കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരേ ഉയർന്ന ലൈംഗിക പീഡനപരാതിയിൽ പ്രതികരണവുമായി മല്ലിക സുകുമാരൻ രംഗത്ത്. ഒന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ലെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. ഒരാളുടെ സ്വഭാവം മോശമാണെന്ന് മനസ്സിലായാൽ വീണ്ടും എന്തിനാണ് അയാളുടെ അടുത്തേക്ക് പോകുന്നതെന്നും മല്ലിക ചോദിച്ചു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മല്ലികയുടെ പ്രതികരണം.

പത്തൊൻപത് തവണ പീഡിപ്പിച്ചുവെന്നാണ് ആ പെൺകുട്ടി പറയുന്നത്. അയാൾ മോശമാണെങ്കിൽ എന്തിന് ആ കുട്ടി വീണ്ടും അയാളുടെ അടുത്തേക്ക് പോയത്. ഒരു തവണ ദുരനുഭവം ഉണ്ടായാൽ അത് മറ്റാരെയെങ്കിലും അറിയിക്കേണ്ടതല്ലേ. അതൊന്നും ചെയ്യാതെ ഒരു സുപ്രഭാതത്തിൽ പത്തൊൻപത് തവണ പീഡിപ്പിച്ചുവെന്ന് പറയുന്നത് സത്യസന്ധമാണെന്ന് തോന്നുന്നില്ല. ആർക്കെതിരേയാണെങ്കിലും തക്കതായ കാരണം ഉണ്ടെങ്കിൽ മാത്രമേ ആരോപണം ഉന്നയിക്കാവൂ എന്നും മല്ലിക സുകുമാരൻ പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തിൽ താൻ പൂർണമായും അതിജീവിതയ്ക്ക് ഒപ്പമാണെന്നും മല്ലിക പറഞ്ഞു. ജോലി ചെയ്യാൻ പോയ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. അതിന്റെ എല്ലാ വശങ്ങളും എനിക്കറിയാം- മല്ലിക വ്യക്തമാക്കി. അതേസമയം വിജയ് ബാബു പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന പരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിജയ് ബാബുവിന്റെ അമ്മ മായ ബാബു മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി അനിൽ കാന്തിനും പരാതി നൽകിയിരുന്നു.

വിജയ് ബാബു നിർമ്മിച്ച സിനിമയിൽ അഭിനയിച്ച നടി, അടുത്ത സിനിമയിൽ അവസരം നൽകിയില്ലെന്ന വിരോധത്തിൽ വ്യാജപരാതി നൽകുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. ഇതിനു പിന്നിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവർത്തകരാണെന്നും മായ ബാബു ആരോപിച്ചു.

പരാതിയിൽ നിന്ന്: ''എന്റെ മകൻ വിജയ് ബാബുവിന്റെ പേരിൽ നടിയായ പെൺകുട്ടി കൊടുത്ത പരാതിയെ ബഹുമാനിക്കുന്നു. നല്ല സൗഹൃദത്തിലായിരുന്ന പെൺകുട്ടി ഒരു ദിവസം പെട്ടന്ന് ആരോപണം ഉന്നയിച്ചതിനു പിന്നാലെ, 22 വർഷം കഠിനാധ്വാനം ചെയ്ത് വളർന്ന വന്ന എന്റെ മകന്റെ നേരെ വലിയ ആക്രമണമാണ് എല്ലായിടത്തുനിന്നും ഉണ്ടായത്. ബഹുമാനപ്പെട്ട നീതിപീഠത്തിലും നിയമ സംവിധാനത്തിലും ഞാൻ വിശ്വസിക്കുന്നു. പെൺകുട്ടി കൊടുത്ത പരാതി അന്വേഷിക്കണം.'

''അതോടൊപ്പം, പെൺകുട്ടിയെകൊണ്ട് ഇങ്ങനെ ഒരു പരാതി കൊടുപ്പിക്കാൻ ആരെങ്കിലും പ്രേരണ ചെലുത്തിയിട്ടുണ്ടോ എന്നും ഇക്കാര്യത്തിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കണം. നീതിപീഠം എന്റെ മകൻ കുറ്റക്കാരനാണെന്നു വിധിയെഴുതിയാൽ പെൺകുട്ടിക്ക് ഒപ്പം നിൽക്കുമെന്നാണ് എന്റെ നിലപാട്. എന്നാൽ, മകൻ കുറ്റക്കാരനല്ല എന്ന് വിധിയെഴുതിയാൽ അവന്റെ സ്‌കൂളിൽ പോകുന്ന മകൻ ഇന്ന് അനുഭവിക്കുന്ന മാനസികാവസ്ഥയ്ക്ക് നീതി കിട്ടാതെ പോകും. മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ നീതിപൂർവമായ നടപടി ഉണ്ടാകുമെന്ന് വിശ്വാസിക്കുന്നു''.