മലപ്പുറം:അരയിൽ സ്‌ഫോടകവസ്തുവച്ച് ബന്ധുവിനെ ചേർത്തുപിടിച്ച് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു. വാണിയമ്പലം അങ്ങാടിയിൽ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. അരയിൽ സ്‌ഫോടകവസ്തു വച്ച് തീകൊളുത്തി മനുഷ്യബോംബായി മാറിയാണ് വയോധികൻ ബന്ധുവിനെ കയറിപ്പിടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ബോംബ് എരിയുന്നത് കണ്ട് കുതറിയോടിയ ബന്ധുവും സമീപത്തുണ്ടായിരുന്നവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

വയനാട് സ്വദേശിയും, വാണിയമ്പലത്തു താമസക്കാരനുമായ അബ്ദുൽ സലീം (60) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ സഹോദരന്റെ മകന് ഷറഫുദ്ദീനെ കൊലപ്പെടുത്താനുള്ള ശ്രമമാണ് ചാവേറാക്രമണ സമാനമായ സംഭവത്തിൽ കലാശിച്ചത്. സലീം അരയിൽ സ്ഫോടക വസ്തുവുമായി ഷറഫുദ്ദീന്റെ കടയിലെത്തിയത്.

ഷറഫുദ്ദീനുമായി വാക്കേറ്റമുണ്ടാക്കിയ ശേഷമായിരുന്ന ഇയാൾ മനുഷ്യബോംബായി മാറിയത്. ഇയാൾ കല്ലു കൊണ്ട് തലക്കടിച്ച് ഷറഫുദ്ദീനെ പിന്നില് നിന്നും ചേർത്തു പിടിച്ചതോടെ കടയിലെ മറ്റു ജോലിക്കാരും, സമീപത്തുണ്ടായിരുന്നവരും ഇടപെട്ടു ഇയാളെ മോചിപ്പിക്കാൻ ശ്രമിച്ചു. ഈ സമയത്താണ് അരയിൽ തോട്ടയുടെ തിരി പുകയുന്നത് കണ്ടത്. ഇതോടെ ഷറഫുദ്ദീനും,സമീപത്തുള്ളവരുമെല്ലാം കുതറിയോടുകയായിരുന്നു.

ഉടൻ തന്നെ ഉഗ്ര ശബ്ദത്തോടെ സലീം പൊട്ടിത്തെറിച്ചുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സലീമിന്റെ അരക്ക് താഴെയുള്ള ശരീര ഭാഗം പൂർണമായും ഛിന്നഭിന്നമായി. ആക്രമണത്തിനിടെ തലക്ക് നിസ്സാര പരിക്കേറ്റ ഷറഫുദ്ദീനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.