തിരുവനന്തപുരം: സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പീഡനത്തിന് ഇരയായ പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നേമം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തുകയും യുവാവിനെ അറസ്റ്റു ചെയ്യുകയും ചെയ്തത്. വെള്ളായണി കീർത്തിനഗറിൽ വിമൽ കുമാറിനെ (30)യാണ് പീഡന കേസിൽ അറസ്റ്റു ചെയ്തത്. യുവാവ് തന്നെ പലതവണ പീഡിപ്പിച്ചതായി ഇരയാക്കപ്പെട്ട പെൺകുട്ടി പൊലീസിൽ മൊഴി നൽകി. ഇതേതുടർന്നാണ് വിമലിനെ അറസ്റ്റു ചെയ്തത്.

പെൺകുട്ടിയുടെ സഹോദരന്റെ അടുത്ത സുഹൃത്തായിരുന്നു വിമൽ. പെൺകുട്ടി തനിച്ചുള്ള സമയം സുഹൃത്തിനെ കാണാൻ എന്ന വ്യാജേന എത്തിയാണ് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പീഡന വിവരം പുറത്തു പറഞ്ഞാൽ നഗ്‌ന ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവാഹിതനായ ഇയാൾ ഭാര്യയുമായി അകന്നു താമസിക്കുകയാണ്. സ്വകാര്യ ചാനലിലെ ജീവനക്കാരനായിരുന്ന ഇയാളെ ഏതാനും ആഴ്ചകൾക്ക് മുമ്പ് പുറത്താക്കിയിരുന്നു. ഇയാൾ പല പെൺകുട്ടികളെയും പ്രണയം നടിച്ച് വശീകരിച്ചിരുന്നതായും സൂചനകൾ ലഭിച്ചിട്ടുണ്ട്.

പൊലീസ് അന്വേഷിക്കുന്നതറിഞ്ഞു ഒളിവിൽ പോയ പ്രതിയെ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ജെ.കെ.ദിനിൽ, നേമം പൊലീസ് ഇൻസ്പെക്ടർ കെ. പ്രദീപ്, സബ് ഇൻസ്പെക്ടർമാരായ എസ്.എസ്. സജി, എസ്.വിമൽ, സിവിൽ പൊലീസ് ഓഫീസർമാരായ ബിമൽ മിത്ര, ശ്രീകാന്ത്.സി.എസ്, സന്തോഷ് പി.എസ്. എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പൂജപ്പുര പൊലീസ് സ്റ്റേഷൻ ക്രൈം 479/11 ൽ പൂജപ്പുര സ്വദേശിയായ ശിവപ്രസാദിന് ബൈക്കിൽ ലിഫ്റ്റ് നല്കി കയറ്റികൊണ്ടുപോയി ബാഗും അതിലുണ്ടായിരുന്ന 8000 രൂപയും കവർച്ച ചെയ്തതിനും കരമന പൊലീസ് സ്റ്റേഷൻ ക്രൈം 498/11 ൽ തിരുമല സ്വദേശിയായ വിഷ്ണു എന്ന ബാലനെ ബൈക്കിൽ കയറ്റികൊണ്ടുപോയി സ്വർണമാല കവർച്ച ചെയ്തതിനും കരമന പൊലീസ് സ്റ്റേഷൻ ക്രൈം 273/11 ൽ തളിയൽ സ്വദേശിയായ ധനരാജിന്റെ ബൈക്ക് മോഷണം ചെയ്തതിനും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.