കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് വി.പി.സി മൊയ്തുവിനെ കാറിലെത്തിയ സംഘം വെട്ടിപ്പിരിക്കേൽപിച്ചതിനു പിന്നിൽ പണം തട്ടുകയായിരുന്നു ലക്ഷ്യമെന്ന് മുഖ്യപ്രതിയുടെ മൊഴി. ഇന്നലെ പിടിയിലായ വടകര ബീച്ച്‌റോഡ് മലയിൽ മഹ്‌റൂഫ് എന്ന മനാഫ്(30) ആണ് ഇക്കാര്യം പൊലീസിൽ സമ്മതിച്ചത്.

കേസിലെ മുഖ്യപ്രതിയും ആസൂത്രകനുമാണ് മനാഫ്. ഇയാളെ വയനാട്ടിലെ ഒരു റിസോർട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടികൂടിയത്. സംഭവം നടന്ന് രണ്ടുമാസം തികയുമ്പോഴാണ് കേസിലെ മുഖ്യസൂത്രധാരൻ അറസ്റ്റിലാകുന്നത്. വടകര ടൗണിൽ ധനകാര്യ സ്ഥാപനം നടത്തി വരികയായിരുന്നു മുസ്ലിംലീഗ് നേതാവുകൂടിയായ വി.പി.സി മൊയ്തു. ഡിസംബർ 16ന് രാത്രി 9.30ന് സ്ഥാപനം പൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൊയ്തുവിനെ കാറിലെത്തിയ സംഘം വീടിന് മുൻവശത്തുവച്ച് തലയിൽ തുണിയിട്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും കയ്യിലുണ്ടായിരുന്ന നാലുലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു. വ്യാപാരികളെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു ഇത്. സംഭവത്തിനു പിന്നിൽ രാഷ്ട്രീയ പകപോക്കലോ ബിസിനസ് വൈരാഗ്യമോ ആണെന്ന അഭ്യൂഹങ്ങളും പടരുന്നതിനിടെയാണ് സംഭവത്തിന് മുഖ്യ സൂത്രധാരൻ പിടിയിലായിരിക്കുന്നത്.

കൃത്യം നടത്തിയ ശേഷം പ്രതികൾ കോഴിക്കോട്, മാനന്താവാടി, കുട്ട വഴി കർണാടകയിലേക്ക് കടന്ന് ചിക്കമംഗളുരുവിലെത്തി ഇവിടെ വച്ച് പലവഴിക്ക് പിരിയുകയാണുണ്ടായത്. പ്രതി മനാഫും രണ്ടു പേരും ഗോവ വഴി മുംബൈയിലേക്ക് കടന്നു. വീണ്ടും ചിക്കമംഗളുരുവിലെത്തിയ പ്രതികളിൽ ചിലർ ഇഞ്ചിത്തോട്ടത്തിൽ കാർ ഒളിപ്പിക്കുകയും ദിവസങ്ങളോളം അവിടെ തങ്ങിയിരുന്നതായും പൊലീസിനു മൊഴി ലഭിച്ചു. വടകര സി.ഐ പി.എം മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിന്തുടർന്നിരുന്നു. എന്നാൽ ഈ വിവരം ലഭിച്ച പ്രതികൾ കാർ തോട്ടത്തിൽ ഉപേക്ഷിച്ച് വിവിധ ഇടങ്ങളിലേക്ക് പിരിയുകയായിരുന്നു. പിന്നീട് മനാഫ് വയനാട്ടിലെത്തുകയും കാർ ഡ്രൈവർ അനീഷ് തോമസിനൊപ്പം മട്ടാഞ്ചേരിയിലേക്ക് മടങ്ങുകയുമായിരുന്നു. എറണാകുളത്തു നിന്നുള്ള പ്രതികൾ കേസിൽ ഉൾപ്പെട്ടിരുന്നതായി പൊലീസ് നേരത്തെ വിവരം ലഭിച്ചിരുന്നു. എന്നാൽ ഇതുകൊച്ചി കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘമാണെന്നും അന്വേഷണസംഘം സംശയിക്കുകയുണ്ടായി. തുടർന്ന് എറണാകുളം കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഫലം കാണാതെ പൊലീസ് ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.

വയനാട് തിരുനെല്ലിയിലെ ഉൾപ്രദേശത്തുള്ള റിസോർട്ടിൽ വച്ചാണ് പ്രതി മനാഫ് പിടിയിലായത്. 12,500 രൂപയും പാസ്‌പോർട്ടും മൊബൈൽ ഫോണും ഇയാളിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ ആയിരത്തിലേറെ ഫോൺകോളുകൾ നിരീക്ഷിച്ചതിനു ശേഷമാണ് പ്രതി തിരുനെല്ലിയിലെ റിസോർട്ടിൽ ഉണ്ടെന്ന് പൊലീസിന് മനസിലായത്. പ്രതിയെ ഇന്ന് വടകര ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ തിരിച്ചറിയൽ പരേഡിനു വിധേയമാക്കുമെന്നും വടകര സി.ഐ മറുനാടൻ മലയാളിയോടു പറഞ്ഞു.ആറംഗ സംഘമായിരുന്നു സംഭവത്തിനു പിന്നിൽ. ദുബായിൽ ജോലിചെയ്യുമ്പോഴാണ് ഇവർ പരിചയപ്പെടുന്നത്. രണ്ടു വർഷക്കാലത്തെ പരിചയമാണ് പ്രതികൾ തമ്മിലുണ്ടായിരുന്നത്. വിദേശ കറൻസി വിനിമയ സ്ഥാപനത്തിന്റെ ഉടമയാണ് അക്രമത്തിനിരയായ മൊയ്തു. മൊയ്തുവിന്റെ കയ്യിൽ ലക്ഷങ്ങൾ ഉണ്ടാകുമെന്ന് പ്രതികൾ മനസിലാക്കിയിരുന്നു. ഈ വിവരം മനാഫ് മറ്റുള്ളവരെ അറിയിക്കുകയും കൃത്യം നടത്തുന്നതിനായി പലതവണ ഗൂഢാലോചന നടത്തുകയും ചെയ്തു.

പത്തു ലക്ഷത്തിൽ കുറയാത്ത തുക കവർച്ച ചെയ്യാൻ പറ്റുമെന്ന കണക്കുകൂട്ടലിലായിരുന്നു പ്രതികൾ കൃത്യത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. എന്നാൽ ആ ദിവസം പതിവിനു വിപരീതമായി നാലു ലക്ഷം രൂപ മാത്രമാണ് മൊയ്തു കയ്യിൽ കരുതിയിരുന്നത്. ഇത് അക്രമികൾ തട്ടിയെടുക്കുകയും ചെയ്തു. നാട്ടുകാരായ ചിലരുടെ സഹായം സംഘത്തിന് ലഭിച്ചിരുന്നതായി നേരത്തെ മൊയ്തു പൊലീസിൽ പറഞ്ഞിരുന്നു. കേസിൽ മൂന്നു പേർ വടകര സ്വദേശികളാണെന്നത് ഈ വാദം ശരിവയ്ക്കുന്നു. സ്ഥാപനം പൂട്ടി വീട്ടിലേക്കു വരുന്ന മൊയ്തുവിനെ കാണിച്ചു കൊടുക്കുകയും ചെയ്ത വടകര ബീച്ച് റോഡ് സ്വദേശി ചാത്തോത്ത് മുഹമ്മദ് അറഫാത്ത്, മൊയ്തുവിനെ വെട്ടാൻ മുഖത്ത് തുണിയിട്ട എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി അനീഷ് തോമസ് എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇനി സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർകൂടി പിടിയിലാകാനുണ്ട്. ഇതിൽ എറണാകുളം സ്വദേശിയായ റുമൈസ് ദുബായിലേക്ക് കടന്നതായി പൊലീസിനു വിവരം ലഭിച്ചു. എറണാകുളം സ്വദേശി സജീറും വടകരക്കാരനായ മറ്റൊരാളുമാണ് മറ്റു രണ്ട് പ്രതികൾ. ഈ മൂന്നു പ്രതികൾക്കായി ലുക്ക് ഒട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.