കോട്ടയം: മകളെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിലെത്തിയ പിതാവ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ വീണ് ദാരുണാന്ത്യം. പിതാവ് വീഴുന്നത് കണ്ട് ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയ മകൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചങ്ങനാശേരി വടക്കേക്കര പാലാത്ര അലക്‌സ് (62) ആണ് മരിച്ചത്. വൈകിട്ട് 4.30ഓടെ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.

കൊച്ചി രാജഗിരി എഞ്ചിനീയറിങ് കോളജിൽ മൂന്നാം വർഷ എഞ്ചിനീയറിങ് വിദ്യാർത്ഥിയായ അൻസയെ (21) യാത്രയാക്കാനാണ് പിതാവ് അലക്‌സ് എത്തിയത്. കന്യാകുമാരി- ബെംഗളൂരു ഐലൻഡ് എക്സ്‌പ്രസിന്റെ എസ് 4 കോച്ചിൽ മകളെ കയറ്റിയ ശേഷം ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിന് ഇടയിലേക്ക് വീഴുകയായിരുന്നെന്നാണ് വിവരം.

ഇതു കണ്ടു നീങ്ങിത്തുടങ്ങിയ ട്രെയിനിൽനിന്ന് അൻസയും പുറത്തേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ ട്രെയിൻ അപായച്ചങ്ങല വലിച്ചു നിർത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അലക്‌സിനെ രക്ഷിക്കാനായില്ല.

അൻസയുടെ തലയ്ക്കാണ് പരിക്ക്. ഇവരെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റെയിൽവേ പൊലീസും ആർപിഎഫും സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.