കവൻട്രി: അഞ്ച് ദിവസത്തെ സന്ദർശനത്തിനെത്തി ഇന്ത്യൻ രാഷ്ട്രീയത്തിലും സാധാരണക്കാരുടെ മുഖം ഇന്നും അന്യം നിന്നിട്ടില്ല എന്ന് തെളിയിച്ചു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മടങ്ങി. ലണ്ടൻ നഗരം മുഴുവൻ കാൽ നടയായി റബർ ചെരിപ്പും കോട്ടൻ സാരിയും സാദാ ഷാളും അണിഞ്ഞു, ഇടയ്ക്ക് ബസിലും യാത്ര ചെയ്തു രാഷ്ട്രീയത്തിലെ ലാളിത്യം പ്രകടിപ്പിച്ച മമതയെ അത്ഭുതത്തോടെയാണ് ബ്രിട്ടീഷ് ഭരണ നേതൃത്വം വീക്ഷിച്ചത്.

കേരളത്തിൽ നിന്നും പ്രത്യേക ചുമതലകൾ ഒന്നും ഇല്ലാതെ ബ്രിട്ടൻ സന്ദർശിക്കാൻ എത്തുന്ന എംഎൽഎമാരും എംപിമാരും തങ്ങൾക്കായി വില കൂടിയ കാർ തന്നെ തയ്യാറാക്കണം എന്ന് നിർദ്ദേശിക്കുന്നിടത്താണ് ബംഗാൾ മുഖ്യമന്ത്രി കാൽ നടയായി 7 കിലോമീറ്ററോളം ചുറ്റിക്കറങ്ങി ലണ്ടൻ നഗരം കണ്ടു തീർത്തത്. ഇടയ്ക്ക് സന്ദർശന പരിപാടികളിൽ സമയ നഷ്ടം ഉണ്ടാകുന്നു എന്ന് ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചപ്പോൾ ബസിൽ യാത്ര ചെയ്തും മമത വ്യത്യസ്തയായി. വഴിയരികിൽ കണ്ട റെസ്റ്റോറന്റിൽ ചായ കുടിച്ചു ജീവനക്കാരോട് കുശലം പറഞ്ഞും മമത പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.

എന്നാൽ പെട്ടെന്നുണ്ടായ പരിപാടികളിലെ മാറ്റം മൂലം പ്രധാനമന്ത്രി ഡേവിഡ് കാമറോൺ വെസ്റ്റ് ഏഷ്യ സന്ദർശനത്തിന് പുറപ്പെട്ടതും മുൻ രാഷ്ട്രപതി അബ്ദുൾ കലാമിന്റെ മരണത്തെ തുടർന്ന് ഏഴ് ദിവസത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയതും മൂലം ലണ്ടനിലും മമത പങ്കെടുക്കേണ്ടിയിരുന്ന വിവിധ പരിപാടികൾ മാറ്റി വച്ചു. ഒടുവിൽ ബംഗാളിനെ വൻ ചുഴലിക്കാറ്റ് വലയം ചെയ്യുന്നു എന്ന വിവരം കിട്ടിയ പാടെ സന്ദർശന പരിപാടി പൂർണ്ണമാക്കാൻ നിൽക്കാതെ കൊൽക്കത്തയിലേക്ക് മടങ്ങുകയായിരുന്നു മമത ബാനർജി.

കൊൽക്കത്ത നഗരത്തെ ലണ്ടന്റെ സാറ്റലൈറ്റ് ടൗൺഷിപ്പ് ആക്കണമെന്ന പദ്ധതി മനസ്സിൽ താലോലിക്കുന്ന മമത ഇക്കാരണത്താൽ കൂടിയാണ് കാൽ നടയായി സഞ്ചരിച്ചു നഗരം തിരക്കിനെ എങ്ങനെ ഉൾക്കൊള്ളുന്നു എന്ന് മനസ്സിലാക്കാൻ ശ്രമിച്ചത്. നഗര തിരക്കിന് കുപ്രസിദ്ധമായ കൊൽക്കത്തയെ ദിവസവും 40 ലക്ഷത്തിലേറെ പേർ യാത്ര ചെയ്യുന്ന ലണ്ടനുമായി താരതമ്യം ചെയ്യുമ്പോൾ എങ്ങനെ യാത്ര തടസ്സം ഒഴിവാക്കാൻ കഴിയും എന്നതായിരുന്നു സന്ദർശനത്തിൽ ഉടനീളം മമത ആരാഞ്ഞിരുന്നത്.

ഗതാഗത തടസ്സം സൃഷ്ടിക്കാതെ ഒഴുകുന്ന വാഹന നിരയും റോഡുകളിൽ മര്യാദ പുലർത്തുന്ന കാൽ നട യാത്രക്കാരും സൈക്കിൾ സവരിക്കാരും എല്ലാം ബംഗാൾ മുഖ്യമന്ത്രിയുടെ ശ്രദ്ധ പിടിച്ചു പറ്റി. തന്റെ അസാന്നിധ്യത്തിൽ മനസ്സ് തുറന്നു ക്ഷമ ചോദിച്ചു കത്ത് എഴുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വീണ്ടും ബംഗാൾ സന്ദർശിക്കാൻ ക്ഷണിക്കാനും മമത മറന്നില്ല. ബ്രിട്ടീഷ് ഭരണകാലത്തുകൊൽക്കത്തയെ തലസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ചരിത്രം ഓർമ്മിപ്പിച്ച മമത, സംസ്ഥാനത്ത് നിക്ഷേപത്തിന് തയ്യാറാകുന്ന ബ്രിട്ടീഷ് സംരംഭങ്ങൾക്ക് എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്യാനും മറന്നില്ല. കരാറുകൾ ഒപ്പിടുന്നതിൽ ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറി പ്രീതി പട്ടേലിന്റെ സാന്നിധ്യവും ശ്രദ്ധ നേടി. ഇന്ത്യയുമായ കാര്യങ്ങൾക്ക് കാമറോൺ ചെവി കൊടുക്കുന്ന പ്രധാന വ്യക്തി കൂടിയാണ് പ്രീതി പട്ടേൽ.

ലണ്ടനും കൊൽക്കത്തയും എങ്ങനെ താരതമ്യം ചെയ്യാൻ കഴിയുന്നു എന്നന്വേഷിച്ച മാദ്ധ്യമ പ്രവർത്തകരോട് രണ്ട് നഗരങ്ങൾക്കും അതിന്റേതായ വക്തിത്വം ഉണ്ടെന്നും എന്നാൽ ഒട്ടേറെ സാമ്യതകൾ കണ്ടെത്താൻ കഴിയും എന്നുമാണ് മമത പ്രതികരിച്ചത്. തലയെടുപ്പോടെ, നിർമ്മാണ ചാതുര്യം വെളിപ്പെടുത്തുന്ന കെട്ടിടങ്ങളും റോഡുകളുടെ പേരിലെ സാമ്യവും ഒക്കെ ഒറ്റനോട്ടത്തിൽ ദൃശ്യമാകുന്ന സമനതകളാണ്. ലണ്ടനിൽ വിക്‌ടോറിയ പ്രതിമ ഉള്ളപ്പോൾ കൊൽക്കത്തയിൽ വിക്‌ടോറിയ സ്മാരകമുണ്ട്. ലണ്ടൻ ലോകത്തിലെ തന്നെ എറ്റവും ചിലവേറിയ നഗരം ആകുമ്പോൾ കൊൽക്കത്ത ലോകത്തിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ സ്ഥലങ്ങളിൽ ഒന്ന് കൂടിയാണ്. ലണ്ടൻ മാലിന്യ മുക്ത നഗരം ആകുമ്പോൾ തന്നെ കൊൽക്കത്ത അതിവേഗം ആ ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ്. ലണ്ടനിലേക്ക് വീണ്ടും വരാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് നിശ്ചയമായും മടങ്ങി വരും എന്നായിരുന്നു മറുപടി.

ബംഗാളിനെ കുറിച്ച് പുറം ലോകത്തിന് ഉള്ള കാഴ്ചപ്പാട് മാറ്റുകയാണ് തന്റെ ദൗത്യം എന്ന് മമത പറയുന്നു. കൊൽക്കത്തയിൽ വ്യവസായങ്ങൾ മടങ്ങി വരണം. ഇന്ത്യയുടെ തന്നെ വ്യാവസായിക ഹബ് ആയി കൊൽക്കത്തയെ മാറ്റുവാൻ ആണ് മമതയുടെ ശ്രമം. ചുവപ്പ്‌നാട എന്നൊരു പ്രയോഗം പോലും ബംഗാളിനെ കുറിച്ച് കേൾക്കാൻ പാടില്ല എന്നാണ് മമത നൽകുന്ന നിർദ്ദേശം. ലണ്ടനിൽ ഒട്ടേറെ കരാറുകൾ ഒപ്പ് വയ്ക്കപ്പെട്ടെങ്കിലും മൊത്തം നിക്ഷേപ തുക എത്രയെന്നു പുറത്തു വിട്ടിട്ടില്ല. സന്ദർശനം പൂർത്തീകരിക്കുന്ന വേളയിൽ ലോകം ഒറ്റ കുടുംബം ആണെന്നും നാം ഒന്നിച്ചു നടക്കണം എന്നുമാണ് മമത പ്രതികരിച്ചത്.

ഗോർഡൻ സ്‌ക്വയറിൽ രബീന്ദ്ര നാഥാ ടാഗോറിനും പാർലിമെന്റ് സ്‌ക്വയറിൽ ഗാന്ധി പ്രതിമയിലും പുഷ്പ്പാർച്ചന നടത്താൻ മമത ബസ്സിൽ ആണെത്തിയത്. പാർലമെന്റ് സ്‌ക്വയറിൽ നെൽസൺ മണ്ടേലയുടെ പ്രതിമ കണ്ട മമത ഒരു നിമിഷം ആഫ്രിക്കൻ നേതാവിനും പ്രണാമം അർപ്പിച്ചു. തുടർന്ന് താജ് സെന്റ് ജെമെസ് ഹോട്ടലിൽ ഒരുക്കിയ ചെറിയ പരിപാടിയിൽ അബ്ദുൾ കലാമിന്റെ ഓർമ്മകൾക്ക് മുന്നിൽ മമത നമ്രശിരസ്‌ക്കയായി. ഉഷാ ഉതുപ്പും ഉസ്താദ് റഷീദ് ഖാനും ചേർന്ന് നടത്താനിരുന്ന സംഗീത നിശ ഔദ്യോഗിക ദുഃഖ ആചരണം മൂലം റദ്ദാക്കുക ആയിരുന്നു. ആണ്ട്രൂ രാജകുമാരന്റെ ക്ഷണ പ്രകാരം ബക്കിങ്ങ്ഹാം കൊട്ടാരത്തിലും മമത സന്ദർശനം നടത്തി.