- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ; ആലപ്പുഴ ജില്ലാ പ്രസിഡന്റ് കസ്റ്റഡിയിൽ; കുട്ടിയുടെ മാതാപിതാക്കളെ പ്രതി ചേർക്കുന്നതിൽ തീരുമാനം പിന്നീട്
ആലപ്പുഴ: ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കൊച്ചു കുട്ടിയെക്കൊണ്ട് മതവിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ ഒരാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിന്റെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്നലെയാണ് കസ്റ്റഡിയിൽ എടുത്തത്. മതവിദ്വേഷം പരത്തുന്ന മുദ്രാവാക്യം വിളിച്ച കുട്ടിയെ പ്രോത്സാഹിപ്പിച്ചത് അൻസാർ ആണെന്നാണ് പൊലീസ് പറയുന്നത്,
കുട്ടിയെ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അൻസാറിനെ ഇന്നു പുലർച്ചെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വൈകിട്ട് ആലപ്പുഴ നഗരത്തിൽ പ്രകടനം നടത്തിയിരുന്നു.
കുട്ടിയെ കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.എ.നവാസിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടു വന്നവർക്കും സംഘാടകര്ക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിപാടിയുടെ സംഘടന ചുമതലയുണ്ടായിരുന്ന പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസിനെ കസ്റ്റഡിയിലെടുത്തത്.
അമ്പലപ്പുഴയിലെ വീട്ടിലെത്തിയായിരന്നു അറസ്റ്റ്. അൻസാറിനെ പുലർച്ചെ ഈരാറ്റുപേട്ടിയിലെ വീട്ടിൽ നിന്നാണ് പിടികൂടിയത്. ഇരുവരെയും സൗത്ത് പൊലീസ് സ്റ്റഷനിൽ ചോദ്യം ചെയ്തു വരികയായിരുന്നു. പിന്നീട് വൈകുന്നേരത്തോടെ അൻസാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ അന്വേഷണത്തിന് ശേഷമേ കുട്ടിയുടെ മാതാപിതാക്കളെ പ്രതിചേർക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കൂ എന്ന് ജില്ലാ പൊലീസ് മേധാവി ജി.,ജയദേവ് അറിയിച്ചു.
കുട്ടിക്കൊപ്പം മുദ്രാവാക്യം വിളിക്കുന്ന ആളുകളെ ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിന് ശേഷം ഇവരെയും കസ്റ്റഡിയിലെടുക്കും. ഇതിനിടെ കുട്ടി വിളിച്ച മുദ്രാവാക്യം സംഘടനയുടെത് അല്ലെന്നും മുദ്രാവാക്യത്തോട് യോജിപ്പില്ലെന്നും വിശദീകരിച്ച് പോപ്പുലർ ഫ്രണ്ട് നേതൃത്വം രംഗത്തെത്തി. ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് മുസ്ലിം വിരുദ്ധ പ്രചാരണത്തിന് ശ്രമിക്കുകയാണെന്നും സംഘടന കുറ്റപ്പെടുത്തി.
ആലപ്പുഴയിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന റാലിക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സമൂഹത്തിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചുവെന്ന കുറ്റംചുമത്തിയാണ് കേസ്.
സംഭവത്തിൽ ആദ്യം നടപടിയെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. തുടർന്ന് പ്രതിഷേധം കനത്തതോടെയാണ് നടപടി സ്വീകരിച്ചത്. കുട്ടിയെ തിരിച്ചറിഞ്ഞാൽ മാതാപിതാക്കളേയും പ്രതിചേർക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.
അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണമെന്നും നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നുമാണ് റാലിക്കിടെ കുട്ടി മുദ്രാവാക്യം വിളിച്ചത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ തോളിലിരുന്ന് മുന്നോട്ടു നീങ്ങുന്നതിനിടെയാണ് കുട്ടി മുദ്രാവാക്യം വിളിച്ചത്. ഇത് കൂടാതെ ബാബറി വിഷയവും മുദ്രാവാക്യത്തിൽ പരാമർശിക്കുന്നുണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നു. കുട്ടികളെ റാലിയിൽ പങ്കെടുപ്പിക്കുന്നതിൽ ഹൈക്കോടതിയും അതൃപ്തി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ