- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹിതയായ യുവതിയുടെ ആത്മഹത്യയിൽ യുവാവ് അറസ്റ്റിൽ; പെൺകുട്ടിയുടെ ചിത്രങ്ങൾ ഭർത്താവിന് വാട്‌സ് ആപ്പിലൂടെ അയച്ചുകൊടുത്തത് ആത്മഹത്യക്കു കാരണം: യുവാവിന്റെ കെണിയിൽ കുടുങ്ങിയത് നിരവധി പെൺകുട്ടികൾ
മലപ്പുറം: പണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിനിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻകാമുകനും പ്രദേശവാസിയുമായ യുവാവ് അറസ്റ്റിൽ. പാണ്ടിക്കാട് കൊടശ്ശേരി പത്തായപ്പുരയ്ക്കൽ ജാബിറി(22)നെയാണ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പൊലീസ് അറസ്റ്റു ചെയ്ത് റിമാൻഡിലടച്ചത്. ഒളിവിൽ കഴിഞ്ഞിരുന്ന ജാബിർ പൊലീസ് വലയിലായതോടെ ഞെട്ടിക്കുന്ന വിവരങ്
മലപ്പുറം: പണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിനിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻകാമുകനും പ്രദേശവാസിയുമായ യുവാവ് അറസ്റ്റിൽ. പാണ്ടിക്കാട് കൊടശ്ശേരി പത്തായപ്പുരയ്ക്കൽ ജാബിറി(22)നെയാണ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പൊലീസ് അറസ്റ്റു ചെയ്ത് റിമാൻഡിലടച്ചത്.
ഒളിവിൽ കഴിഞ്ഞിരുന്ന ജാബിർ പൊലീസ് വലയിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു പുറത്തായത്. വിവാഹിതയായ യുവതിയുടെ കൂടെയുള്ള വിവിധ തരത്തിലുള്ള ഫോട്ടോകളും യുവതിയുമായി ചാറ്റ് ചെയ്ത വാട്‌സ് ആപ്പ് സന്ദേശങ്ങളും ഭർത്താവിന് അയച്ചു കൊടുക്കുകയും ഫോട്ടോ കാണിച്ച് ജാബിർ യുവതിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ജാബിറിന്റെ വിവാഹാഭ്യാർത്ഥന നിരസിച്ചതോണ് ഇത്തരം കുറ്റകൃത്യത്തിന് മുതിർന്നതെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു. പ്രണയം നടിച്ചെത്തുന്ന കാമുകന്മാർക്കു മുന്നിൽ വഞ്ചിതരാകുന്ന അനേകം പെൺകുട്ടികളിൽ ഒരാളായിരുന്നു പാണ്ടിക്കാട്ടുകാരിയായ ഈ പത്തൊമ്പതുകാരിയും. ജീവിതത്തിലേക്ക് കാലെടുത്ത് വച്ചപ്പോൾത്തന്നെ ഈ പെൺകുട്ടിയുടെ മോഹങ്ങളെല്ലാം തകർന്നടയുകയായിരുന്നു.
നവംബർ അഞ്ചിനായിരുന്നു പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശി ഫാത്തിമ സുഫിന(19)യെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് യുവതിയുടെ ബന്ധുക്കൾ ജാബറിനെതിരെ പരാതിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. യുവതിയുടെ മരണ ശേഷം ജാബിറിനെ നാട്ടിൽ നിന്നും കാണാതായത് പൊലീസിന് ഇയാളുടെ മേലുള്ള സംശയം ഇരട്ടിപ്പിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി ജാബിറിന്റെ കൂട്ടുകാരിൽ നിന്നും യുവതിയുടെ ബന്ധുക്കളിൽ നിന്നും ജാബിറിനെ കുറിച്ച് ശേഖരിച്ച വിവരങ്ങൾ പൊലീസിന് നിർണായകമായി. ഇതോടെ സൈബർ സെല്ലിന്റെ സഹായത്തോടെ പാണ്ടിക്കാട് എസ്.ഐ ബേസിൽ തോമസും സംഘവും കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടുകയായിരുന്നു. എറണാകുളം, തിരുവനന്തപുരം, ഗൂഢല്ലൂർ എന്നീ സ്ഥലങ്ങളിൽ മാറി മാറി ഒളിവിൽ കഴിഞ്ഞിരുന്നു ജാബിർ. തന്ത്രപരമായി നാട്ടിലേക്കെത്തിച്ചായിരുന്നു പൊലീസ് വലയിലാക്കിയത്.
യുവതിയുമായി ജാബിർ കഴിഞ്ഞ രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. യുവതിയുടെ വീട്ടുകാരെ സമീപിച്ച്് വിവാഹാഭ്യാർത്ഥന നടത്തുകയും ചെയ്തിരുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ ജാബിറിന് വേറെയും കാമുകിമാർ ഉണ്ടെന്ന് മനസിലാക്കിയതിനെ തുടർന്ന് ഈ വിവാഹത്തിൽ നിന്ന് യുവതിയെ പിൻതിരിപ്പിക്കുകയായിരുന്നു. പിൻതിരിയാൻ വിസമ്മതിച്ചിരുന്ന യുവതിയെ ചെറുക്കന്റെ സ്വഭാവ ദൂഷ്യങ്ങൾ ബോധ്യപ്പെടുത്തി മറ്റൊരു വിവാഹത്തിന് വീട്ടുകാർ സമ്മതിപ്പിക്കുകയായിരുന്നു. ഏതാനും മാസങ്ങളായി വിവാഹിതയായി കഴിയുകയായിരുന്ന യുവതിയെ പഴയ ഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും വശീകരിക്കാൻ ശ്രമിക്കുകയുമായിരുന്നത്രെ.
പിതാവ് ഗൾഫിലായിരുന്ന യുവതി ഐഫോണിൽ നിന്നും നിരവധി ഫോട്ടോകളും വാട്‌സ് ആപ്പിലൂടെ സന്ദേശങ്ങളും കൈമാറിയിരുന്നു. ജാബിറിന്റെ സൗഹൃദത്തിലും പ്രണയത്തിലും വിശ്വസിച്ച് സ്വന്തം ശരീര ഭാഗങ്ങളുടെ വ്യത്യസ്ത ഫോട്ടോകൾ അയച്ചു നൽകിയ യുവതി യഥാർത്ഥത്തിൽ വഞ്ചിക്കപ്പെടുകയായിരുന്നു. ഈ ഫോട്ടോകൾ ജാബിർ യുവതിയുടെ ഭർത്താവിന് അയയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ ഭർത്താവും കാമുകനും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തുകയും യുവതി മനംനൊന്ത് ആത്മഹത്യ ചെയ്യുകയുമായിരുന്നു.
യുവതി വിവാഹത്തിനു മുമ്പ് ജാബിറിനു അയച്ചു നൽകിയ ഫോട്ടോ സുഹൃത്തുക്കൾക്ക് കൈമാറിയതായും പൊലീസിനു തെളിവു ലഭിച്ചു. കൂടാതെ ജാബിറിന് വേറെ രണ്ടു കാമുകിമാർ നിലവിൽ ഉള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ഗതി മറ്റു പെൺകുട്ടികൾക്ക് വരാതിരിക്കാൻ പൊലീസ് ഈ പെൺകുട്ടികളെയും രക്ഷിതാക്കളെയും ഇന്നലെ പൊലീസ്‌സ്‌റ്റേഷനിലേക്ക് രഹസ്യമായി വിളിപ്പിക്കുകയും നിജസ്ഥിതി ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
നിരവധി പെൺകുട്ടികളുമായും 35 വയസിനു മുകളിലുള്ള സ്ത്രീകളുമായും ജാബിറിന് നിരന്തര ബന്ധമുണ്ടായിരുന്നതായി സൈബർസെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ടെന്ന് എസ്.ഐ ബേസിൽ തോമസ് മറുനാടൻ മലയാളിയോടു പറഞ്ഞു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്ഡ് ചെയ്തു. ക്രൈം സ്‌ക്വാഡ് അംഗങ്ങളായ വി.മൻസൂർ, ഫാസിൽ കുരിക്കൾ, അലവി, സജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.