തിരുവനന്തപുരം: ദമ്പതികളെ ആക്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന യുവാവ് മരിച്ച സംഭവത്തിൽ തിരുവല്ലം പൊലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. തിരുവല്ലം നെല്ലിയോട് ജഡ്ജിക്കുന്ന് സ്വദേശി സുരേഷ് കുമാർ (40) ആണ് മരിച്ചത്. പൊലീസുകാരുടെ മർദനമേറ്റാണ് സുരേഷ് മരിച്ചതെന്നാണ് ഇവരുടെ ആരോപണം. സംഭവത്തിൽ പൊലീസുകാർക്കെതിരേ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വൻ ജനക്കൂട്ടമാണ് തിരുവല്ലം പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്.

മദ്യപിച്ച് പ്രശ്നമുണ്ടാക്കി, ഒരു കുടുംബത്തിന് നേരേ ആക്രമണം നടത്തി തുടങ്ങിയ പരാതിയിൽ ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സുരേഷ് അടക്കം അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇവരെയെല്ലാം സ്റ്റേഷനിൽ എത്തിച്ചു. തിങ്കളാഴ്ച രാവിലെ സ്റ്റേഷനിൽവെച്ച് സുരേഷിന് നെഞ്ചുവേദനയുണ്ടായെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യാത്രാമധ്യേ മരണം സംഭവിച്ചെന്നുമാണ് പൊലീസിന്റെ വിശദീകരണം. സുരേഷിനെ മർദിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.

അതേസമയം, പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോൾ തന്നെ സുരേഷിനെ മർദിച്ചിരുന്നതായി സുഹൃത്തുക്കൾ ആരോപിച്ചു. രാത്രി പൊലീസ് വാഹനത്തിൽ കയറ്റുന്നതിന് മുമ്പ് മർദിച്ചിരുന്നതായും ഇവർ പറയുന്നു. സുരേഷ് അസുഖബാധിതനല്ലെന്നും നെഞ്ചുവേദന വരാൻ സാധ്യതയില്ലെന്നും പൊലീസിന്റെ മർദനമേറ്റാണ് യുവാവ് മരിച്ചതെന്നുമാണ് സുഹൃത്തുക്കളും നാട്ടുകാരും പറയുന്നത്. പൊലീസുകാർക്കെതിരേ നടപടി വേണമെന്നും ആർ.ഡി.ഒ. അടക്കമുള്ളവർ സ്ഥലത്ത് എത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

തിരുവല്ലത്ത് വച്ച് ദമ്പതികളെ ആക്രമിക്കുകയും പണം വാങ്ങുകയും ചെയ്തുവെന്ന പരാതിയിലാണ് കഴിഞ്ഞ ദിവസം അഞ്ചു പേരെ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് രാവിലെ 10.30 നാണ് സുരേഷ് കുമാർ മരിച്ചത്. പ്രതിക്ക് നെഞ്ചുവേദന വന്നതിനെ തുടർന്ന് ആശുപത്രിയിലാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് പൊലീസ് വിശദീകരിച്ചത്.

കസ്റ്റഡിയിലെടുത്ത ഉടനെ പ്രതികളെ വൈദ്യ പരിശോധന നടത്തിയിരുന്നു.അതിൽ കാര്യമായ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. രാവിലെ റിമാൻഡ് ചെയ്യുന്നതിനിടയ്ക്കാണ് നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് സുരേഷ് കുമാർ പറഞ്ഞത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നടത്തിയെങ്കിലും യുവാവ് മരിച്ചു.

ഇന്നലെ വൈകിട്ട് തിരുവല്ലം ജഡ്ജി കുന്നിലെത്തിയ കുടുംബത്തെ ആക്രമിച്ച സംഭവത്തിലാണ് നാല് യുവാക്കളെ തിരുവല്ലം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവർ ലഹരിമരുന്ന് ഉപയോഗിച്ച ശേഷം അമിതമായി മദ്യപിച്ചിരുന്നു. ഈ സമയം ജഡ്ജികുന്നിലെത്തിയ ഒരു കുടുംബത്തിനെ ഇവർ തടഞ്ഞു വയ്ക്കുകയും ആക്രമിക്കുകയും ഒരു പെൺകുട്ടിയുടെ ആഭരണങ്ങൾ കവരാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് രാവിലെയോടെ ഇതിലൊരാൾക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാകാം മരണകാരണം എന്നു ഡോക്ടർമാർ പറയുന്നു.

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇന്ന് രാവിലെയോടെ റിമാന്റ് ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് നെഞ്ചവേദന അനുഭവപ്പെടുന്നതായി സുരേഷ് പറഞ്ഞതെന്ന് പൊലീസ് വിശദീകരിച്ചു. തുടർന്ന് ഉടൻ തന്നെ സർക്കാർ ആശുപത്രിയിലും അനന്തപുരി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുരേഷിനെ മർദ്ദിച്ചിട്ടില്ലെന്ന് പൊലീസ് വിശദീകരിക്കുമ്പോഴും ലോക്കപ്പ് മർദ്ദനത്തെ തുടർന്നാണ് സുരേഷ് മരിച്ചതെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടേയും ആരോപണം.

അതിനിടെ, പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ പൊലീസും ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സുരേഷിനൊപ്പം കസ്റ്റഡിയിലെടുത്ത മറ്റുള്ളവരെ കാണാൻ നാട്ടുകാരിൽ ചിലർക്ക് അവസരം നൽകി. എന്നാൽ പൊലീസ് സ്റ്റേഷനിലുള്ള ഇവർ പേടികാരണം ഒന്നും സംസാരിക്കുന്നില്ലെന്നും കുഴഞ്ഞനിലയിലാണെന്നുമാണ് ഇവരെ സന്ദർശിച്ചശേഷം പുറത്തുവന്നവർ പ്രതികരിച്ചത്. വിവരമറിഞ്ഞ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും തിരുവല്ലം പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. സുരേഷിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.