുടർന്നാണ് മേട്ടുക്കടയിലെ വീട്ടിൽ കസ്റ്റംസ് എത്തിയത്. ഇടനിലക്കാരൻ ഉൾപ്പെടെ നാല് പേരാണ് മാലദ്വീപിൽ അറസ്റ്റിലായത്. മേട്ടുക്കട സ്വദേശി ഇതിന് മുൻപും കയറ്റുമതി ലൈസൻസിന്റെ പേരിൽ മയക്കുമരുന്ന് പാഴ്സലായി അയച്ചിട്ടുണ്ടോയെന്നാണ് കസ്റ്റംസ് അധികൃതർ അന്വേഷിക്കുന്നത്.

അന്താരാഷ്ട്ര തലത്തിൽ മയക്കുമരുന്ന് കള്ളക്കടത്തിന് ഇപ്പോൾ ഇടത്താവളമായി മാറുകയാണ് മാലിദ്വീപുകൾ. ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള മയക്കുമരുന്ന് കടത്തിനായി യൂ.എസ്, ബൊളിവീയ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള മാഫിയകളാണ് മാലിദ്വീപ് റൂട്ടിനെ പ്രധാനമായും ആശ്രയിക്കുന്നത്.