കോട്ടയം: കാശുള്ളവൻ കാര്യക്കാരൻ എന്ന ചൊല്ലിന് കാലമെത്ര ചെന്നാലും അത്രയ്ക്ക് പഴക്കം സംഭവിക്കാറില്ല. പ്രത്യേകിച്ചു സാധാരണക്കാരന് നീതി അകലെയായ ഇന്ത്യയെപ്പോലൊരു മൂന്നാം ലോക രാജ്യത്ത്. ചട്ടങ്ങൾ ലംഘിച്ച് ആരെന്ത് ചെയ്താലും ചോദിക്കാനും പറയാനും ആരുമുണ്ടാകില്ല. ഇനി ആരെങ്കിലും ചോദ്യം ഉന്നയിച്ചാൽ അതിനെ പണത്തിന്റെ ഹുങ്കിൽ അമർച്ച ചെയ്യാൻ നീതി നടപ്പിലാക്കേണ്ടവർ തന്നെ കൂട്ടു നിൽക്കും. ഇത്തരം നീതി നിഷേധത്തിന്റെ നിരവധി സംഭവങ്ങളുടെ വാർത്തകൾ മലയാളികൾ കേട്ടിട്ടുണ്ട്. എന്നാൽ മാദ്ധ്യമങ്ങളുടെ പൊന്നോമനയായ ജോയ് ആലുക്കാസിനെ പോലൊരു പ്രമുഖന്റെ നിയമലംഘന വാർത്തയാണ് കോട്ടയത്തു നിന്നും പുറത്തുവരുന്നത്.

പരിസരവാസികളുടെ ജീവിതം ദുരിതപൂർണമാക്കിയാണു ജോയ് ആലൂക്കാസിന്റെ മാൾ നിർമ്മാണം നടക്കുന്നത്. നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തിയുള്ള നിർമ്മാണത്തിനെതിരായ പരാതികൾക്കു പുല്ലുവിലയാണ് അധികൃതർ നൽകുന്നത്. പണക്കൊഴുപ്പിൽ വീണുപോയ മുനിസിപ്പാലിറ്റി അധികൃതർക്കിപ്പോൾ ചാകരയാണ്. അതേസമയം, പത്ര ഓഫീസുകൾ കയറി ഇറങ്ങിയിട്ടും ഒരു കോളം വാർത്തപോലും വരാത്ത വേദനയിലാണു പ്രദേശവാസികൾ.

കേരളത്തിലെ അതിസമ്പന്നരിലെ മുമ്പനായ ജോയ് ആലുക്കാസിന്റെ ഉടമസ്ഥതയിൽ കോട്ടയം നഗരത്തിൽ സ്ഥിതി ചെയ്യുന്ന 'മാൾ ഓഫ് ജോയ്'യിൽ അനധികൃതമായി കെട്ടിട നിർമ്മാണം നടത്തുന്നത് പരിസരവാസികളെ ബുദ്ധിമുട്ടിലാക്കുന്ന വിധത്തിലാണ്. കോട്ടയം നഗരത്തിൽ ബേക്കർ ജംഗ്ഷന് സമീപത്താണ് മാൾ ഓഫ് ജോയി സ്ഥിതി ചെയ്യുന്നത്. മാളിന്റെ അനുബന്ധമായി നടത്തിയ നിർമ്മാണ പ്രവർത്തനാണ് പരിസരവാസികൾക്ക് ബുദ്ധിമുട്ടിലായത്. ഇതോടെ പരിസരവാസികൾ പരാതിയുമായി രംഗത്തെത്തിയെങ്കിലും അധികൃതരെല്ലാം ജോയി ആലുക്കാസിന്റെ സ്ഥാപനമായതിനാൽ നടപടിയെടുക്കാൻ മടിക്കുകയാണ്.

കോട്ടയം തിരുനക്കര ഈസ്റ്റ് റെസിഡൻസ് അസോസിയേഷനാണ് മാൾ ഓഫ് ജോയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കോട്ടയത്ത് മാൾ ഓഫ് ജോയ് സ്ഥിതി ചെയ്യുന്ന ബേക്കർ ജംഗ്ഷന് പിൻഭാഗത്തുള്ള റോഡിനോട് ചേർന്നുള്ള റസിഡൻസ് അസോസിയേഷൻകാരാണ് തിരുനക്കര ഈസ്റ്റ്. മാളിന്റെ അംഗീകൃത പ്ലാൻ പരിശോധിക്കുമ്പോൾ പരിസരവാസികൾക്ക് യാത്ര ചെയ്യാനുള്ള റോഡിന്റെ പ്രവേശന കവാടത്തെ തടസ്സപ്പെടുത്തുന്നതാണ്. സമീപത്തുള്ള വീതി കുറഞ്ഞ റോഡ് മാൾ അധികൃതരുടെ പ്രവേശന കവാടമായി മാറുകയാണ് ചെയ്യുന്നത്. ഇത് തങ്ങളുടെ സ്വൈര്യ ജീവിതത്തെ ബാധിക്കുമെന്ന് ബോധ്യമായതോടെയാണ് മാളിനെതിരെ പരിസരവാസികൾ പരാതി നൽകിയത്.

മാളിലേക്കുള്ള പ്രവേശന കവാടം നിർമ്മിക്കുമ്പോൾ തങ്ങളുടെ 2.5 മീറ്റർ വീതിയുള്ള റോഡിന്റെ കാര്യം പരിഗണിച്ചില്ലെന്നാണ് പരിസരവാസികളുടെ പരാതി. പകരം പ്ലാൻ പ്രകാരം റോഡ് മാളിന്റെ റോഡായി മാറുകയുയും ചെയ്തു. ഇവിടെ ഇപ്പോൾ നടക്കുന്ന നിർമ്മാണ കിഴക്കേതിൽ ലെയിനിലേക്കുള്ള പ്രവേശന കവാടത്തെ അവഗണിച്ചു കൊണ്ടുള്ളതാണ്. കോട്ടയം മുൻസിപ്പാലിറ്റി ടൗൺ പ്ലാനർക്ക് പ്രസ്തുത പ്ലാൻ നൽകിയ ശേഷം അനുമതി കൂടാതെ തന്നെ മാൾ അധികൃതർ നിർമ്മാണം തുടങ്ങുകയായിരുന്നു.

പ്ലാൻ നല്കി അനുവാദം വാങ്ങാതെ റോഡിലേക്ക് അഞ്ച് മീറ്റർ വീതിയിലുള്ള പ്രവേശന കവാടമാണ് മാൾ അധികൃതർ നിർമ്മിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തിരുനക്കര ഈസ്റ്റ് റെസിഡൻസ് അസോസിയേഷൻ പരാതി നൽകുകയായിരുന്നു. മാൾ അധികൃതരുടെ ഭാഗത്തു നിന്നും നടക്കുന്നത് അനധികൃത നിർമ്മാണം ആണെന്ന് ബോധ്യപ്പെടുകയും ചെയ്തു. എന്നിട്ടും മാൾ അധികാരികൾ നിർമ്മാണം തുടർന്നു പോകുകയായിരുന്നു.

കിഴക്കേതിൽ ലെയിനിനോട് ചേർന്ന് എട്ട് എംഎം കമ്പിയിട്ട് കോൺക്രീറ്റ് ഭിത്തികൾ നിർമ്മിച്ച് നിർമ്മാണം തകൃതിയായി നടക്കുകയാണ് ഇവടെ ചെയ്തത്. സാമ്പത്തികമായും രാഷ്ട്രീയമായും ഉന്നതരായ മാൾ ഓഫ് ജോയ്‌ക്കെതിരെ ചെറുവിരൽ അനക്കാൻ പോലും ആരും തയ്യാറല്ലെന്നതാണ് യാഥാർത്ഥ്യം. 25ഓളം കുടുംബങ്ങളാണ് കിഴക്കേതിൽ ലെയിനിൽ മാളിന് പിന്നിലായി താമസിക്കുന്നത്. നെഞ്ചുരോഗ വിഗദ്ധനായ പ്രമുഖ ഡോക്ടർ അടക്കം ഈ ലെയിനിലാണ് താമസിക്കുന്നത്. അദ്ദേഹത്തെ കാണാനായി ആംബുലൻസിൽ പോലും രോഗികൾ എത്താറുണ്ട് താനും. മാളിന്റെ പ്രവേശന കവാടമായി ഇത് മാറുമ്പോളുണ്ടാകുന്ന തിരക്ക് തങ്ങളുടെ സ്വൈര്യ ജീവിതത്തെ ബാധിക്കുകയും സുഗമമായ ഗതാഗതത്തെ ബാധിക്കുകയും ചെയ്യുമെന്നാണ് പരിസര വാസികളുടെ ആശങ്ക.

200 കോടി രൂപ മുതൽമുടക്കിലാണ് കോട്ടയത്ത് 'മാൾ ഓഫ് ജോയ്' സ്ഥാപിക്കുന്നത്. കേരളത്തിലെ രണ്ടാമത്തെ 'മാൾ ഓഫ് ജോയ്' ആണ് കോട്ടയത്ത് പണി പുരോഗമിക്കുന്നത്. അടുത്തു തന്നെ പൂർണ്ണമായ തോതിൽ മാൾ പ്രവർത്തന സജ്ജമാകും. ജോയ് ആലുക്കാസ് ജൂവലറി, ജോളി സിൽക്സ് തുടങ്ങി ഗ്രൂപ്പിന് കീഴിലുള്ള എല്ലാ ഇനം വ്യാപാര സ്ഥാപനങ്ങളും കോട്ടയത്തെ മാളിലുണ്ടാകും. ജോയ് മാൾ വരുന്നതിന് എതിരല്ലെന്ന് പറയുന്ന പരിസരവാസികൾ തങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. കൊച്ചിയിലെ ലുലു മാളിനെതിരെ പാർക്കിംഗുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപം പോലെ സമാനമായ പരാതിയും ഇവിടെയും ഉയരാൻ ഇടയുണ്ട്.