ചേർത്തല: സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവച്ച് 20 ലക്ഷം രൂപ കൈക്കലാക്കിയെന്ന ആരോപണ വിധേയനായ വ്യക്തി തൂങ്ങിമരിച്ച നിലയിൽ. സ്വകാര്യ ധനരകാര്യ സ്ഥാപന ഉടമയാണ് സ്വന്തം കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഏറെയുള്ളതായി ബന്ധുക്കൾ ആരോപിക്കുന്നു. ധന്വന്തരി ഫിനാൻസിയേഴ്‌സ് ഉടമ ചേർത്തല നഗരസഭ 13ാം വാർഡ് തകിടിപറമ്പിൽ എം.സരൾകുമാർ (കുട്ടാമണി42) ആണ് മരിച്ചത്.

ചേർത്തല ശ്രീകണ്ഠമംഗലം സർവീസ് സഹകരണ ബാങ്കിലാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ 24ന് ഓഡിറ്റർമാരുടെ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഇതിനുശേഷം സരൾകുമാറിനെക്കുറിച്ച് വിവരമില്ലായിരുന്നു. എന്നാൽ, 25ന് തന്നെ സരൾകുമാറിന്റെ ബന്ധുക്കൾ 20 ലക്ഷം രൂപ ബാങ്കിൽ അടച്ച് ബാധ്യത തീർത്തതായി ബാങ്ക് പ്രസിഡന്റ് ആർ. ശശിധരൻ പറഞ്ഞു. എന്നാൽ, തട്ടിപ്പ് സംബന്ധിച്ച് ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടില്ല. തട്ടിപ്പിലും സരൾകുമാറിന്റെ മരണത്തിലും ദുരൂഹതകളുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

ഓഡിറ്റർമാരുടെ പരിശോധനയിൽ ബാങ്കിന്റെ പതിനൊന്നാം മൈൽ ശാഖയിലും പിന്നീട് മരുത്തോർവട്ടം ശാഖയിലുമാണ് മുക്കുപണ്ടം പണയം വച്ചതായി കണ്ടെത്തിയത്. സരൾകുമാറിനെ കാണാനില്ലെന്നുകാട്ടി ഭാര്യ രാഖി 24ന് ചേർത്തല പൊലീസിൽ പാരാതിയും നല്കിയിരുന്നു. പലയിടത്തും നടത്തിയ പരിശോധനയ്ക്കിടയിലാണ് 26ന് സ്വന്തം സ്ഥാപനം നില്കുന്ന കെട്ടിടത്തിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ബാങ്കിന് ഒരുതരത്തിലുള്ള നഷ്ടവും വന്നിട്ടില്ലെന്നും ഇത്തരത്തിൽ പണയമിടപാട് നടത്താൻ ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ബാങ്ക് പ്രസിഡന്റ് അറിയിച്ചു. ബാങ്കിലെ മുഴുവൻ സ്വർണവും പരിശോധിച്ചാൽ മാത്രമെ യഥാർത്ഥ കണക്കുകൾ തെളിയുകയുള്ളുവെന്ന് സഹകരണവകുപ്പധികൃതർ പറഞ്ഞു. ഇതിനായി പരിശോധന നടന്നുവരികയാണെന്നും അവർ പറഞ്ഞു. സംഭവത്തിൽ  ബാങ്കിനെതിരെ സിപിഎമ്മും ബിജെപി.യും സമരം ആരംഭിച്ചിട്ടുണ്ട്.