കൊളംബോ: ശ്രീലങ്കയുടെ ആതിഥേയ മര്യാദകളിൽ മനംനിറഞ്ഞ് മെഗാ സ്റ്റാർ.സിനിമാ ചിത്രീകരണത്തിനായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്.ചുരുങ്ങിയ ദിവസത്തെ സന്ദർശനം ആണെങ്കിലും ശ്രീലങ്കയുടെ തനത് രുചി ഉൾപ്പടെ ആസ്വദിച്ചാണ് താരം മടങ്ങുന്നത്. ഇതിനിടയിൽ ശ്രീലങ്കൻ മന്ത്രിമാർ ഉൾപ്പെടുന്ന സംഘം മമ്മൂട്ടിയെ സന്ദർശിക്കുകയും ചെയ്തു.'കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്.

കൊളംബോ, കടുഗണ്ണാവ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഷൂട്ടിങ്ങിന് ശ്രീലങ്കൻ സർക്കാരിന്റെ സഹകരണമുണ്ടായിരുന്നു. സർക്കാർ പ്രതിനിധിയായി ശ്രീലങ്കൻ ടൂറിസം മന്ത്രി ഹരിൻ ഫെർണാണ്ടോ മമ്മൂട്ടിയെ സന്ദർശിച്ചു. പ്രധാനമന്ത്രിയുടേയും പ്രസിഡന്റിന്റേയും അന്വേഷണം അദ്ദേഹം പ്രത്യേകം അറിയിച്ചു. കൂടുതൽ ചിത്രങ്ങളുടെ ഷൂട്ടിങ്ങിനായി ശ്രീലങ്കയിലേക്ക് ക്ഷണിക്കുന്നതായി മന്ത്രി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി ദിനേഷ് ഗുണവർധന മമ്മൂട്ടിയുമായി ഫോണിൽ സംസാരിച്ചു. കേരളത്തെ സഹോദര സംസ്ഥാനമായാണ് ശ്രീലങ്ക കാണുന്നതെന്ന് ദിനേഷ് ഗുണവർധന മമ്മൂട്ടിയോട് പറഞ്ഞു. ശ്രീലങ്കയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ സിനിമാ ചിത്രീകരണത്തിനായി എത്തിയതിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു.ശ്രീലങ്കയിലേക്ക് ആളുകൾ വരാൻ മടിച്ചിരിക്കുന്ന സമയമാണിത്. എല്ലാവരുടേയും ആശങ്കകളെല്ലാം മാറാൻ മമ്മൂട്ടിയേപ്പോലൊരു താരത്തിന്റെ വരവ് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി ഫോണിൽ പറഞ്ഞു.

ഒപ്പം മമ്മൂട്ടിക്ക് ഭക്ഷണത്തോടുള്ള പ്രിയം പ്രസിദ്ധമാണല്ലോ നല്ല ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നയാളാണ് അദ്ദേഹം. എന്നാൽ എത്ര രുചിയുള്ളതാണെങ്കിലും മനസിലുറപ്പിച്ചിട്ടുള്ള അളവിനപ്പുറം ഒരു അംശം പോലും മമ്മൂട്ടി കഴിക്കുകയുമില്ല.ശ്രീലങ്കയിൽ എത്തിയപ്പോഴും അവിടത്തെ തനതു രുചി ആസ്വദിക്കാൻ മമ്മൂട്ടി മറന്നില്ല.പ്രശസ്തമായ ഹോട്ടലിൽ തീ്ന്മേശയ്ക്ക് മുന്നിലിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രവും ഇപ്പോൾ സമൂഹമാധ്യങ്ങളിൽ വൈറലാണ്.

ലഭിക്കാവുന്നതിൽ ഏറ്റവും വലിയ ഞണ്ട് വിഭവവും ഒരുക്കിയിരു്ന്നു. ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരങ്ങളായ കുമാർ സംഗക്കാരയുടെയും മഹേല ജയവർദ്ധനയുടെയും പ്രശസ്തമായ ഹോട്ടലായ മിനിസ്ട്രി ഒഫ് ക്രാബിലാണ് മമ്മൂട്ടി എത്തിയത്. ഞണ്ട് വിഭവങ്ങൾക്ക് പേരുകേട്ട ഹോട്ടൽ ശൃംഖലയാണ് മിനിസ്ട്രി ഒഫ് ക്രാബ്. ഇന്ത്യയിൽ മുംബയിലും ഹോട്ടലിന് ഔട്ട്ലെറ്റുണ്ട്.പെപ്പർ ക്രാബ്, ഗാർലിക് ചില്ലി ക്രാബ്, കറി ക്രാബ്, ബട്ടർ ക്രാബ്, ബേക്ക്ഡ് ക്രാബ്, അവക്കാഡോ ക്രാബ് സലാഡ്, ക്രാബ് ലിവർ പേറ്റ് എന്നിവയാണ് ഇവിടുത്തെ സ്‌പെഷ്യൽ വിഭവങ്ങൾ. 500 ഗ്രാം മുതൽ രണ്ട് കിലോവരെയുള്ള ഞണ്ടുകൾ ആവശ്യ പ്രകാരം പ്‌ളേറ്റിലെത്തും.

കഴിഞ്ഞദിവസം മുൻ ക്രിക്കറ്റ് താരവും ശ്രീലങ്കയുടെ ടൂറിസം അംബാസഡറുമായ സനത് ജയസൂര്യ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും ജയസൂര്യ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയിൽ നിന്നുള്ള എല്ലാ താരങ്ങളേയും സുഹൃത്തുക്കളേയും ശ്രീലങ്കയിലേക്ക് ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എം ടി. വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സ് തയ്യാറാക്കുന്ന ആന്തോളജിയിലെ ഒരു ചിത്രമാണ് 'കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്'. രഞ്ജിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'നിന്റെ ഓർമ്മയ്ക്ക്' എന്ന ചെറുകഥയുടെ തുടർച്ചയെന്നോണം എം ടി. എഴുതിയ ചെറുകഥയാണ് കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്.

ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് കടുഗണ്ണാവ. ശ്രീലങ്കയിൽ ജോലിചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകൾ എന്ന് കരുതപ്പെടുന്ന പെൺകുട്ടിയെക്കുറിച്ചുള്ള ഒരു മുതിർന്ന പത്രപ്രവർത്തകന്റെ ഓർമ്മയാണ് 'കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്'. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന വേണുഗോപാൽ പഴയ ഓർമ്മകളെ പൊടിതട്ടിയെടുക്കുകയാണ് ചിത്രത്തിൽ. ഈ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.എം ടിയുടെ പത്ത് കഥകളാണ് സിനിമയാകുന്നത്. അഭയം തേടി, ഓളവും തീരവും, ഷെർലക്ക്, ശിലാലിഖിതം തുടങ്ങിയവയാണ് സിനിമയാകുന്ന മറ്റുചിത്രങ്ങൾ.