കോതമംഗലം: അക്രമിയെ കീഴ്‌പ്പെടുത്തി അറുപതുകാരി മാനം കാത്തു. ഉറങ്ങിക്കിടക്കവെ ബലപ്രയോഗത്തിലൂടെ തന്നെ കീഴപ്പെടുത്താനെത്തിയ സമീപവാസിയായ 55കാരനെയാണ് നിന്ന് തിരിയാൻ സമയം കൊടുക്കാതെ വീട്ടമ്മ നിമിഷങ്ങൾക്കുള്ളിൽ നിലംപരിശാക്കിയത്.

ടോർച്ച് വെട്ടത്തിൽ എതിരാളിയുടെ മുഖത്ത് ആഞ്ഞടിച്ചു. ഇതും പോരാഞ്ഞ് വീടുപണിക്കായി മുറിക്കുള്ളിൽ സംഭരിച്ചിരുന്ന പാറപ്പൊടിവാരി മുഖത്തെറിഞ്ഞു. പിടിവലിക്കിടയിൽ കിട്ടിയിടത്തെല്ലാം കടിച്ചും മാന്തിയും ചെറുത്തുനിന്നു. അപ്രതീക്ഷിത ആക്രമണത്തിൽ ആഗതൻ പകച്ചുനിൽക്കവേ വീട്ടിൽ നിന്നറങ്ങിയോടി അയൽവീട്ടിൽ അഭയം തേടിയാണ് ഇവർ രക്ഷപ്പെട്ടത്. കാട്ടിൽക്കയറി രക്ഷപ്പെട്ട പ്രതി പിന്നീട് ഓടി വീണതിന്റെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോൾ പൊലീസ് പിടിയിലായി.

ഊന്നുകൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ നേര്യമംഗലത്താണ് സംഭവം. തന്നെ ലൈംഗികമായി ചൂഷണം ചെയ്യാനെത്തിയ സമീപവാസിയെയാണ് വീട്ടമ്മ കൈക്കരുത്തും മനോബലവും കൊണ്ട് നേരിട്ട് തറപറ്റിച്ചത്. വയോധികയും മകനുമാണ് വീട്ടിൽ താമസിച്ചിരുന്നത്. മകൻ സമീപത്തെ വീട്ടിൽ നടന്ന കല്യാണചടങ്ങുകളിൽ പങ്കെടുക്കാൻ പോയ തക്കം നോക്കിയാണ് രവി അറുപതുകാരിയെ ലക്ഷ്യമിട്ട് ഇവിടെയെത്തിയത്.

പിറ്റേന്ന് വീട്ടമ്മ നൽകിയ പരാതിയുടെ വെളിച്ചത്തിൽ ഊന്നുകൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോൾ രവി സമീപത്തെ വനത്തിൽക്കയറി. പൊലീസ് വ്യാപകമായി അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല.

കാട്ടിലെ ഒളിയിടത്തിലെത്തിയ കാട്ടുപന്നിയുടെ ആക്രണത്തിൽ നിന്ന് രക്ഷപെടുന്നതിനായി ഓടുന്നതിനിടെ വീണ് രവിയുടെ കാൽമുട്ട് തകർന്നിരുന്നു.ഇത് ചികത്സിക്കുന്നതിനായി പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇയാൾ കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തി. വിവരമറിഞ്ഞ എസ് ഐ ടി എം സൂഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിൽ നിന്നും ഇയാളെ പൊക്കി.

തന്നെ അക്രമിക്കാനെത്തിയ ആളെക്കുറിച്ച് വീട്ടമ്മ നൽകിയിരുന്ന സൂചനകളാണ് അന്വേഷണം രവിയിലേക്കെത്താൻ കാരണം. ചോദ്യം ചെയ്യലിൽ സംഭവദിവസം നടന്ന കാര്യങ്ങൾ രവി വിശദീകരിച്ചു. തെളിവെടുപ്പിൽ ഇത് വാസ്തവമാണെന്ന് ബോദ്ധ്യമാവുകയും ചെയ്തു. തുടർന്നാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു.