കൊച്ചി: താരസംഘടനയായ അമ്മയിൽ നിന്നും ഷമ്മി തിലകനെ ഇന്ന് പുറത്താക്കും എന്നു തന്നെയായിരുന്നു മാധ്യമങ്ങൾക്ക് ലഭിച്ചിരുന്ന സൂചനകൾ. പിന്നാലെ പുറത്താക്കിയെന്ന മാധ്യമ വാർത്തകളും വന്നു. എന്നാൽ, പിന്നീട് യോഗത്തിന് ശേഷം ഷമ്മിയെ പുറത്താക്കിയിട്ടില്ലെന്നും പലതരത്തിലുള്ള അഭിപ്രായങ്ങളുമാണ് ഉണ്ടായതെന്നുമാണ അമ്മ ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, മമ്മൂട്ടിയുടെ എതിർപ്പിനെ തുടർന്നാണ് ഷമ്മിയെ പുറത്താക്കാതിരുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ഭൂരിപക്ഷം പേരും ഷമ്മി തിലകനെ പുറത്താക്കുന്നതിനെ അനുകൂലിച്ചപ്പോൾ എതിർപ്പ് അറിയിച്ചത് ചുരുക്കം പേർ മാത്രമായിരുന്നു. പുറത്താക്കൽ നടപടി ഒന്നുകൂടി ആലോചിച്ചു നടപ്പാക്കണം എന്ന ആവശ്യമാണ് നടൻ ജഗദീഷ് ഉന്നയിച്ചത്. ഈ അഭിപ്രായത്തെ മമ്മൂട്ടിയും പിന്താങ്ങി. ഒപ്പം, മനോജ് കെ ജയൻ, സംവിധായകൻ ലാൽ, തുടങ്ങിയവരും ഷമ്മിയെ പുറത്താക്കുന്നതിനെ എതിർത്തിരുന്നു.

പിന്നീട് ഷമ്മി മാധ്യമങ്ങളോട് പ്രതികരിച്ചപ്പോഴും മമ്മൂട്ടിയുടെ പിന്തുണ തനിക്കാണെന്ന് അവകാശപ്പെട്ടിരുന്നു. 'അമ്മ'യിൽ നിന്ന് പുറത്താക്കുന്നതിൽ മമ്മൂട്ടി തന്നെ പിന്തുണച്ചു എന്നാണ് കരുതുന്നതെന്നാണ് ഷമ്മി പ്രതികരിച്ചത്. ഞാൻ ഉന്നയിച്ച പ്രശ്നങ്ങൾ സംഘടനയിലെ സീനിയർ ഭാരവാഹികൾക്ക് അറിയാവുന്നതാണ്. അതുകൊണ്ടാണ് എനിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മമ്മൂട്ടിയടക്കമുള്ള ഭാരവാഹികൾ മാറിനിന്നത് എന്നും ഷമ്മി തിലകൻ പറഞ്ഞു. ഇതിന് മുമ്പും എന്റെ പ്രശ്‌നങ്ങൾ കാര്യമായി പരിഗണിക്കണമെന്ന് മമ്മൂട്ടി സംഘടനയിൽ പറഞ്ഞിട്ടുണ്ട്. ഞാൻ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണം എന്നാണ് പറഞ്ഞത്. അല്ലാതെ അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഷമ്മിയെ നിലവിൽ സംഘടനയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് നടൻ സിദ്ദിഖ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പക്ഷെ പുറത്താക്കണമെന്നാണ് യോഗത്തിലെ ഭൂരിപക്ഷം അഭിപ്രായം എന്നും ഒരിക്കൽ കൂടി ഷമ്മിയെ കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനം എന്നും ഇന്ന് ചേർന്ന വാർഷിക ജനറൽ ബോഡിക്ക് ഒരാളെ പുറത്താക്കാൻ അധികാരമില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ 'അമ്മ' ജനറൽ ബോഡി യോഗം ഷമ്മി തിലകൻ മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. സംഭവത്തിൽ ഷമ്മി തിലകനെതിരെ നടപടി ആവശ്യപ്പെട്ട് താരസംഘടനയിലെ അംഗങ്ങൾ രംഗത്തെത്തിയിരുന്നു. മമ്മൂട്ടി ഉൾപ്പെടെയുള്ളവർ നടപടി വേണ്ടെന്ന് നിർദ്ദേശിച്ചെങ്കിലും സംഘടനയിലെ ചിലർ ഉറച്ചുനിന്നതോടെയാണ് എക്സിക്യൂട്ടീവ് കമ്മിറ്റി വിഷയം അച്ചടക്ക സമിതിക്ക് വിട്ടത്. തുടർന്ന് അന്വേഷണത്തിനായി അച്ചടക്ക സമിതിക്ക് മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് നൽകിയെങ്കിലും ഷമ്മി തിലകൻ ഹാജാരായിരുന്നില്ല. ഷമ്മി തിലകനെതിരെ ശക്തമായ നടപടിയെടുക്കാൻ പൊതുയോഗം എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഷമ്മിയുടെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും ബൈലോ അനുസരിച്ചായിരിക്കും നടപടിയെന്നും അമ്മ പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്.

അമ്മയുടെ മൂന്നാം മെമ്പറാണ് താനെന്ന് ഷമ്മി

അതേസമയം അമ്മ താരസംഘടന തുടങ്ങിയപ്പോൾ മൂന്നമത്തെ മെമ്പർ താനായിരുന്നു എന്നാണ് ഷമ്മി തിലകൻ പറഞ്ഞത്. അമ്മ എന്ന സംഘടന 1994 സ്ഥാപിതമാകുന്നത് എന്റെയും പൈസ കൊണ്ടാണ്. എന്റെ അറിവ് ശരിയാണെങ്കിൽ മൂന്നാമത് അംഗത്വമെടുത്തയാളാണ് ഞാൻ. ആ അംഗത്വത്തിനായി എന്റെ കയ്യിൽ നിന്ന് പൈസ വാങ്ങിക്കുന്നത് ഇന്നത്തെ വൈസ് പ്രസിഡന്റ് മണിയൻ പിള്ള രാജു ചേട്ടനാണെന്നും ഷമ്മി വ്യക്തമാക്കി.

ഷമ്മിയുടെ വാക്കുകൾ ഇങ്ങനെ: 2021ൽ നടന്ന ജനറൽ ബോഡിയിൽ അതിൽ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നടപടി നടന്നുകൊണ്ടിരിക്കുകയാണ്. ആ നടപടി എന്ന് പറയുന്നത്, എനിക്ക് ആദ്യം എക്സിക്യൂട്ടീവ് കമ്മിറ്റി വിശദീകരണ കത്ത് തന്നു. ആ കത്തിന് സമയ ബന്ധിതമായി ഓരോ വാക്കുകളെ വെച്ചും സെന്റൻസിനെ വെച്ചും പാരഗ്രാഫുകളെ അടിസ്ഥാനമാക്കി വിശദമായ മറുപടി ഞാൻ കൊടുത്തിട്ടുണ്ട്. അതിന് ശേഷം തൃപ്തികരമല്ല എന്ന റിപ്ലേ ഒന്നും തന്നിട്ടില്ല. നടപടി നേരിടാൻ ഞാൻ തയ്യാറാണ്, എന്റെ പേരിൽ തെറ്റുണ്ടെങ്കിൽ തെറ്റ് എന്നെ ബോധ്യപ്പെടുത്തിയിട്ടില്ല. ഞാൻ എന്ത് തെറ്റാണ് ചെയ്തത് എന്നത് എനിക്ക് വ്യക്തമായിട്ടില്ല.എന്റെ വാദം കേൾക്കാതെയാണ് പുറത്താക്കുന്നതെങ്കിൽ അത് തെറ്റ്. അതിന് മാത്രം വലിയ തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല.

വാർത്ത സമ്മേളനത്തിൽ അവർ പറഞ്ഞത് പുറത്താക്കിയിട്ടില്ല എന്നാണ്. പുറത്താക്കിയില്ലെങ്കിൽ നല്ല കാര്യം. ഞാൻ പ്രതീക്ഷിച്ചത് ശാസന അല്ലെങ്കിൽ മാപ്പ് അപേക്ഷയുമാണ്. 'അമ്മ' എന്നെ പുറത്താക്കുമെന്ന് ഞാൻ കരുതുന്നേയില്ല. 'അമ്മ' മാഫിയ സംഘമാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. അച്ഛന്റെ പാത പിന്തുടർന്ന് അല്ല എന്റേതായ കാഴ്ചപ്പാടിലൂടെയാണ് ഞാൻ നിലപാട് പറയുന്നത്. അച്ഛൻ പണ്ട് പറഞ്ഞത് അമ്മ മാഫിയ സംഘം എന്നാണ്. അച്ഛൻ മാത്രമല്ല സുകുമാർ അഴീക്കോട് മാഷ് പറഞ്ഞതൊക്കെ അങ്ങനെയാണ്. ഞാൻ അതെല്ല അതിനേക്കാൾ അപ്പുറമാണ് അന്ന് പറഞ്ഞത് എന്നാണ് എന്റെ ഓർമ്മ. അത് പക്ഷെ അവർ വളച്ചൊടിച്ച് ഞാനത് മേലെയാണെന്നൊ അങ്ങനെയൊക്കെ എന്തൊക്കെ പറഞ്ഞിട്ടാണ്.

മാഫിയ സംഘം എന്ന പരാമർശത്തെ കുറിച്ച് അവർ വാർത്ത സമ്മേളനത്തിൽ അവർ ഒന്നും സംസാരിച്ചിട്ടില്ല. എന്നെ പുറത്താക്കിയിട്ടില്ല എന്നാണ് അവർ പറഞ്ഞത്. അപ്പൊ ഒരു അംഗമെന്ന നിലക്ക് അതിനുള്ള വിശദീകരണം ഞാൻ ഇപ്പോൾ നൽകുന്നില്ല.അമ്മ എന്ന സംഘടന 1994 സ്ഥാപിതമാകുന്നത് എന്റെയും പൈസ കൊണ്ടാണ്. എന്റെ അറിവ് ശരിയാണെങ്കിൽ മൂന്നാമത് അംഗത്വമെടുത്തയാളാണ് ഞാൻ. ആ അംഗത്വത്തിനായി എന്റെ കയ്യിൽ നിന്ന് പൈസ വാങ്ങിക്കുന്നത് ഇന്നത്തെ വൈസ് പ്രസിഡന്റ് മണിയൻ പിള്ള രാജു ചേട്ടനാണ്. ചെക്ക് വേണോ കാശ് വേണോ ചേട്ടാ എന്ന് അന്ന് ഞാൻ ചോദിച്ചു. അപ്പോ പുള്ളി പറഞ്ഞത് എടേയ്, ലെറ്റർ പാഡൊക്കെ അടിക്കാൻ പൈസ വേണ്ടടേയ് പൈസ തരൂ എന്ന്. അപ്പൊ ഞാൻ പതിനായിരം രൂപയെടുത്തുകൊടുത്തു. അങ്ങനെയാണ് ഞാൻ മെംമ്പറായത്. അമ്മയുടെ ലെറ്റർ പാഡിന്റെ പൈസ ഞാൻ കൊടുത്തത് . അപ്പൊ ആ ലെറ്റർ പാഡിൽ തന്നെ എന്നെ പുറത്താക്കി കൊണ്ടുള്ള നോട്ടീസ് വരട്ടെ. അന്നേരം ഞാൻ അതിന് അനുസരിച്ച് പെരുമാറും.

എന്തൊക്കെയാണ് എന്റെ പ്രശ്‌നങ്ങൾ എന്ന് സംഘടനാ മര്യാദകൾ പാലിച്ചുകൊണ്ട് 2017ൽ ഡേറ്റ് കൃത്യമായി ഓർമ്മയില്ല. 2017 മുതൽ ഔദ്യോഗിക ഭാരവാഹികൾക്ക് രേഖാമൂലം കത്തുകൾ കൊടുത്തുകൊണ്ടിരിക്കുന്നു. പക്ഷെ അതിനൊന്നും നാളിതുവരെയായി മറുപടി കിട്ടിയിട്ടില്ല. അത് ഈ ജനറൽ ബോഡി എന്ന് പറയുന്ന ചുരുക്കം ചില ഭാരവാഹികൾക്ക് മാത്രമെ എന്റെ ആവശ്യങ്ങൾ അല്ലെങ്കിൽ എന്റെ പ്രശ്‌നങ്ങൾ അറിയുകയൊള്ളു. ഇത് അറിയാതെയാണ് എനിക്കെതിരെ പലരും പറഞ്ഞിട്ടുള്ളത്. അവിടേയും ഇവിടേയും പറയുന്നത് കേട്ടിട്ട് പറയുന്നത് ശരിയല്ല.

മമ്മൂട്ടി തന്നെ പിന്തുണച്ചു എന്നാണ് കരുതുന്നത്. അച്ചടക്ക ലംഘനം ഞാൻ നടത്തിയിട്ടില്ല. ഞാൻ ഉന്നയിച്ച പ്രശ്നങ്ങൾ സംഘടനയിലെ സീനിയർ ഭാരവാഹികൾക്ക് അറിയാം. അതുകൊണ്ടാണ് മമ്മൂട്ടിയടക്കമുള്ള ഭാരവാഹികൾ എനിക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ നടപടിയിലേക്ക് നീങ്ങരുത് എന്ന് പറഞ്ഞത്. ഇതിന് മുമ്പും എന്റെ പ്രശ്‌നങ്ങൾ കാര്യമായി പരിഗണിക്കണമെന്ന് മമ്മൂട്ടി സംഘടനയിൽ പറഞ്ഞിട്ടുണ്ട്. ഞാൻ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണം എന്നാണ് പറഞ്ഞത്. അല്ലാതെ അച്ചടക്ക ലംഘനം നടത്തിയിട്ടില്ല.