തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടിൽ കയറിയ യുവാവിന്റെ ജീവൻ രക്ഷിച്ച ജീവനക്കാർക്ക് പാരിതോഷികം പ്രഖ്യാപിച്ച് മന്ത്രി കെ രാജു. മന്ത്രി നേരിട്ടെത്തി ജീവനക്കാരെ അഭിനന്ദിച്ചാണ് ആയിരം രൂപ വീതം പാരിതോഷികവും ഗുഡ് സർവീസ് എൻട്രിയും പ്രഖ്യാപിച്ചത്. ഒരു ജീവൻ രക്ഷിക്കുക എന്നു പറയുന്നത് വലിയ കാര്യമാണെന്നും മൃഗശാലാ ജീവനക്കാരുടെ ഉചിതമായ ഇടപെടൽ അഭിനന്ദനം അർഹിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സിംഹത്തിന്റെ മതിൽ ചാടിക്കടന്ന് യുവാവ് സിംഹത്തിന് സമീപത്തേക്ക് പ്രവേശിച്ചത്. ഈ സമയം ഗ്രേസി എന്ന മൂന്ന് വയസുകാരി പെൺ സിംഹം മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. മൃഗശാലയിൽ ജനിച്ചു വളർന്ന സിംഹമാണ് ഗ്രേസി. പൊതുവേ ശാന്തശീലയായ സ്വഭാവക്കാരിയാണ് അവളെന്നാണ് ജീവനക്കാർ പറയുന്നത്. മറിച്ച് കൂട്ടിലേക്ക് മാറ്റിയ ആഷിഖ് എന്ന ആൺസിംഹമായിരുന്നു കൂട്ടിലെങ്കിൽ കാര്യങ്ങൾ കൂടുതൽ അപകടത്തിലായേനെ എന്നുമാണ് മൃഗശാലാ ജീവനക്കാർ മറുനാടനോട് പറഞ്ഞത്.

ജീവനക്കാർ രക്ഷപെടുത്താൻ ശ്രമിച്ചപ്പോൾ മുരുകൻ 'നിങ്ങൾ പേടിക്കേണ്ട, എനിക്ക് അറിയുന്നതാ, സിംഹത്തെ കൊണ്ടുപോകാൻ വന്നതാണ് എന്നുമായിരുന്നു പറഞ്ഞത്. അപകടകാരിയായ സിംഹക്കുട്ടി ആയതിനാൽ മുരുകനെ രക്ഷിക്കാൻ എളുപ്പം സാധിച്ചെന്നും ജീവനക്കാർ പറഞ്ഞു. ലയൺസ് പാർക്കിലെ തുറന്ന കൂട്ടിൽ പൊതുവേ മറ്റ് സിംഹങ്ങളെയും ഇടാറുണ്ട്. എന്നാൽ, അഞ്ചു വയസുകാരനായ ആശിഖ് തൊട്ടടുത്ത കൂട്ടിലായിരുന്നു. ഈ പാർക്കിൽ ആഷിഖ് ആയിരുന്നെങ്കിൽ കാര്യം വ്യത്യാസമായേനെ. എന്തായാലും അപകടം ഒഴിഞ്ഞ ആശ്വാസത്തിലാണ് ജീവനക്കാർ.

മൃഗശാലയിൽ തന്നെ ജനിച്ചു വളർന്ന സിംഹമാണ് ഗ്രേസി. അതുകൊണ്ട് തന്ന പരിചാരകരെ എല്ലാവരെയും പരിചയമുണ്ട്. ആൾക്കാരെ കണ്ടു വളർന്നതിനാൽ തന്നെയാണ് യുവാവിനെ കണ്ടതു കൊണ്ട് തിരിച്ചു പോകാതിരുന്നകത്. ഗ്രേസി അക്രമാസക്ത അല്ലെന്നാണ് ജീവനക്കാർ പറഞ്ഞത്. ഗ്രേസിയാണ് പാർക്കിൽ ഉള്ളതു കൊണ്ടാണ് ജീവനക്കാർ കൂട്ടത്താടെ യുവാവിനെ രക്ഷിക്കാൻ രംഗത്തിറങ്ങിയതും. അതേസമയം കൂട്ടിലേക്ക് ഒരാൾ ചാടുന്നത് കണ്ട് ഗ്രെയ്‌സി അയാളിൽനിന്ന് പരമാവധി അകലം പാലിക്കുകയാണ് ഉണ്ടായത് എന്ന് ദൃക്‌സാക്ഷികളും പറയുന്നു.

ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് ഒറ്റപ്പാലം സ്വദേശിയായ മുരുകൻ സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്ത് ചാടിയത്. സന്ദർശകർ അകത്തു കടക്കാതിരിക്കാനായി തീർത്ത കിടങ്ങും മുളവേലിയും ചാടിക്കടന്നാണ് ഇയാൾ സിംഹക്കൂട്ടിൽ എത്തിയത്. പതിനഞ്ചടിയോളം താഴ്ചയുള്ള കിടങ്ങിലേക്കുള്ള ചാട്ടത്തിൽ തന്നെ ഇയാൾക്ക് പരിക്കേറ്റിരുന്നു. കാലിന് പരിക്കേറ്റ ഇയാൾ പിന്നീട് മുട്ടുകാലിൽ ഇഴഞ്ഞാണ് സിംഹത്തിന്റെ അടുക്കലേക്ക് പോയത്.

മൃഗശാലയിലേക്ക് സന്ദർശകർ വന്നുതുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. കൂടുകൾ വൃത്തിയാക്കുന്ന സമയമായതിനാൽ സിംഹക്കൂടിന്റെ പരിസര പ്രദേശങ്ങളിൽ തന്നെ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നതും രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്താൻ സഹായകമായി. ഇയാൾ കൂട്ടിലേക്ക് ചാടുന്നത് കണ്ട് മറ്റു സന്ദർശകർ ബഹളംകൂട്ടിയപ്പോൾ തന്നെ സുരക്ഷാജീവനക്കാരെത്തി വയർലെസ് സംവിധാനം വഴി കൂടുതൽ മൃഗശാലാജീവനക്കാരെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

പതിനഞ്ചോളം ജീവനക്കാരാണ് മുരുകനെ രക്ഷപ്പെടുത്താനായി കൂട്ടിലേക്ക് ഇറങ്ങിയത്. നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്ന മുരുകനെ താങ്ങിയെടുത്താണ് ഇവർ പുറത്തെത്തിച്ചത്. രാജീവ്, മധു, അരുൺ, കിരൺ, ബിജു, ഉദയലാൽ, ഹർഷാദ്, ഷൈജു, രതീഷ്, സജീവ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് മുൻകൈയെടുത്തത്. മൃഗശാലാ ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് ഇയാളെ കൃത്യസമയത്ത് രക്ഷിക്കാനും ആശുപത്രിയിൽ എത്തിക്കാനും സഹായകമായത്. രാവിലെ കൂടു വൃത്തിയാക്കാനായി ആഷിഖിനെ മാറ്റിയത് ഭാഗ്യമായെന്നും മൃഗശാല ജീവനക്കാർ പറഞ്ഞു.

ഒറ്റപ്പാലം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ഇന്ന് പത്രങ്ങളിൽ പരസ്യമുണ്ടായിരുന്നു. യുവാവ് തിരുവനന്തപുരത്തുണ്ടെന്ന സൂചനയും ലഭിച്ചിരുന്നു. ഇതിനിടെയാണ് യുവാവ് മൃഗശാലയിൽ എത്തിയതും സിംഹക്കൂട്ടിൽ ചാടിയതും.